ന്യൂഡല്‍ഹി: അന്തരിച്ച സ്വാമി അഗ്നിവേശിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി സിബിഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര റാവു. കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണെന്നും കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തെന്നും നാഗേശ്വര റാവു ട്വിറ്ററില്‍ കുറിച്ചു.

‘നിങ്ങള്‍ ഒരു കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ്. നിങ്ങള്‍ ഹിന്ദുമതത്തിന് വലിയ നാശനഷ്ടം വരുത്തി. തെലുങ്ക് ബ്രാഹ്മണനായി നിങ്ങള്‍ ജനിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു. കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തുന്നു. ആട്ടിന്‍തോലണിഞ്ഞ ചെന്നായ ‘- എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയ പ്രമുഖര്‍ റാവുവിന്റെ ട്വീറ്റില്‍ പ്രതികരണവുമായി രംഗത്തെത്തി. സ്വാമി അഗ്നിവേശിന്റെ മരണം ആഘോഷിക്കുന്ന ഒരു മുന്‍ സിബിഐ ഡയറക്ടര്‍ ഞെട്ടലുണ്ടാക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. മരിച്ച വ്യക്തിയെ അധിക്ഷേപിക്കുന്നത് ഹിന്ദുത്വ ആകാമെന്നും എന്നാല്‍ ഹിന്ദുയിസം അല്ലെന്നും ഇര്‍ഫാന്‍ ഹബീബ് കുറിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു സാമൂഹ്യപ്രവര്‍ത്തകനും സന്യാസിയുമായ സ്വാമി അഗ്‌നിവേശിന്റെ മരണം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.