Sports
‘ഗസ്സയിലെ അവശിഷ്ടങ്ങളില്‍ രക്ഷിതാക്കളെ തിരയുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്’ – പെപ് ഗ്വാര്‍ഡിയോള
ബാഴ്സലോണയില്‍ ഫലസ്തീന്‍ ചാരിറ്റി സംഘടനയുടെ സംഗീതപരിപാടിയിലാണ് ഗ്വാര്‍ഡിയോള ഐക്യദാര്‍ഢ്യ നിലപാട് ആവര്‍ത്തിച്ചത്.
ബാഴ്സലോണ: ഗസ്സയില്‍ നരകയാതന അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി വീണ്ടും ശബ്ദമുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ലബ് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ട രക്ഷിതാക്കളെ തിരയുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന് അദ്ദേഹം പറഞ്ഞു. ബാഴ്സലോണയില്‍ ഫലസ്തീന്‍ ചാരിറ്റി സംഘടനയുടെ സംഗീതപരിപാടിയിലാണ് ഗ്വാര്‍ഡിയോള ഐക്യദാര്‍ഢ്യ നിലപാട് ആവര്‍ത്തിച്ചത്.
കറുപ്പും വെളുപ്പും നിറത്തിലുള്ള ഫലസ്തീന്‍ കഫിയ്യ ധരിച്ചാണ് ഗ്വാര്‍ഡിയോള പരിപാടിയില്‍ പങ്കെടുത്തത്. ‘രണ്ടുവര്‍ഷമായി ഒരു കുഞ്ഞ് ‘എന്റെ അമ്മ എവിടെ’ എന്ന് ചോദിച്ച് കെട്ടിടാവശിഷ്ടങ്ങളില്‍ തിരയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ടിവിയിലും കാണുമ്പോള്‍ നമ്മള്‍ എന്താണ് ചിന്തിക്കുന്നത്. ആ കുഞ്ഞിന് ഇപ്പോഴും അറിയില്ല അമ്മ എവിടെയെന്ന്. അവര്‍ എന്താകും ചിന്തിക്കുകയെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. നമ്മള്‍ അവരെ ഒറ്റയ്ക്കാക്കിയിരിക്കുകയാണ്. ഉപേക്ഷിച്ചിരിക്കുകയാണ്. ശക്തരെന്ന് വിളിക്കുന്നവര്‍ ഭീരുക്കളാണ്. കാരണം നിരപരാധികളായ ജനങ്ങളെ കൊല്ലാന്‍ നിരപരാധികളായ ജനങ്ങളെ അയക്കുന്നവരാണവര്‍. അവര്‍ വീട്ടില്‍ ഇരുന്ന് തണുപ്പില്‍ ചൂടേല്‍ക്കുകയും ചൂടില്‍ എസിയില്‍ ഇരിക്കുകയും ചെയ്യുന്നു. ഇതെല്ലാം മനുഷ്യാവകാശത്തെ കുറിച്ചാണ്. ഫലസ്തീനില്‍ സംഭവിക്കാത്തതും അതാണ്’ -മൂന്ന് മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ഗ്വാര്‍ഡിയോള പറഞ്ഞു.
നേരത്തെയും പലവട്ടം ഗ്വാര്‍ഡിയോള ഗസ്സക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ബിരുദം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.’ഗസ്സയില്‍ നമ്മള്‍ കാണുന്ന കാഴ്ചകള്‍ അങ്ങേയറ്റം വേദന നിറഞ്ഞതാണ്. അത് എന്നെയാകെ വേദനിപ്പിക്കുന്നുണ്ട്. നാലുവയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ ബോംബിനാല്‍ കൊല്ലപ്പെടുന്നത് നമ്മള്‍ കാണുകയാണ്. ഒരു കാര്യം ശ്രദ്ധിക്കണം. അടുത്തത് നമ്മളായിരിക്കാം. അടുത്തതായി കൊല്ലപ്പെടുന്ന നാലോ അഞ്ചോ വയസ്സുള്ള കുഞ്ഞുങ്ങള്‍ നമ്മുടേതായിരിക്കാം. ഗസ്സയിലെ ഈ ദുസ്വപ്നം ആരംഭിച്ചതു മുതല്‍ എല്ലാദിവസവും രാവിലെ ഞാന്‍ എന്റെ കുഞ്ഞുങ്ങളായ മരിയയെയും മാരിയസിനെയും വലന്റീനയെയും കാണുകയാണ്. ഞാന്‍ അങ്ങേയറ്റം ഭയപ്പെടുകയാണ്’ -അന്ന് ഗ്വാര്‍ഡിയോള പറഞ്ഞിരുന്നു.
Sports
നാല് ഇന്നിങ്സില്‍ 40 റണ്‍സ് മാത്രം; ഫോം തിരിച്ചുപിടിക്കാനാകാതെ സഞ്ജു
ഒരു തവണ പോലും 25 റണ്‍സ് കടക്കാന്‍ സാധിച്ചില്ല.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്ലിനെ തഴഞ്ഞ് മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനത്തിന് ശേഷം ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനം ആ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. നാല് ഇന്നിങ്സുകളില്‍ നിന്ന് 40 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്, ഒരു തവണ പോലും 25 റണ്‍സ് കടക്കാന്‍ സാധിച്ചില്ല.
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫോം കണ്ടെത്താനാകാത്തത് സഞ്ജുവിന് വലിയ തിരിച്ചടിയാണ്. അവസാന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും ബെഞ്ചിലിരിക്കേണ്ടി വരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഇഷാന്‍ കിഷന്‍ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിച്ചതും സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നത്തിന് വെല്ലുവിളിയാകുന്നു.
കഴിഞ്ഞ 15 അന്താരാഷ്ട്ര ടി20 ഇന്നിങ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. പവര്‍ ഓവറുകളില്‍ നേരത്തെ പുറത്താകുന്നത് ഇന്ത്യയുടെ സ്‌കോറിംഗ് വേഗതയെ ബാധിക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ മുന്‍നിര തകര്‍ന്നതോടെ ഇന്ത്യ 50 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ഔട്ടായി.
സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്ററിക്കിടെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് സഞ്ജുവിന് ഉപദേശവുമായി രംഗത്തെത്തി. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാതെ, പക്വതയോടെ ബാറ്റ് ചെയ്ത് പിന്നീട് സ്‌കോറിങ് വേഗത കൂട്ടണമെന്നായിരുന്നു നിര്‍ദേശം. അതേസമയം, നാലാം ടി20യില്‍ സഞ്ജു പുറത്തായ രീതി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഫൂട്ട്വര്‍ക്കില്ലാതെയും പന്തിന്റെ ചലനം പോലും വിലയിരുത്താതെയുമാണ് സഞ്ജു പുറത്തായതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും ആറു സെഞ്ച്വറികളും 51 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുള്ള സഞ്ജുവിന്റെ മികവ് അന്താരാഷ്ട്ര തലത്തില്‍ സ്ഥിരതയോടെ പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന വിമര്‍ശനം. സഞ്ജുവിന് പകരം ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗായ്ക്വാദ് തുടങ്ങിയവര്‍ അവസരം കാത്തിരിക്കുകയാണ്.
മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തില്‍, ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാണ്. പരിക്ക് മാറി തിലക് വര്‍മ്മ തിരിച്ചെത്തിയാല്‍ ഇഷാനെ ഓപ്പണറാക്കി സഞ്ജുവിനെ പുറത്തിരുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തിരുവനന്തപുരത്ത് സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ അവസാന ടി20യാണ് സഞ്ജുവിന് മുന്നിലുള്ള നിര്‍ണായക പരീക്ഷ. ലോകകപ്പിന് മുമ്പ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അവിടെ മികച്ച പ്രകടനം അനിവാര്യമാണ്. ശിവം ദുബെ, റിങ്കു സിങ്, അഭിഷേക് ശര്‍മ തുടങ്ങിയവര്‍ ഫോം കണ്ടെത്തിയ പരമ്പരയില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ശക്തമായ ബാറ്റിങ് നിരയുള്ള ടീം ഇന്ത്യക്കിടയില്‍, സഞ്ജു സാംസണിന്റെ മങ്ങിയ ഫോമാണ് ഇപ്പോള്‍ ഏക ആശങ്കയായി നിലനില്‍ക്കുന്നത്.
News
ചാമ്പ്യന്‍സ് ലീഗ്: ന്യൂകാസിലിനോട് സമനില, പിഎസ്ജിക്ക് നേരിട്ടുള്ള പ്രീക്വാര്‍ട്ടര്‍ യോഗ്യത നഷ്ടം
പിഎസ്ജിക്കായി വിറ്റീഞ്ഞയാണ് വല കുലുക്കിയത്. ന്യൂകാസിലിന് വേണ്ടി ജോ വില്ലോക്കും ഗോളടിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസിലിനെതിരെ സമനിലയില്‍ പിരിഞ്ഞ് പാരിസ് സെന്റ് ജര്‍മന്‍. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി മത്സരം 1–1ന് അവസാനിച്ചു. പിഎസ്ജിക്കായി വിറ്റീഞ്ഞയാണ് വല കുലുക്കിയത്. ന്യൂകാസിലിന് വേണ്ടി ജോ വില്ലോക്കും ഗോളടിച്ചു.
ഈ സമനിലയോടെ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് നേരിട്ട് അവസാന 16ലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. മത്സരത്തിന് ശേഷം ഇരുടീമുകളും 14 പോയിന്റുകള്‍ വീതം നേടി പട്ടികയില്‍ 11-ഉം 12-ഉം സ്ഥാനങ്ങളിലാണ്.
ലീഗില്‍ മുന്നേറ്റം തുടരണമെങ്കില്‍ ഇനി പിഎസ്ജിക്കും ന്യൂകാസിലിനും പ്ലേ ഓഫ് മത്സരം കളിക്കേണ്ടിവരും.
News
ടി20: ന്യൂസിലൻഡിന് 50 റൺസ് ജയം, ഇന്ത്യയ്ക്ക് പരമ്പരയിൽ തിരിച്ചടി
പരിക്കുമൂലം ഇഷാൻ കിഷൻ ടീമിൽ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.
വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 50 റൺസ് തോൽവി. കിവീസ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടായി. പരിക്കുമൂലം ഇഷാൻ കിഷൻ ടീമിൽ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് മത്സരത്തിലെ താരമായി തിളങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വിശാഖപട്ടണത്ത് തകർപ്പൻ തുടക്കമാണ് നേടിയത്. ഒമ്പത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് കടന്ന കിവീസ് പിന്നീട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ഓപ്പണർ ടിം സെയ്‌ഫെർട്ടിന്റെ അർധസെഞ്ച്വറിയും പുറത്താകാതെ 39 റൺസ് നേടിയ ഡാരിൽ മിച്ചലിന്റെയും ബാറ്റിങ് മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന മികച്ച സ്കോറിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ പുറത്തായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. സഞ്ജു സാംസണും റിങ്കു സിങ്ങും ചേർന്ന് പോരാട്ടം നടത്തിയെങ്കിലും ഏഴാം ഓവറിൽ 24 റൺസ് നേടിയ സഞ്ജു മിച്ചൽ സാന്റ്നറുടെ പന്തിൽ പുറത്തായി. തുടർന്ന് ഹർദിക് പാണ്ട്യയും റിങ്കു സിങ്ങും മടങ്ങിയതോടെ 11ാം ഓവറിൽ ഇന്ത്യ 85 റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി.
15 പന്തിൽ 52 റൺസ് നേടി അർധസെഞ്ച്വറി പൂർത്തിയാക്കിയ ശിവം ദുബേ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും 15ാം ഓവറിൽ റൺഔട്ടായി. തുടർന്ന് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു.
പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി 31ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക.
-
Culture3 days agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
entertainment3 days agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala3 days agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
News16 hours agoവെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്
-
kerala3 days agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film3 days agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
kerala20 hours agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
-
kerala19 hours agoകുതിപ്പിനിടെ ചെറിയ ആശ്വാസം; പവന് 800 രൂപ കുറഞ്ഞു
