Culture
ഇനി ആ ബിസ്കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു
മുംബൈയിലെ വിലെ പാര്‍ലെയില്‍ പതിറ്റാണ്ടുകളായി ബിസ്കറ്റ് ഗന്ധം പരത്തിയിരുന്ന പാര്‍ലെ പ്രൊഡക്ട്സിന്റെ ആദ്യ ഫാക്ടറി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു.
മുംബൈ: ഓരോ ഇന്ത്യക്കാരന്റെയും ചായക്കപ്പിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു പാര്‍ലെ-ജി. ഈ ബിസ്കറ്റിന്റെ ജന്മസ്ഥലം ഇനി ചരിത്രത്തിന്റെ ഭാഗം. മുംബൈയിലെ വിലെ പാര്‍ലെയില്‍ പതിറ്റാണ്ടുകളായി ബിസ്കറ്റ് ഗന്ധം പരത്തിയിരുന്ന പാര്‍ലെ പ്രൊഡക്ട്സിന്റെ ആദ്യ ഫാക്ടറി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. 5.44 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ ഫാക്ടറി സമുച്ചയം മാറ്റി വലിയൊരു വാണിജ്യ കേന്ദ്രം പണിയാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.
പഴമയുടെ സുഗന്ധം മായുന്നു
1929-ല്‍ സ്ഥാപിതമായ പാര്‍ലെ-ജി ഫാക്ടറി കേവലം ഒരു കെട്ടിടം എന്നതിലുപരി മുംബൈ നഗരത്തിന്റെ ഒരു അടയാളം കൂടിയായിരുന്നു. വിലെ പാര്‍ലെ സ്റ്റേഷന് സമീപത്തുകൂടി ട്രെയിനില്‍ പോകുന്ന യാത്രക്കാര്‍ക്ക് ബിസ്കറ്റ് ഗന്ധം അനുഭവപ്പെടുമ്പോള്‍ സ്റ്റേഷന് എത്താറായെന്ന് മനസ്സിലാക്കാമായിരുന്നെന്ന് സാരം.
സ്വാതന്ത്യത്തിന് മുന്‍പ് ബ്രിട്ടീഷ് ബിസ്കറ്റുകളോട് മത്സരിക്കാനാണ് പാര്‍ലെ ബിസ്കറ്റ് നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ 2016-ല്‍ തന്നെ ഈ ഫാക്ടറിയിലെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരുന്നു. എങ്കിലും ആ കെട്ടിടം അവിടുത്തെ പ്രധാന ലാന്‍ഡ്മാര്‍ക്കായി അവശേഷിച്ചു.
അതേസമയം ഫാക്ടറി നിലനിന്നിരുന്ന സ്ഥലത്തെ 31 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ആധുനിക ബിസിനസ് ഹബ്ബ് നിര്‍മ്മിക്കാനുള്ള അനുമതി പാര്‍ലെ ഗ്രൂപ്പിന് ലഭിച്ചുകഴിഞ്ഞു.
ഗൃഹാതുരത്വം ഉണര്‍ത്തി സോഷ്യല്‍ മീഡിയ
ഫാക്ടറി പൊളിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രേക്ഷകര്‍. സ്കൂള്‍ വിട്ടു വരുമ്പോഴുള്ള ബിസ്കറ്റ് മണവും ഫാക്ടറി സന്ദര്‍ശനങ്ങളും വൈകാരികതയോടെയാണ് ഓര്‍ക്കുന്നത്. പാര്‍ലെ-ജി എന്ന ബ്രാന്‍ഡിന്റെ പേര് തന്നെ വിലെ പാര്‍ലെ എന്ന സ്ഥലപ്പേരില്‍ നിന്നാണ് ഉടലെടുത്തത് എന്നാണ് പറയപ്പെടുന്നത്.
മുംബൈയിലെ ഉല്‍പ്പാദനം നിര്‍ത്തിയാലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ഫാക്ടറികളില്‍ പാര്‍ലെ-ജിയുടെ നിര്‍മ്മാണം തുടരും.
kerala
‘റെയ്ഡിന് ഇടയില്‍ സി ജെ റോയിയുടെ കയ്യില്‍ പിസ്റ്റള്‍ എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്’ -രാജു പി നായര്‍
ഒരു റെയ്ഡ് അതിജീവിക്കാന്‍ കഴിയാത്ത ദുര്ബലന് ആയിരുന്നു അദ്ദേഹം എന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.’ എന്നാണ് രാജു പി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. വ്യക്തിപരമായ സംശയമാണ് എന്ന് വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് രാജു പി നായര്‍ പ്രതികരിച്ചിരിക്കുന്നത്. ‘ദുരൂഹമാണ്! എന്റെ സംശയമാണ്..ഒരു റെയ്ഡ് നടക്കുമ്പോള്‍ ആദ്യം തന്നെ ഫോണ്‍ മുതല്‍ എല്ലാം പിടിച്ചെടുക്കും. റെയ്ഡിന് ഇടയില്‍ അദ്ദേഹത്തിന്റെ കയ്യില്‍ പിസ്റ്റള്‍ എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല ഒരു റെയ്ഡ് അതിജീവിക്കാന്‍ കഴിയാത്ത ദുര്ബലന് ആയിരുന്നു അദ്ദേഹം എന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.’ എന്നാണ് രാജു പി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ സഹോദരന് സി ജെ ബാബു ഇന്ന് രാവിലെ രംഗത്തെത്തി. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നുവെന്നും അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദില് നിന്നും സമ്മര്‍ദമുണ്ടായിരുന്നെന്നും സി ജെ ബാബു പറഞ്ഞു.
ആധായവകുപ്പിന്റെ പരിശോധനയ്ക്കിടെ അതേകെട്ടിടത്തില്‍ തന്നെയുള്ള ഓഫീസിലെത്തി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു സി ജെ റോയി.
ഇന്ന് സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്കാരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണിവരെ പൊതുദര്‍ശനം ഉണ്ടാകും.
തൃശൂര്‍ സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്ടെയ്ന്മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ ‘സീറോ ഡെബിറ്റ്’ (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.
news
മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഭാരാമതിയില്‍ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം.
മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഭാരാമതിയില്‍ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവില്‍ രാജ്യസഭാ എംപിയാണ് സുനേത്ര പവാര്‍. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. അതേസമയം, ഇന്ന് ഉച്ചയ്ക്ക് എന്‍സിപി അജിത്ത് പവാര്‍ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ചേരും. എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കളായ ചഗന്‍ ബുജ്ജ്വല്‍ പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്.
kerala
‘ സിജെ റോയ്യുടെ വിയോഗം അവിശ്വസനീയവും അത്യന്തം വേദനാജനകവും’-അനുശോചിച്ച് മോഹന്‍ലാല്‍
അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു. സ്നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും’ മോഹന്‍ലാല്‍ അനുശോചിച്ചു.
ബംഗളൂരുവില്‍ ജീവനൊടുക്കിയ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ്യുടെ മരണത്തില്‍ അനുശോചിച്ച് നടന് മോഹന്‍ലാല്‍.
തന്റെ പ്രിയ സുഹൃത്ത് സി.ജെ റോയ്യുടെ വിയോഗം അവിശ്വസനീയവും അത്യന്തം വേദനാജനകവുമാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം. അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു. സ്നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും’ മോഹന്‍ലാല്‍ അനുശോചിച്ചു.
ഇന്നലെ ബംഗളൂരുവിലെ ഓഫീസിലും കഫെയിലും റെയ്ഡ് നടക്കുന്നതിനിടെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഐടി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം ആദായനികുതി വകുപ്പ് റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
അശോക് നഗറിലെ ഹൊസൂര്‍ റോഡിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ്. റിയല്‍ എസ്റ്റേറ്റ് രംഗത്താണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഗള്‍ഫിലും നിരവധി സംരംഭങ്ങളാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിനുള്ളത്. കേരളത്തിലും ബംഗളൂരുവിലും ഗള്‍ഫിലും കമ്പനിക്ക് നിക്ഷേപമുണ്ട്. സിനിമാ നിര്‍മാണരംഗത്തും റോയ് പ്രവര്‍ത്തിച്ചിരുന്നു. നാല് സിനിമകള്‍ സി.ജെ റോയ് നിര്‍മിച്ചിട്ടുണ്ട്.
അതേസമയം, സിജെ റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരന് സി ജെ ബാബുവിന്റെ കോറമംഗലയിലെ വീട്ടില്‍ വച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ ഒന്‍പത് മണിയോടെ മൃതദേഹം കോറമംഗലയിലെത്തിക്കും. സി ജെ ബാബുവിന്റെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍.
-
india18 hours agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
kerala20 hours agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala19 hours agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala17 hours ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
kerala21 hours ago‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
-
kerala20 hours ago‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’
-
india23 hours agoസിനിമയോ പ്രൊപ്പഗണ്ടയോ? ‘ദ കേരള സ്റ്റോറി’ക്ക് രണ്ടാം ഭാഗം; ടീസർ പുറത്ത്
-
kerala2 days agoകുതിപ്പിനിടെ ചെറിയ ആശ്വാസം; പവന് 800 രൂപ കുറഞ്ഞു
