Sports
സര്‍ഫറാസ് ഖാന്‍ തകര്‍ത്തടിച്ചു; ഗോവക്കെതിരെ മുംബൈയുടെ വമ്പന്‍ സ്‌കോര്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈയെ 75 പന്തില്‍ 157 റണ്‍സ് അടിച്ചെടുത്ത സര്‍ഫറാസ് ഖാന്‍ ആണ് കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്.
ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരായ മത്സരത്തില്‍ 444 റണ്‍സ് അടിച്ചെടുത്ത് മുംബൈ വന്‍ സ്‌കോര്‍ ഉയര്‍ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈയെ 75 പന്തില്‍ 157 റണ്‍സ് അടിച്ചെടുത്ത സര്‍ഫറാസ് ഖാന്‍ ആണ് കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്. മുംബൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല.
31 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 11 റണ്‍സ് നേടിയ ആംഗ്കൃഷ് രഘുവന്‍ഷിയാണ് ആദ്യം മടങ്ങിയത്. തുടര്‍ന്ന് യശസ്വി ജയ്സ്വാളിനൊപ്പം ചേര്‍ന്ന് മുഷീര്‍ ഖാന്‍ മുംബൈ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും 21ാം ഓവറില്‍ 64 പന്തില്‍ 46 റണ്‍സ് നേടിയ ജയ്സ്വാള്‍ പുറത്തായി. അതിനുശേഷം ക്രീസിലെത്തിയ സര്‍ഫറാസ് ഖാന്‍ ആക്രമണം തുടങ്ങി. മുഷീര്‍ ഖാനുമായി ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ട് സര്‍ഫറാസ് ഉയര്‍ത്തി.
31ാം ഓവറില്‍ 60 റണ്‍സ് നേടിയ മുഷീര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 194 റണ്‍സ് ഉണ്ടായിരുന്നു. തുടര്‍ന്ന് സിദ്ധേഷ് ലാഡ് (17), ഷാര്‍ദുല്‍ താക്കൂര്‍ (8 പന്തില്‍ 27) എന്നിവര്‍ ചെറിയെങ്കിലും നിര്‍ണായക സംഭാവനകള്‍ നല്‍കി. 42ാം ഓവറില്‍ സര്‍ഫറാസ് ഖാന്‍ പുറത്തായി. 14 സിക്സും 9 ഫോറും ഉള്‍പ്പെട്ട അദ്ദേഹത്തിന്റെ ഇന്നിംഗ്സ് മുംബൈയുടെ സ്‌കോറിനെ കുതിപ്പിച്ചു.
അവസാന ഘട്ടത്തില്‍ ഹാര്‍ദിക് താമോറെ (53), ഷംസ് മുലാനി (22), തനുഷ് കൊട്ടിയാന്‍ (12 പന്തില്‍ പുറത്താവാതെ 23), തുഷാര്‍ ദേശ്പാണ്ഡെ (3 പന്തില്‍ പുറത്താവാതെ 7) എന്നിവരുടെ സംഭാവനകളാണ് മുംബൈയെ 400 കടത്തിയത്. ഗോവയ്ക്ക് വേണ്ടി ദര്‍ശന്‍ മിസാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലളിത് യാദവ്, കൗശിക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ എട്ട് ഓവര്‍ എറിഞ്ഞ് 78 റണ്‍സ് വിട്ടുകൊടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗോവ, വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ്. ലളിത് യാദവ് (20), അഭിനവ് തേജ്റാന (15) എന്നിവര്‍ ക്രീസിലുണ്ട്.
Sports
ആസ്റ്റണ്‍ വില്ലയെ തരിപ്പണമാക്കി പീരങ്കിപ്പട; യുനൈറ്റഡിനും ചെല്‍സിക്കും സമനില
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 11 ജയങ്ങളുമായി റെക്കോഡിട്ട ആസ്റ്റണ്‍ വില്ലയുടെ വില്ലൊടിച്ച് ആഴ്‌സനല്‍.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 11 ജയങ്ങളുമായി റെക്കോഡിട്ട ആസ്റ്റണ്‍ വില്ലയുടെ വില്ലൊടിച്ച് ആഴ്‌സനല്‍. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന 2025ലെ അവസാന പോരാട്ടത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് വില്ലയെ പീരങ്കിപ്പട തരിപ്പണമാക്കിയത്.
മത്സരത്തില്‍ നന്നായി തുടങ്ങിയ വില്ല പിന്നീടുള്ള കാര്യങ്ങളെല്ലാം കൈവിട്ടു. ലീഗില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ അഞ്ചു പോയന്റ് ലീഡിലാണ് ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്‌സ് പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. മത്സരത്തില്‍ ആദ്യം സുവര്‍ണാവസരം ലഭിച്ചതും വില്ലക്കായിരുന്നു. ഒലീ വാറ്റ്കിന്‍സിന് ലക്ഷ്യം കാണാനായില്ല. പിന്നാലെ ആഴ്‌സനല്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒന്നിലധികം അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്.
പരിക്കില്‍നിന്ന് മോചിതനായി എത്തിയ ബ്രസീല്‍ താരം ഗബ്രിയേല്‍ (48ാം മിനിറ്റില്‍), മാര്‍ട്ടിന്‍ സുബിമെന്‍ഡി (52), ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് (69), പകരക്കാരന്‍ ഗബ്രിയേല്‍ ജീസസ് (78) എന്നിവരാണ് ആഴ്‌സനലിനായി വലുകുലുക്കിയത്. ഇന്‍ജുറി ടൈമില്‍ ഒലീ വാറ്റ്കിന്‍സിന്റെ (90+4) വകയായിരുന്നു വില്ലയുടെ ആശ്വാസ ഗോള്‍. രണ്ടാം പകുതി തുടങ്ങിയതും ആഴ്‌സനല്‍ ഗബ്രിയേലിലൂടെ ലീഡെടുത്തു. കോര്‍ണറില്‍നിന്നുള്ള പന്ത് താരത്തിന്റെ തലയില്‍ തട്ടി വലയില്‍. ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി വില്ല താരങ്ങള്‍ റഫറിയോട് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
നാലു മിനിറ്റിനുള്ളില്‍ നായകന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് നല്‍കിയ ഒരു മനോഹര പാസ്സിലൂടെ സുബിമെന്‍ഡി ലീഡ് ഇരട്ടിയാക്കി. ഡച്ച് താരം ടിംബറിന്റെ അസിസ്റ്റില്‍നിന്ന് ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ടീമിന്റെ മൂന്നാം ഗോള്‍ നേടി. പിന്നാലെ പകരക്കാരനായി കളത്തിലെത്തിയ ജീസസ് നാലാം ഗോളും നേടി ടീമിന്റെ വിജയം ഉറപ്പിച്ചു. ക്ലോസ് റേഞ്ചില്‍നിന്നാണ് വാറ്റ്കിന്‍സ് വില്ലയുടെ ആശ്വാസ ഗോള്‍ നേടിയത്. കരുത്തരായ ചെല്‍സിയെ ബേണ്‍മൗത്താണ് സമനിലയില്‍ തളച്ചത്. ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി പിരിയുകയായിരുന്നു. കോള്‍ പാമര്‍ (15, പെനാല്‍റ്റി) എന്‍സോ ഫെര്‍ണാണ്ടസ് (23) എന്നിവര്‍ നീലപ്പടക്കായും ബ്രൂക്‌സ് (ആറ്), ക്ലൂയിവര്‍ട്ട് (27) എന്നിവര്‍ ബേണ്‍മൗത്തിനായും ലക്ഷ്യം കണ്ടു. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും സമനില കൊണ്ട് വര്‍ഷം അവസാനിപ്പിക്കേണ്ടി വന്നു.
News
ഇന്ത്യ 176 റൺസ് ലക്ഷ്യം വെച്ചു; ഹർമൻപ്രീതിന്റെ അർധസെഞ്ച്വറിയിൽ കരുത്തോടെ വനിതകൾ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
തിരുവനന്തപുരം: വനിത ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 176 റൺസ് വിജയലക്ഷ്യം നിശ്ചയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 43 പന്തിൽ ഒരു സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടെ 68 റൺസെടുത്താണ് അവർ പുറത്തായത്. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങും നിർണായകമായി; 11 പന്തിൽ 27 റൺസെടുത്ത് താരം പുറത്താകാതെ നിന്നു.
ട്വന്റി20 അരങ്ങേറ്റം കുറിച്ച 17കാരി കമലിനി 12 പന്തിൽ 12 റൺസെടുത്തു. ഷെഫാലി വർമ്മ (6 പന്തിൽ 5), ഹർലീൻ ഡിയോൾ (11 പന്തിൽ 13), റിച്ച ഘോഷ് (6 പന്തിൽ 5), ദീപ്തി ശർമ (8 പന്തിൽ 7), അമൻജോത് കൗർ (18 പന്തിൽ 21) എന്നിവർ പുറത്തായി. സ്നേഹ് റാണ 6 പന്തിൽ 8 റൺസുമായി നോട്ടൗട്ടായി.
ശ്രീലങ്കയ്ക്കായി കവിഷ ദിൽഹരി, രഷ്മിക സെവ്വന്ദി, ചമരി അത്തപത്തു എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സൂപ്പർ ബാറ്റർ സ്മൃതി മന്ദാനക്കും രേണുക സിംഗ് ഠാക്കൂറിനും ഇന്ത്യ വിശ്രമം നൽകി.
നാലു മത്സരങ്ങളും ജയിച്ച് 4–0ന് പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ ക്ലീൻസ്വീപ്പ് ലക്ഷ്യത്തോടെയാണ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്. തുടർച്ചയായ തോൽവികളിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് മത്സരം അഭിമാന പോരാട്ടമായി.
News
പരിക്ക് ഭേദമാകാതെ ശ്രേയസ് അയ്യര്‍; കീവീസിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കില്ല
സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ഫീല്‍ഡിങ്ങിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ്, ന്യൂസിലന്‍ഡിനെതിരായ ജനുവരിയിലെ ഏകദിന പരമ്പരയില്‍ നിന്ന് പുറത്താകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മുംബൈ: ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യറുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകുന്നു. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ഫീല്‍ഡിങ്ങിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ്, ന്യൂസിലന്‍ഡിനെതിരായ ജനുവരിയിലെ ഏകദിന പരമ്പരയില്‍ നിന്ന് പുറത്താകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന താരത്തിന്റെ ശരീരഭാരം ഏകദേശം ആറു കിലോയോളം കുറഞ്ഞിരുന്നു. പരിക്കില്‍ നിന്ന് മോചിതനായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചെങ്കിലും പൂര്‍ണമായ കായികക്ഷമത ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 30 കാരനായ ശ്രേയസ് ശരീരഭാരം ഭാഗികമായി തിരിച്ചുപിടിച്ചെങ്കിലും മത്സരത്തിനുള്ള ക്ലിയറന്‍സ് ലഭിക്കാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മെഡിക്കല്‍ സംഘത്തിന്റെ അനുമതി താരത്തിന് ലഭിച്ചില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കേണ്ടതുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജനുവരി ഒമ്പതിനാകും ബിസിസിഐയുടെ അന്തിമ അനുമതി ലഭിക്കുക എന്നാണ് വിവരം. ഇത് കീവീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിന് വെറും രണ്ടു ദിവസം മുമ്പാണ്.
ജനുവരി 11, 14, 18 തീയതികളിലാണ് ഇന്ത്യ–ന്യൂസിലന്‍ഡ് ഏകദിന മത്സരങ്ങള്‍. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ജനുവരി മൂന്നോ നാലോ പ്രഖ്യാപിച്ചേക്കും. ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലും ശ്രേയസ് അയ്യര്‍ ഇടം നേടിയിട്ടില്ല. ഇതോടെ വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് ഘട്ടത്തിലൂടെയാകും താരം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എന്നതാണ് സാധ്യത.
ശ്രേയസ് അയ്യറുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ഋതുരാജ് ഗെയ്ക്വാദാകും കളിക്കുക. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഋതുരാജ് സെഞ്ച്വറി നേടിയിരുന്നു.
ഏകദിന പരമ്പരയ്ക്ക് പിന്നാലെ കീവീസിനെതിരെ അഞ്ച് ട്വന്റി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ട്വന്റി20 ലോകകപ്പിനുള്ള ടീമിനെയാണ് ഈ പരമ്പരയ്ക്കും നിലനിര്‍ത്തുന്നത്.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, റിങ്കു സിങ്.
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
india20 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala20 hours agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
