kerala

കോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!

By Lubna Sherin K P

January 27, 2026

കോഴിക്കോട്: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോഴിക്കോട് ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറി. സിപിഎം പ്രാദേശിക നേതൃത്വം വോട്ട് മറിച്ച് തങ്ങളെ തോല്‍പ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ആര്‍ജെഡി രംഗത്തെത്തി. എല്‍ഡിഎഫ് വിടണമെന്ന കടുത്ത നിലപാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി മത്സരിച്ച അഞ്ച് സീറ്റുകളില്‍ നാലിലും പരാജയപ്പെട്ടത് സിപിഎമ്മിന്റെ ബോധപൂര്‍വമായ ഇടപെടല്‍ മൂലമാണെന്ന് ആര്‍ജെഡി ആരോപിച്ചു. സിപിഎം പ്രാദേശിക നേതാക്കള്‍ വീടുകള്‍ കയറി ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രചാരണം നടത്തിയെന്നും വോട്ടുകള്‍ മറിച്ചുവെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ ആക്ഷേപം.

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരായ അഞ്ച് സിപിഎം നേതാക്കള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി. ഈ അവഗണനയില്‍ പ്രതിഷേധിച്ചു എല്‍ഡിഎഫിന്റെ ‘വികസന മുന്നേറ്റ ജാഥ’യുമായി സഹകരിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

അതേസമയം മുന്നണി വിടാനുള്ള തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചില്ലെങ്കില്‍ കോഴിക്കോട് കോര്‍പറേഷനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ആര്‍ജെഡി ജില്ലാ കമ്മിറ്റിയുടെ നീക്കം.