News
കാര്യവട്ടത്ത് അവസാന അവസരം; സഞ്ജുവിന് നിര്‍ണായക പരീക്ഷണം
ന്യൂസിലൻഡിനെതിരായ പരമ്പരയെടുത്താല്‍ ക്രീസിലേക്ക് ഇറങ്ങിയും ബാക്ക് ഫൂട്ടിലും കൂടുതലായി കളിക്കാൻ ശ്രമിക്കുന്ന സഞ്ജുവിനെ കാണാം.
തിരുവനന്തപുരം: ഇന്ത്യന്‍ ട്വന്റി 20 ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ മലയാളി താരം സഞ്ജു സാംസന് നിര്‍ണായക മത്സരമാണ് മുന്നിലുള്ളത്. ലോകകപ്പ് ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും, ഓരോ ഇന്നിങ്സും കടുത്ത വിലയിരുത്തലുകള്‍ക്ക് വിധേയമാകുന്ന അവസ്ഥയിലാണ് താരം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയില്‍ ചില സാങ്കേതിക ദൗര്‍ബല്യങ്ങള്‍ വ്യക്തമായതായി ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രീസിലേക്ക് ഇറങ്ങി ബാക്ക് ഫൂട്ടില്‍ നിന്ന് കൂടുതല്‍ കളിക്കാന്‍ ശ്രമിക്കുന്ന സമീപനമാണ് സഞ്ജു സ്വീകരിക്കുന്നത്. ഇത് ഷോര്‍ട്ട്, ഗുഡ് ലെങ്ത് പന്തുകള്‍ ജഡ്ജ് ചെയ്യാന്‍ സഹായിക്കുമെങ്കിലും, എക്സിക്യൂഷന്റെ അഭാവം വലിയ പ്രശ്നമായി മാറുന്നു.
ഗുവാഹത്തിയില്‍ മാറ്റ് ഹെന്റിയുടെയും വിശാഖപട്ടണത്ത് മിച്ചല്‍ സാന്ററിന്റെയും ഗുഡ് ലെങ്ത് പന്തുകളില്‍ ഒരേ രീതിയില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു സഞ്ജു. മൂന്ന് സ്റ്റമ്പും തുറന്നുകിട്ടുന്ന നിലപാട് ബൗളര്‍മാര്‍ പൂര്‍ണമായി ഉപയോഗിച്ചെന്നാണ് വിലയിരുത്തല്‍. സഞ്ജുവിന്റെ വിക്കറ്റിന് പിന്നാലെ, ‘there was no footwork at all’ എന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കറുടെ വിമര്‍ശനം.
ഇംഗ്ലണ്ടിനെതിരായ 2025 ജനുവരി ട്വന്റി 20 പരമ്പരയില്‍ അഞ്ചു മത്സരങ്ങളിലും ഷോര്‍ട്ട് ബോള്‍ അല്ലെങ്കില്‍ ഹാര്‍ഡ് ലെങ്ത് പന്തുകളിലാണ് സഞ്ജു പുറത്തായത്. ജോഫ്ര ആര്‍ച്ചര്‍, സാഖിബ് മഹമ്മൂദ്, മാര്‍ക്ക് വുഡ് തുടങ്ങിയ ബൗളര്‍മാര്‍ ഈ ദൗര്‍ബല്യം ഫലപ്രദമായി ഉപയോഗിച്ചു. ഇതേ തന്ത്രം ആഭ്യന്തര ക്രിക്കറ്റിലും ബൗളര്‍മാര്‍ ആവര്‍ത്തിക്കുന്നതായും കാണാം.
സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ തുടരുന്ന സാഹചര്യത്തിലാണ് സഞ്ജുവിന്റെ അവസ്ഥ കൂടുതല്‍ സമ്മര്‍ദത്തിലാകുന്നത്. മറ്റ് താരങ്ങള്‍ക്കും ഫോം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, സഞ്ജുവിന്റെ ഓരോ ഇന്നിങ്സും സംഭാവനയായി അല്ല, ഒരു ട്രയലായി വിലയിരുത്തപ്പെടുന്ന സാഹചര്യമാണുള്ളത്.
ഇപ്പോള്‍, തിരുവനന്തപുരമാണ് ലോകകപ്പിന് മുമ്പുള്ള അവസാന അവസരം. സ്വന്തം മണ്ണില്‍ ഒരു നിര്‍ണായക ഇന്നിങ്സ് എല്ലാം മാറ്റിമറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ട്വന്റി 20 ക്രിക്കറ്റ് അണ്‍പ്രെഡിക്റ്റബിളാണെന്നതിനാല്‍, ഒരൊറ്റ ബിഗ് ഇന്നിങ്സ് സഞ്ജുവിന്റെ കഥ തന്നെ മാറ്റിയെഴുതാന്‍ മതിയാകുമെന്നാണ് വിലയിരുത്തല്‍.
kerala
ശശി തരൂര്‍ കോണ്‍ഗ്രസിന്റെ അഭിമാനം, നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന്റെ മുഖമായിരിക്കും’ -വി.ഡി സതീശന്
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമാകുകയാണ് ശശി തരൂര്‍.
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അഭിമാനമാണ് ശശി തരൂരെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന്റെ മുഖമായിരിക്കും അദ്ദേഹമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും ശശി തരൂര്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമാകുകയാണ് ശശി തരൂര്‍. കെപിസിസിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പങ്കെടുക്കാന്‍ തരൂര്‍ എത്തി. എ.കെ ആന്റണിയടക്കമുള്ള നേതാക്കള്‍ തരൂരിനെ സ്വീകരിച്ചു. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്, സണ്ണി ജോസഫ്, അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
News
മാളിക്കടവ് കൊലപാതകം: വൈശാഖനുമായി പൊലീസ് തെളിവെടുപ്പ്; കുറ്റബോധമുണ്ടെന്ന് പ്രതി
കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പൊലീസ്
കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലെ വൈശാഖന്റെ സ്ഥാപനത്തിലാണ് പ്രധാനമായും തെളിവെടുപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് യുവതിക്കായി ജ്യൂസ് വാങ്ങിയ കടയിലും ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖന് പൊലീസിനോട് സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. കൃത്യം നടത്തിയ കാര്യം ഭാര്യയ്ക്കറിയാമെന്നും പ്രതി മൊഴി നല്കി. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇതിന് പുറമെ, പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം മറ്റൊരു എഫ്ഐആറും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനാറാം വയസുമുതല്‍ തന്നെ പ്രതി പീഡിപ്പിച്ചിരുന്നുവെന്ന് യുവതി തന്റെ ഡയറിയില്‍ കുറിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്, ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തില്‍ വെച്ച് വൈശാഖന് കൊലപ്പെടുത്തിയത്. കേസിന്റെ അന്വേഷണം എലത്തൂര്‍ പൊലീസ് തുടരുകയാണ്.
kerala
മോഹന വാഗ്ദാനങ്ങളുടെ ബജറ്റ് ചൂണ്ട
പണമാണ്, പണമാണ്, പണമാണ് പ്രശ്നം. സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് മിണ്ടാത്ത ബജറ്റ്
അനസ്.കെ
തിരുവനന്തപുരം
എല്ലാ മേഖകളിലും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ അവസാന പിടിവള്ളിയാക്കിയത് മോഹന വാഗ്ദാനങ്ങളുടെ ബജറ്റ് ചൂണ്ട. നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതും വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് സംസ്ഥാനത്തെ തള്ളിവിടുന്നതുമായ പ്രഖ്യാപനങ്ങളുടെ പെരുമഴയാല്‍ ‘സമ്പന്ന’മായിരുന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ മൂന്ന് മണിക്കൂറോളം നീണ്ട ബജറ്റ്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ലക്ഷ്യമിട്ട് ക്ഷേമപെന്ഷന് വര്‍ധിപ്പിച്ചുവെങ്കിലും ആ ചൂണ്ടയില്‍ കേരളം കൊത്തിയില്ല. അതുകൊണ്ടുതന്നെ അതിനെക്കാള്‍ വലിയ ഇരയാണ് ബജറ്റിലൂടെ ധനമന്ത്രി പരീക്ഷിക്കുന്നത്. ഒറ്റനോട്ടത്തില്‍ എല്ലാ മേഖകളെയും പരിഗണിച്ചുവെന്ന് തോന്നിപ്പിക്കുമെങ്കിലും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വകയില്ലാത്ത, ചികിത്സാ ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലാത്ത സര്‍ക്കാരാണ് വമ്പര്‍ പ്രഖ്യാനപങ്ങളിലൂടെ വോട്ട് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ കബളിപ്പിക്കാനുള്ള രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ധനമന്ത്രിയുടെ ‘ക്ഷേമ’ബജറ്റിലുള്ളത്.
പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ സാമ്പത്തിക രംഗം. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ‘പ്ലാന്‍ ബി’ എന്ന ആശയം കൊണ്ടുവന്ന് വരുമാന വര്‍ധനവിന് മാര്‍ഗം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി പിന്നീട് അതെക്കുറിച്ച് മിണ്ടിയിട്ടില്ല. ഇപ്പോഴാകട്ടെ ന്യൂ നോര്‍മല്‍ എന്ന വാക്കാണ് മന്ത്രി ബജറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. തോന്നിയതു പോലെ പ്രഖ്യാപനം നടത്തി അത് നടപ്പാക്കാതിരിക്കുന്നതാണ് ധനമന്ത്രിയുടെ ന്യൂ നോര്‍മല്‍. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുക എന്നതു മാത്രമാണ് ന്യൂ നോര്‍മല്‍ എന്ന ആക്ഷേപം ഇതിനകം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു.
വരാന്‍ പോകുന്ന സര്‍ക്കാരിന്റെ തലയില്‍ മുഴുവന്‍ ബാധ്യതയും അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണ് കൗശലപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്. ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും പരിഹസിച്ചവരാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവരുടെ ഓണറേറിയം 1000 രൂപകൂട്ടിയെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വിഷയം നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടു വന്നപ്പോള്‍ ഒരു രൂപ പോലും കൂട്ടിക്കൊടുക്കില്ലെന്ന് പറഞ്ഞ സര്‍ക്കാരാണിത്. വര്‍ധന പ്രബല്യത്തില്‍ വരുമ്പോഴേക്കും അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തും. ഇടഞ്ഞു നില്ക്കുന്ന സര്‍വീസ് സംഘനടകളെ വരുതിയിലാക്കാനും ബജറ്റില്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ശമ്പള കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കേണ്ട സമയം കഴിഞ്ഞപ്പോഴാണ് അധികാരത്തില്‍ നിന്നും പോകുന്ന പോക്കില്‍ ശമ്പള കമ്മിഷന് പ്രഖ്യാപിക്കുന്നത്. ശമ്പള കമ്മിഷന് ശിപാര്‍ശകള്‍ നടപ്പാക്കേണ്ട ഉത്തരവാദിത്തം അടുത്ത സര്‍ക്കാരിനാണ്. ജീവനക്കാര്‍ക്കും അധ്യാപര്‍ക്കും വിരമിച്ചവര്‍ക്കുമുള്ള ഒരു ലക്ഷം കോടി കുടിശിക നല്‍കാതെയാണ് ഇടത് സര്‍ക്കാര്‍ പുറത്തേക്ക് പോകുന്നത്. അതും അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് ബുദ്ധിപൂര്‍വം കെട്ടിവച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.
പണമാണ്, പണമാണ്, പണമാണ് പ്രശ്നം
സാമ്പത്തിക സ്രോതസ്സിനെ കുറിച്ച്
മിണ്ടാത്ത ബജറ്റ്
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യത ചുമക്കുന്ന സംസ്ഥാനത്ത് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വരാനിരിക്കുന്ന സര്‍ക്കാരിനുള്ള കെണി. ‘മതമല്ല, മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം’ എന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞതെങ്കിലും യഥാര്‍ത്ഥത്തില്‍ പണമാണ്, പണമാണ്, പണമാണ് പ്രശ്നം. സാധാരണ ബജറ്റുകളില്‍ വിഭവസമാഹരണത്തിന് മാര്‍ഗം നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഈ ബജറ്റില്‍ ധനമന്ത്രി പറയുന്നത് നികുതി, നികുതിയേതര വരുമാനത്തില്‍ വര്‍ധനയുണ്ടെന്നും കടവും ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞെന്നുമാണ്. എന്നാല്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാനുള്ള സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു.
അതേസമയം പത്തുവര്‍ഷത്തെ പിണറായി ഭരണത്തില്‍ അസ്വസ്ഥരായിരുന്ന വിവിധ മേഖലകളെ അവസാന ബജറ്റില്‍ സര്‍ക്കാര്‍ കാര്യമായിത്തന്നെ ‘പരിഗണിച്ചു’. എന്നാല്‍ ഈ പ്രഖ്യാപനങ്ങളുടെ ഭാവി ചോദ്യചിഹ്നമായി മാറുകയാണ്. സര്‍ക്കാരിനെതിരെ സമരം ചെയ്ത ജീവനക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍, ഒടുവില്‍ അവര്‍ക്കായി ശമ്പള പരിഷ്കരണ കമ്മീഷന് പ്രഖ്യാപിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ട് വരുമ്പോഴേക്കും മെയ് മാസമായേക്കും. അപ്പോള്‍ പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കും.
ബജറ്റില്‍ ശമ്പള പരിഷ്ക്കരണം പ്രഖ്യാപിക്കാത്തതില്‍ ജീവനക്കാര്‍ നിരാശരാണ്. ഉദ്യോഗസ്ഥ സമിതി തയാറാക്കിയ ഫോര്‍മുല ഉപയോഗിച്ച് ശമ്പള വര്‍ധന നടപ്പിലാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇതിന് വിരുദ്ധമായി 12-ാം ശമ്പള പരിഷ്കരണ കമ്മിഷന് രൂപീകരിക്കുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. മൂന്ന് മാസങ്ങള്‍ കൊണ്ട് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ കമ്മിഷനുകള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടിവരും. ഇതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് ശമ്പളം കൂടുമെന്ന പ്രതീക്ഷ നഷ്ടമായെന്നും സംഘടന പ്രതിനിധികള്‍ പറയുന്നു.
കഴിഞ്ഞ തവണ അടിസ്ഥാന ശമ്പളത്തിന്റെ 1.37 മടങ്ങ് അടിസ്ഥാനമാക്കിയാണ് വര്‍ധന നടപ്പിലാക്കിയത്. 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫ്റ്റും ചേര്‍ത്ത് ശമ്പളത്തില്‍ 37 ശതമാനം വര്‍ധനയുണ്ടായി. ഇത്തവണ 31 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ്് ബെനിഫിറ്റും ചേര്‍ന്ന് 41 ശതമാനം വര്‍ധനയാണ് ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. നിലവിലെ അടിസ്ഥാന ശമ്പളത്തെ 1.41 കൊണ്ട് ഗുണിക്കുന്ന തുക പുതിയ അടിസ്ഥാന ശമ്പളമാകുമെന്നായിരുന്നു പ്രതീക്ഷ. ഇതിനുള്ള ശുപാര്‍ശ ഉദ്യോഗസ്ഥ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചതായും വിവരങ്ങളുണ്ടായിരുന്നു.
2024 ജൂലൈയില്‍ നടപ്പിലാക്കേണ്ട ശമ്പള പരിഷ്ക്കാരത്തിന് കമ്മിഷനെ നിയമിക്കാന്‍ തന്നെ സര്‍ക്കാര്‍ ഇത്രയും വൈകി. സര്‍ക്കാര്‍ ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്ന വിഭാഗമാണ് ആശാവര്‍ക്കര്‍മാര്‍. ആശാസമരത്തെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യാന്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളടക്കം രംഗത്തിറങ്ങിയത് കേരളം കണ്ടു. ഒടുവില്‍ ആശമാര്‍ക്ക് 1000 രൂപ വേതനം വര്‍ധിപ്പിച്ചു. സ്കൂള്‍ പാചക തൊഴിലാളികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കിടന്ന് നിരാശരായി മടങ്ങിയിരുന്നു. അവരെയും ഇപ്പോള്‍ പരിഗണിച്ചു. എന്നാല്‍ അടുത്ത സര്‍ക്കാരാണ് ഇതെല്ലാം നടപ്പിലാക്കേണ്ടത്.
ഇല്ലാത്ത പദ്ധതിക്ക് വല്ലാത്ത ഫണ്ട് അതിവേഗ റെയിലിന്
100 കോടി
തിരുവനന്തപുരം: യു.ഡി.എഫിനു മുന്നില്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ക്ക് ഉത്തരംമുട്ടിയത് വന്‍കിട പദ്ധതികളുടെ പേരിലായിരുന്നെങ്കില്‍ കടലാസിലെങ്കിലും അതിനെ മറികടക്കാനുള്ള നീക്കമാണ് ബജറ്റില്‍ പ്രഖ്യാപിച്ച റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം. വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, ഇന്‍ഫോ പാര്‍ക്ക്, ടെക്നോപാര്‍ക്ക് തുടങ്ങി വന്‍കിട പദ്ധതികളെല്ലാം യു.ഡി.എഫിന്റെ സംഭാവനയെന്നിരിക്കെ ഭരണത്തിന്റെ അവസാന നാളുകളില്‍ അതിവേഗ റെയില്‍ പ്രഖ്യാപിച്ച് പടിയിറങ്ങുകയാണ് സര്‍ക്കാര്‍. പദ്ധതിയുമായി ബന്ധപ്പെട്ട് സാധ്യതാപഠനം പോലും നടത്താതെയാണ് ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഏകദേശം 583 കിലോമീറ്ററാണ് പദ്ധതിയുടെ നീളം. മണിക്കൂറില്‍ 160 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഡല്‍ഹി- മീററ്റ് റാപ്പിഡ് റെയില്‍ മാതൃകയിലാണ് കേരളത്തിലും ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വെല്ലുവിളികളും പാരിസ്ഥിതിക പ്രശ്നങ്ങളും ഒഴിവാക്കാന്‍ ഭൂരിഭാഗം ഭാഗങ്ങളിലും തൂണുകളിലൂടെയുള്ള പാതയായിരിക്കും നിര്‍മ്മിക്കുക. ആര്.ആര്.ടി.എസ് സ്റ്റേഷനുകളെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. തിരുവനന്തപുരം- തൃശൂര്‍, തൃശൂര്‍- കോഴിക്കോട്, കോഴിക്കോട്-കണ്ണൂര്‍, കണ്ണൂര്‍- കാസര്‍കോട് എന്നിങ്ങനെ നാല് ഘട്ടങ്ങളിലായിട്ടാകും പദ്ധതി നടപ്പിലാക്കുക.
പദ്ധതിക്ക് അംഗീകാരം തേടിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് കത്തയക്കും. കെ റെയില്‍ പദ്ധതി നേരിട്ട കടുത്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് റാപ്പിഡ് റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പദ്ധതിയുടെ ഡി.പി.ആര് ഈ വര്‍ഷം പകുതിയോടെ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
മധ്യകേരളത്തിലെ ജില്ലകള്‍ക്ക് അവഗണന,ശബരിപാതയെ തഴഞ്ഞു,കൊച്ചിക്ക് നേട്ടമില്ല
കര്‍ഷകര്‍ക്ക് അവഗണന, വന്യജീവി
ആക്രമണം തടയാന്‍ പദ്ധതിയില്ല
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ഭയന്ന് ഭരണത്തുടര്‍ച്ച മാത്രം ലക്ഷ്യമിട്ട് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ എറണാകുളം ഉള്‍പ്പടെയുള്ള മധ്യകേരളത്തിലെ ജില്ലകള്‍ക്ക് അവഗണന. നടപ്പാക്കാനാകാത്ത പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞ ബജറ്റില്‍ അടിസ്ഥാന സൗകര്യവികസനത്തിന് കര്‍മപരിപാടികള്‍ ആവിഷ്കരിക്കാതെ, പ്രാവര്‍ത്തികമാക്കാനാകാത്ത തുരങ്കപാത ഉള്‍പ്പടെയുള്ള പദ്ധതികള്‍ പരിഹാസ്യമായി.
ഏറ്റവും കൂടുതല്‍ വരുമാനം എറണാകുളം ജില്ലയില്‍ നിന്നാണെന്ന് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ച ധനമന്ത്രി അതിന് ആനുപാതികമായ പദ്ധതിയോ തുകയോ ജില്ലക്ക് അനുവദിച്ചില്ല. സംഗീത നാടക അക്കാദമിക്കും ചലച്ചിത്ര അക്കാദമിക്കും തുക വകയിരുത്തിയപ്പോള്‍ അടിസ്ഥാന പ്രശ്നങ്ങളെ സര്‍ക്കാര്‍ പാടെ മറന്നു. അതിവേഗ പാത എന്ന ആശയം മുന്നോട്ടുവെക്കുമ്പോഴും പാതിയില്‍ നിന്ന് പോയ ശബരി റെയിലിനെ ബജറ്റില്‍ അവഗണിച്ചു. യുവജന കര്‍ഷകര്‍ക്കും കുട്ടനാടന്‍ പദ്ധതിക്കും തുക വകയിരുത്തിയില്ല. അതോടൊപ്പം വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായില്ല. വ്യവസായം, ടൂറിസം, മത്സ്യബന്ധന മേഖലക്കും ബജറ്റില്‍ കാര്യമായ പരിഗണനയുണ്ടായില്ല.
സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള സമഗ്ര പദ്ധതിക്ക് ബജറ്റില്‍ ഇടമമുണ്ടായില്ല. കാട്ടാന, കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ ആനമതില്‍, സോളാര്‍ ഫെന്‍സിംഗ്, റെയില്‍ ഫെന്‍സിംഗ് തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ തുടങ്ങുമെന്നും കൂടുതല്‍ വനം വകുപ്പ് ജീവനക്കാരെ നിയമിക്കുമെന്നും അവര്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളും വാഹനങ്ങളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നേരത്തെ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഇതിനൊന്നും ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. പ്രളയത്തിലും ആനകളുടെ ആക്രമണത്തിലും തകര്‍ന്ന ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുന്നതിനും വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നവര്‍ക്കും കൃഷിനാശം സംഭവിക്കുന്നവര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല.
കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയില്‍ കൊച്ചിക്ക് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടിയിരുന്നുവെങ്കിലും അതുണ്ടായില്ല. ഓപ്പറേഷന് ബ്രെക്ക് ത്രൂ പദ്ധതിക്കായി നാമമാത്രമായ തുകയാണ് അനുവദിച്ചിട്ടുള്ളത്. കനാല്‍ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകള്‍ക്കുള്ള തുക അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടാത്ത കനാലുകള്‍ പശ്ചിമകൊച്ചിയിലടക്കം ഇനിയുമുണ്ട്. അവ്ക്കായി തുക അനുവദിക്കുമെന്ന് കരുതിയിയുന്നെങ്കിലും അതുണ്ടായില്ല. നഗരവാസികളുടെ ചിരകാല സ്വപ്നമായ അറ്റ്ലാന്റിസ് ഓവര്‍ ബ്രിഡ്ജ്, വാതുരുത്തി ഓവര്‍ ബ്രിഡ്ജ്, നാല്പതടി റോഡ്, ഗോശ്രീ മാമംഗലം റോഡ് എന്നിവയടക്കമുള്ള പ്രധാന റോഡുകള്‍ക്കു തുക വകയിരുത്തിയിട്ടില്ല. കാലാവസ്ഥ വ്യതിയാനവും വികസന വെല്ലുവിളികളും കണക്കിലെടുത്തുകൊണ്ട് കൊച്ചിക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയത്. കൊച്ചി നഗരത്തിന്റെ വികസന ആവശ്യങ്ങള്‍ക്കോ ഭാവി വികസന സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള വലിയ വികസന പദ്ധതികള്‍ക്കോ തുക അനുവദിച്ചിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതികള്‍ പ്രഖ്യാപിക്കുകയോ തുക അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നല്‍കുമെന്ന് മേയര്‍ വി കെ മിനിമോള്‍ പറഞ്ഞു.
കഴിഞ്ഞ ബജറ്റിനെ കുറിച്ച് ധവളപത്രമിറക്കാന്‍ പ്രതിപക്ഷത്തിന്റെ വെല്ലുവിളി
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിക്കുകയും പിന്നീട് പദ്ധതികള്‍ വിസ്മരിക്കുകയും ചെയ്യുന്ന ഇടത് സര്‍ക്കാരിന്റെ പതിവ് നാടകം പൊളിക്കാന്‍ പ്രതിപക്ഷം. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളുടെ പെര്‍ഫോമന്‍സ് ഓഡിറ്റിങ് തയാറാക്കി ധവളപത്രം ഇറക്കാന്‍ പ്രതിപക്ഷം ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാലിനെ വെല്ലുവിളിച്ചു.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 75 ശതമാനം പദ്ധതികളും നടപ്പാക്കിയിട്ടില്ല. ഇതിന് മുമ്പിലെ ബജറ്റിലെ പ്രഖ്യാപനങ്ങളും കടലാസില്‍ ഒതുങ്ങി. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കാലത്തെ ബജറ്റ് പ്രഖ്യാപനങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടാന്‍ പ്രതിപക്ഷം മുന്നിട്ടിറങ്ങിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ പദ്ധതി പുരോഗതി 38 ശതമാനം മാത്രമാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ പദ്ധതി പുരോഗതിയുണ്ടായ സാമ്പത്തിക വര്‍ഷം കൂടിയാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ വര്‍ഷം മാത്രമാണ് പദ്ധതി അടങ്കല്‍ നാമമാത്രമായി കൂടിയത്. എന്നിട്ടും പദ്ധതി പുരോഗതി 38 ശതമാനം മാത്രമാണ്. പ്ലാനിന്റെ 50 ശതമാനം പോലും നടപ്പാക്കാന്‍ സാധിക്കാത്ത സര്‍ക്കരിന്റെ പ്രഖ്യാപനങ്ങളില്‍ എന്ത് വിശ്വാസതയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ചോദിച്ചു.
കേരളത്തിന്റെ ഭരണചരിത്രത്തില്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ഇത്രയും തകര്‍ത്തൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. അഞ്ച് മാസമായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നിലനില്‍ക്കുകയാണ്. പുതിയ ഉത്തരവ് അനുസരിച്ച് പത്ത് ലക്ഷത്തില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്നും പിന്‍വലിക്കാനാകില്ല. തുടര്‍ച്ചയായി പത്ത് ലക്ഷം പോലും മാറാനാകാത്ത ഖജനാവുമായാണ് ധനകാര്യമന്ത്രി ഗീര്‍വാണ പ്രസംഗം നടത്തിയത്.
മന്ത്രി പറയുന്ന കണക്കും യഥാര്‍ത്ഥ കണക്കും തമ്മില്‍ ഒരു ബന്ധവുമില്ല. കടം 2021 നെ അപേക്ഷിച്ചു കുറഞ്ഞെന്നാണ് മന്ത്രി പറയുന്നത്. കോവിഡ് കാലത്ത് ഗണ്യമായി കുറഞ്ഞ വരുമാനത്തെ ഇന്നത്തേതുമായി താരതമ്യപ്പെടുത്തിയാണ് വരുമാനം വര്‍ധിച്ചെന്ന് മന്ത്രി പറയുന്നത്. 2025-26 ബജറ്റ് എസ്റ്റിമേറ്റിലെ റവന്യു വരവ് 1,52,000 കോടിയായിരുന്നത് ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ 1,37,000 കോടിയാണ്. അതായത് 15000 കോടി എസ്റ്റിമേറ്റിനേക്കാള്‍ കുറവാണ്. ചെലവ് 1,79,000 കോടി പറഞ്ഞിടത്ത് 1,73,000 കോടി. കഴിഞ്ഞ വര്‍ഷത്തെ റവന്യൂ കമ്മി എസ്റ്റിമേറ്റില്‍ 27,000 കോടിയായിരുന്നത് 37,000 കോടിയായി.
റോഡ് അപകടത്തില്‍ പെട്ടാല്‍ ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ
തിരുവനന്തപുരം: ഒന്നു മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ്. റോഡ് അപകടത്തില്‍പ്പെടുന്ന എല്ലാവര്ക്കും ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സയും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ ചികില്‍സാ സൗകര്യം ലഭ്യമാക്കും. 15 കോടി രൂപയാണ് പദ്ധതിക്കായി കേരളം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
വി.എസിന് സ്മാരകം; 20 കോടി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണക്കായി തിരുവനന്തപുരത്ത് വി.എസ്. സെന്റര്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഐതിഹാസികമായ ആ സമരജീവിതം വരുംതലമുറക്ക് പകര്ന്നുനല്കാന് ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്കായി 20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാന്‍ 3കോടി രൂപ വകയിരുത്തി. അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി, കാവാരികുളം കണ്ടന് കുമാരന് പഠന കേന്ദ്രത്തിന് 1.5 കോടി, മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ബജറ്റ് അല്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല അവതരിപ്പിച്ചതെന്നും എന്നാല്‍ ക്ഷേമകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സാധാരണക്കാര്‍ക്ക് അവരുടെ വരുമാനം ഉറപ്പാക്കുന്നതിന് ഇടപെടല്‍ നടത്തേണ്ടതുണ്ട്. ആ തരത്തിലുള്ള ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. ആശ വര്‍ക്കര്‍മാരുടേയും അംഗനവാടി ജീവനക്കാരുടേയുമുള്പെടെയുള്ള അലവന്‍സിലെ പരിഷ്കരണം ചെയ്യുക എന്നത് ഉത്തരവാദിത്തമാണ്. 12 വര്‍ഷമായി കേന്ദ്രം കൊടുത്തുകൊണ്ടിരിക്കുന്ന തുക വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ നമ്മള് കാലോചിതമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഹരിത കര്‍മ സേനയ്ക്കും ഓട്ടോ ടാക്സി തൊഴിലാളികള്‍ക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ. കൂടുതല്‍ ആനുകൂല്യങ്ങളോടെ മെഡിസെപ്പ്. എംസി റോഡ് വികസനത്തിന് കിഫ്ബി വഴി 5317 കോടി, വിഴിഞ്ഞത്തിന് ആയിരം കോടി,കെ റെയിലിന് ബദലായുള്ള ആര്.ആര്.ടി ലൈനിന് 100 കോടി ഇത്തരത്തില്‍ മികച്ച പദ്ധതികളോടുകൂടിയുള്ളതായിരുന്നു ബജറ്റെന്നും മന്ത്രി പറഞ്ഞു.
-
Culture3 days agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
entertainment3 days agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala3 days agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
kerala3 days agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film3 days agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
kerala18 hours agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
-
kerala17 hours agoകുതിപ്പിനിടെ ചെറിയ ആശ്വാസം; പവന് 800 രൂപ കുറഞ്ഞു
-
india3 days agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
