Connect with us

Views

‘വര്‍ക്കിംഗ് ഡെയ്‌സില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ശ്രമിക്കണം’;കണ്ണൂര്‍ കൊലപാതകങ്ങളെ വിമര്‍ശിച്ച് നടന്‍ സലീംകുമാര്‍

Published

on

കണ്ണൂര്‍ കൊലപാതകങ്ങളില്‍ വിമര്‍ശനവുമായി നടന്‍ സലീംകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് രാഷ്ട്രീയകൊലപാതകങ്ങളെ വിമര്‍ശിച്ച് സലീംകുമാര്‍ പോസ്റ്റിട്ടിരിക്കുന്നത്. കണ്ണൂരുകാര്‍ സ്‌നേഹമുള്ളവരാണ്. എന്നാല്‍ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍ ഇത് തകര്‍ക്കുന്നുവെന്ന് സലീംകുമാര്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

93 കളില്‍ എറണാകുളം മഹാരാജാസിലെ എന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ചിലവിലേക്കായി സ്റ്റീല്‍ അലമാരകള്‍ വില്‍ക്കുന്ന ഒരു കമ്പനിയുടെ റെപ് ആയി ഒരു വര്‍ഷത്തോളം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്, അലമാരകളുടെ ഓര്‍ഡര്‍ ശേഖരിക്കാനായി കണ്ണൂരിലായിരുന്നു എന്നെ നിയമിച്ചത്. രാവിലെ മുതല്‍ ഓര്‍ഡര്‍ ഫോമും , കാറ്റ്‌ലോഗുമായി കണ്ണൂരിലെ ഓരോ ഗ്രാമത്തിലേയും വീടുകളില്‍ ( കോളേജ് അവധിയുള്ള ശനി , ഞായര്‍ ദിവസങ്ങളില്‍) ഞാന്‍ കയറി ഇറങ്ങുമായിരുന്നു.
ഉച്ച സമയങ്ങളില്‍ ഓര്‍ഡര്‍ എടുക്കാന്‍ ചെന്ന അപരിചിതനായ എന്നോട് ‘ചോറ് ബെയ്ക്കട്ടെ”
( ചോറെടുക്കട്ടെ ) എന്ന് ചോദിക്കുന്ന നിഷ്‌കളങ്കരായ കണ്ണൂര്‍കാരെപോലെ വേറെ ഒരു മനുഷ്യരെ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല.
വിവാഹത്തിന് സ്ത്രീധനം ചോദിക്കാത്ത ആദര്‍ശധീരന്മാരെ കണ്ണൂരിലല്ലാതെ
ഈ സാക്ഷര കേരളത്തില്‍ മറ്റൊരിടത്തും മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല.
ഞാന്‍ എന്റെ സ്വന്തം നാടിനേക്കാള്‍ കണ്ണൂരിലെ ജനങ്ങളെ സ്‌നേഹിക്കുന്നു, കാരണം അത്രയ്ക്ക് നല്ലവരാണവര്‍ , സ്‌നേഹസമ്പന്നരാണവര്‍, നിഷ്‌കളങ്കരാണവര്‍.
പക്ഷേ താന്‍ അന്തമായി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി , അന്യനെ കൊലകത്തിക്കിരയാക്കാന്‍ മടിയില്ലാത്തവരായി മാറുമ്പോള്‍ മുകളില്‍ പറഞ്ഞ ഇവരുടെ എല്ലാ നന്മകളും തകര്‍ന്നടിയുന്നു.

എന്തിനാ കൊന്നതെന്ന് കൊല്ലുന്നവനും
എന്തിനാ ചത്തതെന്ന് ചാവുന്നവനും
അറിയാത്ത നാടായി കണ്ണൂര്‍ മാറുന്നു .
ചാകുന്നവനും കൊല്ലുന്നവനും അഷ്ടിക്കുവകയില്ലാത്തവരാണെന്നതാണ് ഒരു ഞെട്ടിപ്പിക്കുന്ന യഥാര്‍ത്ഥ്യം.
ചത്തവരോ ചത്തു.
കൊന്നവനോ കൊന്നു.

ഇനിയും ചാകാനും കൊല്ലാനും നടക്കുന്ന എന്റെ സഹോദരങ്ങളോട് ഒന്നേ പറയാനുള്ളു .
നിങ്ങളെയൊക്കെ ധീരരക്ത സാക്ഷികളായി കേരള ജനത വാഴ്ത്തും എന്ന് കരുതരുത്. അവര്‍ക്ക് നിങ്ങള്‍ നിനച്ചിരിക്കാതെ കിട്ടുന്ന ഒരു അവധിക്കു വേണ്ടിയുള്ള ബലിമൃഗങ്ങള്‍ മാത്രമാണെന്നറിയുക.

ഇന്നറുത്താല്‍
നാളെ ഹര്‍ത്താല്‍.
ഇതാണല്ലോ കേരളത്തിന്റെ പുതിയ മുദ്രാവാക്യം.
നിങ്ങള്‍ പുതിയ ബോംബുകള്‍ കൊണ്ട് കണ്ണൂരിലെ ഗ്രാമങ്ങള്‍ നിറയ്ക്കുക.
പഴയ കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുക്ക .
കാരണം കണ്ണൂരില്‍ കൊല്ലാനും ചാകാനും അഷ്ടിക്കുവകയില്ലാത്ത ഒരുപാട് ചെറുപ്പക്കാര്‍ ഇനിയും ബാക്കിയുണ്ട് , ദയവു ചെയ്തു ശനി, ഞായര്‍ ദിവസങ്ങളില്‍ ആരെയും കൊല്ലരുത്. അത് ഞങ്ങള്‍ക്കാഘോഷിക്കാന്‍ സര്‍ക്കാര്‍ ഒഴിവു തന്നിട്ടുണ്ട്. അതുകൊണ്ട് ‘ വര്‍ക്കിംഗ് ഡെയ്‌സില്‍ ‘ കൊലപാതകങ്ങള്‍ നടത്താന്‍ ശ്രമിക്കണം. അടുത്ത അറുക്കലിനു ശേഷമുള്ള ഹര്‍ത്താലിനായി ഞങ്ങള്‍ കേരളജനത കാത്തിരിക്കുകയാണ്.
ഭര്‍ത്താക്കന്മാരും, പുത്രന്മാരും സഹോദരന്മാരും നഷ്ട്ടപ്പെട്ട് കണ്ണീരും കൈയുമായി കഴിയുന്ന കണ്ണൂരിലെ എന്റെ അമ്മമാരെ, സഹോദരിമാരെ
എന്നോട് മാപ്പാക്കണം , ഗതികേട് കൊണ്ട് എഴുതിപ്പോയതാണ്.
സ്‌നേഹത്തോടെ
സലിംകുമാര്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Interview

‘വായനയാണ് ബലം’ ലാന്റ് റവന്യൂ കമ്മീഷണർ ടി.വി അനുപമ ഐ.എ.എസ് സംസാരിക്കുന്നു

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടുകള്‍കൊണ്ട് പേരെടുത്ത
നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടുകള്‍കൊണ്ട് പേരെടുത്ത ഐ.എ.എസുകാരി. ഭൂമികയ്യേറ്റക്കാര്‍ക്കും ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കുമെതിരെ ലക്ഷമണരേഖ വരച്ച 2010 ബാച്ചിലെ നാലാം റാങ്കുകാരി. നോക്കുകൂലിക്കെതിരെ പോരാട്ടം നടത്തിക്കൊണ്ട് വരവറിയിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍, കാഞ്ഞങ്ങാട് സബ് കലക്ടര്‍, തൃശൂരിലും ആലുപ്പുഴയിലും ജില്ലാ കലക്ടര്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചു. നിലവില്‍ ലാന്റ് റവന്യൂ കമ്മീഷണറാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഈ റാങ്ക് ജേത്രി.

Published

on

ടി.വി അനുപമ ഐ.എ.എസ്/ പി. ഇസ്മായില്‍

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടുകള്‍കൊണ്ട് പേരെടുത്ത ഐ.എ.എസുകാരി. ഭൂമികയ്യേറ്റക്കാര്‍ക്കും ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കുമെതിരെ ലക്ഷമണരേഖ വരച്ച 2010 ബാച്ചിലെ നാലാം റാങ്കുകാരി. നോക്കുകൂലിക്കെതിരെ പോരാട്ടം നടത്തിക്കൊണ്ട് വരവറിയിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍, കാഞ്ഞങ്ങാട് സബ് കലക്ടര്‍, തൃശൂരിലും ആലുപ്പുഴയിലും ജില്ലാ കലക്ടര്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചു. നിലവില്‍ ലാന്റ് റവന്യൂ കമ്മീഷണറാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഈ റാങ്ക് ജേത്രി.

ഐ എ എസ് മോഹം?

ഐ.എ.എസ് കുട്ടിക്കാലം മുതല്‍ക്കേയുളള മോഹമായിരുന്നു. അമ്മയും അച്ഛനും ഇതേപ്പറ്റി എനിക്ക് പറഞ്ഞുതന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളില്‍ ഉയര്‍ന്ന മാര്‍ക്കില്‍ പത്താം ക്ലാസ് പാസ്സായവരെ അനുമോദിക്കുന്ന ഒരു ചടങ്ങില്‍ വച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടതോടെ ആ ഇഷ്ടം കൂടുതല്‍ ശക്തമായി. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് സാറിനെ പോലെയുളള സീനിയര്‍ ഓഫിസര്‍മാരുടെ പ്രസംഗങ്ങളും അഭിമുഖസംഭാഷണങ്ങളും എന്നില്‍ സ്വാധീനം സൃഷ്ടിച്ചു. ഗ്രാജുവേഷന്‍ ഗോവയിലെ ബീറ്റ്സ് പിലാനിയിലായിരുന്നു. എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ലഭിച്ചിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുമെന്ന് പൂര്‍ണ ഉറപ്പുമുണ്ടായിരുന്നില്ല. എന്നിട്ടും സിവില്‍ സര്‍വ്വീസെന്ന കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. സിവില്‍ സര്‍വ്വീസില്‍ മലയാളവും ജ്യോഗ്രഫിയുമായിരുന്നു പ്രധാന വിഷയങ്ങള്‍. ആദ്യ ചാന്‍സില്‍ നാലാം റാങ്കോടെ പാസായി.

ടൈംടേബിള്‍ ക്രമീകരണം

സിവില്‍ സര്‍വീസിനു തയ്യാറെടുപ്പ് നടത്തുന്നത് വരെ ചിട്ടയായ പഠന രീതി ഉണ്ടായിരുന്നില്ല. ക്ലാസെടുക്കുന്നത് പരമാവധി ശ്രദ്ധിച്ച് കേട്ടുപഠിക്കുന്നതായിരുന്നു രീതി. കോളജിലായിരുന്നപ്പോഴും പരീക്ഷക്ക് വേണ്ടിയുള്ള പഠനമാണ് അവലംബിച്ചിരുന്നത്. സിവില്‍ സര്‍വീസ് പരിശീലനത്തില്‍  ഓരോ തവണയും ഓരോ സിലബസ് എപ്പോള്‍ പഠിച്ചു തീര്‍ക്കണമെന്ന് കൃത്യമായി ഷെഡ്യൂള്‍ ചെയ്തു തുടങ്ങി.

അഭിമുഖത്തിലെ ചോദ്യങ്ങള്‍?

ഇന്റര്‍വ്യൂവില്‍ പ്രധാനമായും കേരളത്തെ കുറിച്ചായിരുന്നു ചോദ്യം. എന്റെ ജീവിത പശ്ചാത്തലവും എഞ്ചിനീയറിങ് കാലത്തെ കുറിച്ചും അഭിരുചികളെ കുറിച്ചും ചോദിച്ചിരുന്നു. വായനയെ കുറിച്ചും വായിച്ച പുസ്തകങ്ങള്‍ സംബന്ധിച്ചും ഇന്ത്യയുടെ വികസനവും സാമ്പത്തിക സ്ഥിതി തുടങ്ങിയ പ്രസക്തമായ ഭാഗങ്ങളില്‍ നിന്നുള്ള മറ്റുപല ചോദ്യങ്ങളുമുണ്ടായിരുന്നു.

വിജയ മന്ത്രങ്ങള്‍?

ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണം. പത്രവായന മുടങ്ങരുത്. മികച്ച ലൈബ്രറയില്‍ അംഗത്വം എടുക്കണം. വായിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടവ കുറിച്ച് വെക്കണം. ഐഛിക വിഷയങ്ങള്‍ സ്വന്തം താല്പര്യത്തിന് അനുസരിച്ചു തെരഞ്ഞെടുക്കണം. സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് വസ്തുതകള്‍ മാത്രം അറിഞ്ഞാല്‍ മതിയാവില്ല. ഉത്തരം എഴുതാന്‍ സഹായിക്കുന്ന അഭിപ്രായങ്ങളും വിശകലനങ്ങളും വായിക്കണം. ദേശീയ സംഭവവികാസങ്ങള്‍, സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, അന്തര്‍ദേശീയ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ചു ധാരണയുണ്ടായിരിക്കണം.

കേഡര്‍ നിര്‍ണ്ണയ രീതികള്‍

മുന്‍ വര്‍ഷങ്ങളിലെ കേഡര്‍ നിര്‍ണയത്തില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗാര്‍ത്ഥിക്ക് ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നു. മൂന്ന് വേക്കന്‍സിയില്‍ രണ്ടെണ്ണം മറ്റു സംസ്ഥാനക്കാര്‍ക്കും ഒരെണ്ണം സ്വന്തം സംസ്ഥാനക്കാര്‍ക്കും എന്ന ഇന്‍സൈഡര്‍ വേക്കന്‍സിയിലെ വണ്‍ തേഡ് സിസ്റ്റത്തില്‍ വന്നാല്‍ മാത്രമാണ് സ്വന്തം സംസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുക. എല്ലാവര്‍ക്കും സ്വന്തം സംസ്ഥാനത്ത് ജോലി ചെയ്യാന്‍ ഇഷ്ടമുണ്ടാവും. നാടിനെ അറിഞ്ഞു സേവനം ചെയ്യാന്‍ കഴിയും എന്നതാണ് അതിന്റെ നേട്ടം. മറ്റു സംസ്ഥാനങ്ങളില്‍ മുന്‍വിധിയും സമ്മര്‍ദവുമില്ലാതെ  ജോലി ചെയ്യാന്‍ കഴിയും എന്നത് ഔട്ട് സൈഡര്‍ വേകന്‍സിയുടെ ഗുണമാണ്. ഏത് കേഡറാണെങ്കിലും അതിന്റേതായ മേന്മകളുണ്ട്. വേര്‍തിരിച്ച് കാണേണ്ടതില്ല.

കേഡര്‍ സോണുകള്‍ ഏതെല്ലാം?

നിലവിലെ കേഡര്‍ നിര്‍ണയത്തില്‍ സോണുകളാക്കി തിരിക്കുന്ന രീതിയാണുള്ളത്. ഒരു ഭാഗത്തു മാത്രം കേന്ദ്രീകരിച്ചു ഓപ്ഷന്‍ കൊടുക്കുന്ന രീതി തടയലാണ് സോണ്‍ വിഭജനത്തിന്റെ ലക്ഷ്യം.
വിവിധ കേഡര്‍ സോണുകള്‍
1. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന.
2. ഉത്തര്‍ പ്രേദേശ്, ബീഹാര്‍, ഛാര്‍ഖണ്ഡ്, ഒഡിഷ.
3. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്. ഛത്തിസ്ഘട്ട്
4. വെസ്റ്റ് ബംഗാള്‍, സിക്കിം, അസം, മേഘാലയ, മണിപ്പൂര്‍. നാഗാലാന്റ്, ത്രിപുര
5. തെലങ്കാന, ആന്ധ്രാ പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം.
ഉദ്യോഗാര്‍ഥികള്‍ അഞ്ചു സോണിലും പ്രിഫറന്‍സ് കൊടുക്കണം. അത് കൂടാതെ ഓരോ സോണിലും പ്രിഫ്രന്‍സ് കൊടുക്കണം. കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്ക് സ്വന്തം സംസ്ഥാനത്ത് അവസരം കിട്ടാന്‍ മെറിറ്റിനോടൊപ്പം സോണ്‍ പ്രിഫറന്‍സും സോണിലെ കേഡര്‍ പ്രിഫറന്‍സും നിര്‍ബന്ധമാണ്.

കളക്ടറുടെ ഇലക്ഷന്‍ റോള്‍

പാര്‍ലിമെന്റ്, അസംബ്ലി, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ എന്ന നിലയില്‍ കളക്ടറാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. ലോകസഭ ഇലക്ഷനിലെ റിട്ടേണിങ് ഓഫിസറും കളക്ടറാണ്. അതിനാല്‍ ഏകോപനത്തിനൊപ്പം നടത്തിപ്പും കലക്ടറുടെ ചുമതലയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് നല്ല ഒരു സിസ്റ്റം രാജ്യത്തുണ്ട്. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. ഇവിടെ മികച്ച ഉദ്യോഗസ്ഥരുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരും പ്രവര്‍ത്തിക്കുന്നത് കാണാറുണ്ട്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യേണ്ടത് കലക്ടറാണ്. വീഴ്ച സംഭവിക്കാന്‍ സാധ്യതയുള്ള വോട്ടിംഗ് മെഷീന്‍ വിതരണം, സൂക്ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്.

ഐ.എ.എസ് വേണ്ടായിരുന്നു എന്ന തോന്നല്‍?

ഐ.എ.എസ് ഒട്ടേറെ സമ്മര്‍ദമുള്ള ജോലിയാണെങ്കിലും ഒരിക്കലും ഇത് തെരഞ്ഞുടുത്തതു തെറ്റായി എന്നോ വേണ്ടിയിരുന്നില്ല എന്ന തോന്നലുകളോ ഉണ്ടായിട്ടില്ല. എല്ലാ ജോലികള്‍ക്കുമുള്ളത് പോലെ നല്ലതും ചീത്തയും സിവില്‍ സര്‍വീസിലുമുണ്ട്. നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന സമയവും ചെയ്യാന്‍ പറ്റാത്ത സാഹചര്യവും ഈ ജോലിയിലുമുണ്ട്. വിഷമങ്ങള്‍ക്കൊപ്പം കുറെയേറെ സന്തോഷമുഹൂര്‍ത്തങ്ങളും അനുഭവിക്കാറുണ്ട്. തിരക്ക് പിടിച്ച പല ദിവസങ്ങളിലും ജീവിതം ആസ്വദിക്കാന്‍ കൂടിയുളളതല്ലേ എന്നു തോന്നും. പക്ഷേ, സിവില്‍ സര്‍വീസ് ഇങ്ങനെയൊക്കെയാണെന്നറിഞ്ഞാണ് എല്ലാവരും വരുന്നത്. അത്രയും ഉത്തരവാദിത്തവും ക്ഷമയും സമര്‍പ്പണവും ഈ പ്രൊഫഷന്‍ ആവശ്യപ്പെടുന്നുണ്ട്. അവധി ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് കരുതുമ്പോഴായിരിക്കും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കേണ്ടി വരിക.

വിഷ രഹിത കേരളം: പോരാട്ടത്തിലെ ഓര്‍മ്മകള്‍

ഭക്ഷണ ശാലകളുടെ എണ്ണക്കൂടുതല്‍ കേരളീയരുടെ ഭക്ഷണ രീതിയിലെ മാറ്റങ്ങളാണ് പ്രകടിപ്പിക്കുന്നത്. സ്ഥല പരിമിതിയും സമയ കുറവും മൂലം പുറത്തു നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഈ അവസരം മുതലെടുത്തു മായം കലര്‍ത്തി ഭക്ഷണം രുചികരവും ആകര്‍ഷവുമാക്കാനുള്ള ശ്രമവും കൂടിവരികയാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്ന അപകടം നിറഞ്ഞ പ്രവണതക്കെതിരെ ഭക്ഷ്യ വകുപ്പിന്റെ ചുമതല വഹിച്ച സമയത്ത് ചില ഇടപെടലുകള്‍ നടത്തിയിരുന്നു. പരിശോധന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കടകളില്‍ കയറിയും സാമ്പിളുകള്‍ പരിശോധിച്ചുമാണ് മായം പിടികൂടിയത്. എന്നെ സംബന്ധിച്ച് അത് ഭക്ഷ്യവകുപ്പ് ചുമതലകളുടെ തുടക്കമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ആ വകുപ്പില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കൂടെയുണ്ടായിരുന്നു. ചെറിയ ഡിപ്പാര്‍ട്‌മെന്റ് ആയതിനാല്‍ നല്ല ഒത്തിണക്കവും സാധ്യമായി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ലോഭമായ പിന്തുണയും ലഭിച്ചു. ഭക്ഷണശാലകളുടെ എണ്ണത്തിനനുസരിച്ചുള്ള ഉദ്യോസ്ഥരില്ലാത്തത് പോരായ്മകള്‍ക്ക് കാരണമായിട്ടുണ്ടാവാം.

മറക്കാനാവാത്ത സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം കലക്ടര്‍മാരുടെ തിരക്കുപിടിച്ച ദിവസമാണ്. എന്നാല്‍ 2018ലെ സ്വാതന്ത്ര്യ ദിനം എന്നെ സംബന്ധിച്ച് ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഓര്‍മ്മയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് ഗ്രൗണ്ടില്‍ വെച്ച് പരേഡ് പൂര്‍ണമായും നടത്താനായില്ല. പവലയിന്റെ അടുത്തുവെച്ച് തന്നെ സല്യൂട്ട് സ്വീകരിക്കലും ഫ്‌ളാഗ് സെറിമണിയും നടത്തേണ്ടിവന്നു. അന്ന് വൈകുന്നേരത്തോടെ പരേഡ് ഗ്രൗണ്ടിലടക്കം വെള്ളം കയറി. നിര്‍ത്താതെ പെയ്ത മഴയില്‍ തൃശൂരിലെ പല ഭാഗങ്ങളേയും വെള്ളത്തിനടിയിലായി. നൂറ്റാണ്ട് കണ്ട പ്രളയത്തിലേക്ക് നീങ്ങുകയായിരുന്നു തൃശൂര്‍ ജില്ലയും. മുന്നനുഭവമില്ലാത്ത മഹാദുരന്തം നേരിടേണ്ടിവന്നതും അതിനെ അതിജയിക്കാനായി നടത്തിയ പോരാട്ടങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. സ്വന്തം വീട്ടിലടക്കം വെള്ളംകയറിയിട്ടും സേവനനിരതരായ ഉദ്യോഗസ്ഥരും പൊതുജനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ അഭിമാനവും സന്തോഷവും ചെറുതല്ല.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലെ ബന്ധം

സര്‍ക്കാരിന്റെ ഏതൊരു പദ്ധതിയും പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികളുടെ പിന്തുണ ആവശ്യമാണ്. എല്ലാത്തിനുമുപരി, അവര്‍ ജനങ്ങളുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നവരാണ്. നാടിന്റെ പുരോഗതിക്കായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതേസമയം ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അപൂര്‍വമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്.

പടവുകളായി മാറിയ ലൈബ്രറികള്‍

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാടാണ് എന്റെ സ്വദേശം. അവിടെ മികച്ച ഒരു വായനശാല ഉണ്ടായിരുന്നു. അവിടത്തെ നവോദയ വായന ശാലയില്‍ ഞാന്‍ ഇഷ്ടം പോലെ സമയം ചിലവഴിച്ചിട്ടുണ്ട്. മലയാളം ഫിക്ഷനോടായിരുന്നു ഇഷ്ടം. യാത്ര വിവരണങ്ങളും വായിച്ചിരുന്നു. അച്ഛനും അമ്മയും നല്ല വായന ശീലമുള്ളവരായതിനാല്‍  വീട്ടിലും കുറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. കോളേജ് ലൈബ്രറിയില്‍ നിന്നാണ് സിവില്‍ സര്‍വീസ് സംബന്ധിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചത്. സിവില്‍ സര്‍വീസ് പരിശീലനത്തിന് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി ലൈബ്രറി ഉപകരിച്ചിട്ടുണ്ട്. എന്റെ പ്രൊഫസറായ രാജശേഖരന്‍ സാറാണ് യൂണിവേഴ്‌സിറ്റി ലൈബ്രറി നിര്‍ദ്ദേശിച്ചത്. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായ സമയത്തും ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നു. വീട്ടിലെ വായന കുറവാണിപ്പോള്‍. യാത്രയിലാണ് കൂടുതലായി വായിക്കാറുള്ളത്. ഇ ബുക്ക് റീഡിംഗും കൂടെയുണ്ട്..

Continue Reading

Article

വേണം കൈവിടാത്ത ആത്മവിശ്വാസം; വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല സംസാരിക്കുന്നു

Published

on

അഭിമുഖം -പി. ഇസ്മയിൽ

ഐ.എ.എസ് സ്വപ്‌നം

സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിവില്‍ സര്‍വന്റ് ആവണം എന്ന് എല്ലാവര്‍ക്കും ഉണ്ടാവാറുള്ളത് പോലെ ഒരു ഫാന്‍സി ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. കോളജ് തലത്തില്‍ എത്തിയപ്പോഴാണ് അതിന്റെ ഗൗരവം മനസിലാക്കിയത്. കോളജിലെ അവസാന വര്‍ഷങ്ങളിലാണ് ഡോക്ടറുടെ ജോലിയല്ല, സാമൂഹ്യസേവനവുമായി ബന്ധപ്പെട്ട ജോലിയാണ് കൂടുതല്‍ താല്‍പര്യമെന്ന് തിരിച്ചറിയുന്നത്. കൊടികുത്തിയ കാറില്‍ പോവുന്ന കലക്ടര്‍ എന്നതിലുപരി രാജ്യത്തിന്റെ മാറ്റത്തിന്റെ ഭാഗമാവണം, പോളിസി മേക്കറാവണം എന്ന ആഗ്രഹമാണ് എന്നെ ഐ.എ.എസുകാരിയാക്കിയത്.

പ്രചോദനം?

എന്നേക്കാളും രണ്ടു വര്‍ഷം മുന്‍പ് സിവില്‍ സര്‍വീസ് പരീക്ഷ പാസാവുകയും ഇപ്പോള്‍ ആസാം കേഡറില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ലക്ഷ്മണന്‍ സാറുടെ പ്രോത്സാഹനം മറക്കാനാവില്ല. ഭര്‍ത്താവിന്റെ സുഹൃത്തും ഡോക്ടറും കൂടിയായ അദ്ദേഹത്തെ തിരുവനന്തപുരത്ത് പോയി സന്ദര്‍ശിച്ചു ഉപദേശം തേടിയിരുന്നു. നീ എഴുതിയാല്‍ പാസ്സാവുമെന്ന പിതാവിന്റെ തലോടലും പ്രേരണയായിട്ടുണ്ട്. എന്നെക്കാളും ഉയരത്തില്‍ എത്താന്‍ നിനക്ക് കഴിവുകള്‍ ഉണ്ട്. അത് നീ ഉപയോഗപ്പെടുത്തണമെന്ന ഭര്‍ത്താവിന്റെ ഉറച്ച നിലപാടും സ്വപ്‌നനേട്ടത്തില്‍ വഴിതിരിവായിട്ടുണ്ട്. ജോസഫ് അലക്‌സ് എന്ന ദ കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്‍ വേഷം സ്വാധീനിച്ചിട്ടുണ്ട്. ഐ.എ.എസ് ഓഫീസര്‍മാരില്‍ പലരിലും ഈ കഥാപാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്.

പഠനത്തിലെ രഹസ്യസ്വഭാവം?

സിവില്‍ സര്‍വീസിനുള്ള തയ്യാറെടുപ്പ് രഹസ്യമാക്കി വെക്കുന്നതാണ് ഉചിതം. പത്ത് ലക്ഷം പേര് പരീക്ഷ എഴുതുന്നതില്‍ പരമാവധി ആയിരം പേര്‍ക്കാണ് അവസരം ലഭിക്കാറുള്ളത്. അതില്‍ തന്നെ ആദ്യ തവണ പാസാവുന്നവര്‍ വിരളമാണ്. ഒന്നും രണ്ടും തവണ തോല്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ പഠനത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കും. ആസ്വദിച്ചു പഠിക്കുന്നതിനു അത് തടസ്സമാവുകയും ചെയ്യും.

ഇന്റര്‍വ്യൂ അനുഭവം

അട്ടപ്പാടിയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന സമയത്താണ് ഇന്റര്‍വ്യുവില്‍ പങ്കെടുത്തത്. അഭിമുഖത്തില്‍ ഗൗരവമേറിയ ചോദ്യങ്ങളാണ് നേരിടേണ്ടിവന്നത്. ഡോക്ടറായി സേവനം ചെയ്യുന്നതിനിടയില്‍ സിവില്‍ സര്‍വീസിന്റെ താല്‍ പര്യത്തെ കുറിച്ചും അട്ടപാടിയിലെ ആദിവാസികളുടെ ജീവിത രീതിയെ കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. വായനയെ കുറിച്ചും കുറെയേറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.

മുന്‍കാല ചോദ്യപേപ്പറുകളുടെ പ്രസക്തി?.

സിവില്‍ സര്‍വീസ് പരീക്ഷക്ക് പരിശീലിക്കുന്നവര്‍ നിര്‍ബന്ധമായും മുന്‍ കാല ചോദ്യപേപ്പറുകള്‍ വായിക്കേണ്ടതുണ്ട്. മുന്‍കാല ചോദ്യപേപ്പറുകളായിരുന്നു എന്റെ അടിത്തറ. കേരളത്തില്‍ വേണ്ടത്ര പരിശീലനകേന്ദ്രങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് മുന്‍കാല ചോദ്യപേപ്പറുകള്‍ വലിയ സഹായകമായിട്ടുണ്ട്. 2011ല്‍ പരീക്ഷ എഴുതുമ്പോള്‍ 25 വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അത് പഠിച്ചിരുന്നു. ചോദ്യപേപ്പറുകളുടെ പഠനത്തിന് ശേഷമാണു ഐശ്ചിക വിഷയം തീരുമാനിച്ചത്. സിലബസിനെ കുറിച്ചുള്ള ധാരണ കിട്ടാനും ചോദ്യപേപ്പറുകളുടെ പഠനം ഉപകരിച്ചിട്ടുണ്ട്.

റാങ്ക് നിര്‍ണയ മാനദണ്ഡങ്ങള്‍?

മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് റാങ്ക് നിര്‍ണയം. മെയിന്‍സ് പരീക്ഷയിലെ മാര്‍ക്കും ഇന്റര്‍വ്യൂവിലെ പെര്‍ഫോമന്‍സും റാങ്ക് നിര്‍ണയത്തില്‍ പ്രധാനമാണ്. മെയിന്‍സില്‍ മാര്‍ക്ക് കുറവു വന്നാല്‍ ഇന്റര്‍വ്യൂവിലെ പെര്‍ഫോമന്‍സ് കൊണ്ട് അത് മറികടക്കാനാവില്ല. കേഡറിലും സര്‍വീസ് നിര്‍ണയത്തിലും സംവരണവും വേക്കന്‍സിയും നിര്‍ണ്ണായകമാണ്. എനിക്ക് കേരള കേഡര്‍ ലഭിക്കുന്നതില്‍ റാങ്കിനൊപ്പം സംവരണവും സഹായകമായിട്ടുണ്ട്.

ഇന്റര്‍വ്യൂ പാനല്‍

ഉദ്യോഗാര്‍ത്ഥിയുടെ മാനസിക നിലവാരം വിലയിരുത്തുക എന്നതാണ് അഭിമുഖം കൊണ്ട് ഉദ്ദേശിക്കുന്നത്. അഭിമുഖം 45 മിനിറ്റോളം ദീര്‍ഘിക്കും. സാധാരണയായി ഒരു ഇന്റര്‍വ്യൂ ബോര്‍ഡില്‍ പ്രതിദിനം 12 ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖം നടത്തുക. രാവിലത്തെ സ്ലോട്ടില്‍ ആറും വൈകുന്നേരം ആറും ഉദ്യോഗര്‍ഥികള്‍ എന്നതാണ് കണക്ക്. ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥിയെക്കാളും മൂന്നിരട്ടി പ്രായവും മുന്നൂറിരട്ടി അറിവും ഉള്ളവരായിരിക്കും. അവരുടെ മുന്നില്‍ ഓവര്‍ സ്മാര്‍ട്ട് ആവാതിരിക്കുക എന്നത് പ്രധാനമാണ്. ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗിന് തുല്യമാണ് അഭിമുഖവും. അന്നത്തെ പത്രത്തില്‍ നിന്ന് വരെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഒന്നിനെയും അടച്ചാക്ഷേപിക്കാതിരിക്കലാണ് ഉത്തമം. സമകാലിക വിഷയങ്ങളും സാമൂഹിക പ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ച ചെയ്യപ്പെടും. ഹോബികള്‍, സര്‍വീസ് പ്രഫറന്‍സ്, പഠിച്ച സ്ഥാപനങ്ങള്‍, ഐഛിക വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്റര്‍വ്യൂവിന്റെ ഫോക്കസ് ഏരിയകളാണ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ പക്ഷപാതമില്ലാത്ത അഞ്ച് അംഗങ്ങളാണുള്ളത്, യു.പി.എസ്.സിയില്‍ അംഗമായ ഒരാളായിരിക്കും ബോര്‍ഡ് ചെയര്‍മാന്‍. സീനിയര്‍ ബ്യുറോക്രാറ്റ്‌സ്, സീനിയര്‍ അക്കാദമീഷന്‍, സീനിയര്‍ സബ്‌ജെക്ട് എക്‌സ്‌പെര്‍ട്ട്‌സ്, പോളിസി മേക്കര്‍ എന്നിവരായിക്കും മറ്റു അംഗങ്ങള്‍.

ഐ.എ.എസ് നിയമനങ്ങള്‍?.

പരിശീലനത്തിന് ശേഷം ആദ്യ രണ്ടു വര്‍ഷം അസിസ്റ്റന്റ് കലക്ടര്‍ ട്രയിനിയായി ജില്ലകളില്‍ ചുമതല നല്‍കും. അതിനു ശേഷം രണ്ടാംഘട്ട പരിശീലനം ഉണ്ടാവും. അത് കഴിഞ്ഞാല്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തീകരിച്ചു സര്‍വീസിനായി പരിഗണിക്കപ്പെടും. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള സബ് കലക്ടര്‍ ആയിട്ടാണ് ആദ്യ നിയമനം. രണ്ടാം ഘട്ടത്തില്‍ തിരുവന്തപുരം കേന്ദ്രീകരിച്ചു വകുപ്പ് തല ചുമതലകളിലേക്ക് നിയമിക്കപ്പെടും. പിന്നീട് കലക്ടര്‍ ചുമതല നല്‍കും. കലക്ടറാവുന്നതോടെയാണ് ഐ.എ.എസുകാരെ ജനം ശ്രദ്ധിക്കപെടുന്നത്. പിന്നീട് സീനിയര്‍ സെക്രട്ടറിയാവുന്നതോടെ സംസ്ഥാനത്തും കേന്ദ്രത്തിലും പോളിസി മേക്കിംഗിന്റെ ഭാഗമാവാനും കഴിയും.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങള്‍?.

കലക്ടര്‍ എന്നത് റവന്യൂ പദവിയാണ്. അധികാര ശ്രേണി കൂടുതലുള്ള പദവി ജില്ലാ മജിസ്‌ട്രേറ്റിന്റേതാണ്. നിയമങ്ങള്‍ക്കനുസരിച്ച് വിധി നല്‍കുന്ന കോടതികളില്‍ നിന്നും വിഭിന്നമായി സിവില്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ജില്ലാ എക്‌സിക്യൂട്ടീവ് മസ്ജിസ്‌ട്രേറ്റില്‍ നിക്ഷിപ്തമാണ്. ഐ.പി.സി, സി.ആര്‍.പി.സി പ്രകാരം കരുതല്‍ തടങ്കലും, ആള്‍ക്കൂട്ടത്തെ നേരിടാന്‍ 144 പാസാക്കലും വെടി വെപ്പിനുള്ള ഉത്തരവും നാടുകടത്തലും കാപ്പചുമത്തലും തുടങ്ങി ദുരന്ത നിവാരണ ലഘൂകരണം വരെ അധികാര പരിധിയില്‍ വരും. പൊലീസിന്റെ ഭാഗത്തു നിന്നും അധികാരങ്ങളുടെ ദുരുപയോഗം തടയലും മനുഷ്യാവകാശ സംരക്ഷണവും ലക്ഷ്യം വെക്കുന്നതിനാല്‍ ഭരണ ഘടനയുടെ കരുതലും ജനാധിപത്യത്തിന്റെ കരുത്തുമായിട്ടാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളെ നോക്കി കാണേണ്ടത്. മനുഷ്യാവകാശങ്ങളുമായി ബന്ധപെട്ടു കിടക്കുന്ന വിഷയങ്ങളില്‍ തീര്‍പ്പു കല്‍പിക്കുന്ന അധികാരങ്ങള്‍ കയ്യാളുന്നത് കൊണ്ട് കൂടിയാണ് കലക്ടര്‍മാരോട് ജനത്തിന് ഇഷ്ടം.

കലക്ടര്‍ ക്രൗഡ് ഫണ്ട് ശേഖരണം നടത്തുന്ന സാഹചര്യങ്ങള്‍?

ദുരന്തഘട്ടങ്ങളിലാണ് പ്രധാനമായും ക്രൗഡ് ഫണ്ട് ശേഖരണം നടത്താറുള്ളത്. ക്രൗഡ് ഫണ്ടിന്റെ ബലം കൊണ്ട് കൂടിയാണ് സംസ്ഥാനത്തു പ്രളയ പുനരധിവാസം എളുപ്പമാക്കിയത്. സാമൂഹിക പ്രതിബദ്ധതയുളള കമ്പനികള്‍ നല്‍കുന്ന സി.ആര്‍.എസ് ഫണ്ടുകള്‍ കാരുണ്യ പ്രവത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താറുണ്ട്. എറണാകുളത്തു സബ് കലക്ടര്‍ ആയിരിക്കുമ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ ക്വാറി അസോസിയേഷന്റെ സി.ആര്‍.എസ് ഫണ്ട് ഉപയോഗിച്ച് സീനിയര്‍ സിറ്റിസണ്‍ ട്രിബൂണ്‍ സ്ഥാപിച്ചതാണ് ആദ്യത്തെ അനുഭവം. വയനാട്ടിലും ആലപ്പുഴയിലും കളക്ടറായിരിക്കുമ്പോള്‍ പ്രളയ പുനരാധിവാസത്തിനായും ക്രൗഡ് ഫണ്ടുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു. ‘അയാം ഫ്രം ആലപ്പി’ ക്യാമ്പയിനിലൂടെ അങ്കണ്‍വാടികള്‍ നിര്‍മിക്കാനും ബോട്ടുകളും സൈക്കിളുകളുകളും വിതരണം ചെയ്യാനും സാധ്യമായത് വേറിട്ട അനുഭവമായിരുന്നു. ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്ന വയനാട്ടിലെ മേപ്പാടി പുത്തുമലയില്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ 120ഓളം വീടുകള്‍ക്ക് ഫണ്ട് സമാഹരിക്കാനും ആവശ്യമായ ഭൂമി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനും കഴിഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ മധുരിക്കുന്ന ഓര്‍മയാണ്.

ദുരന്ത നിവാരണ സാക്ഷരതയെന്ന പാഠ്യപദ്ധതി

ഭൂകമ്പവും കൊടുങ്കാറ്റും വന്നാല്‍ എന്ത് ചെയ്യണമെന്ന് ജപ്പാനിലെ സ്‌കൂള്‍ കുട്ടികള്‍ക്കു പോലുമറിയാം. ദുരന്തങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ കരിക്കുലത്തിന്റെ ഭാഗമാക്കിയുള്ള ബോധവല്‍ക്കരണമാണ് ജപ്പാനില്‍ പരീക്ഷിച്ചത്. വീടിനകത്തെ ദുരന്ത സാധ്യതകളെ കുറിച്ച് പോലും നമ്മള്‍ ബോധവാന്‍മാരല്ല. വയനാട് ജില്ലാ കലക്ടറായിരിക്കേ സ്‌കൂളുകളില്‍ ദുരന്ത നിവാരണ സാക്ഷരത സംബന്ധിച്ച ബോധവല്‍ക്കരണ പ്ലാനുകള്‍ തയ്യാറാക്കിയിരുന്നു. മികച്ച നിലവാരമുള്ള ദുരന്തനിവാരണ പ്ലാനുകള്‍ ഡോക്യുമെന്റ് ചെയ്യുക എന്നത് പ്രധാനമാണ്. കാരണം മറ്റെവിടെയെങ്കിലും വരുംവര്‍ഷങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടേക്കാവുന്ന ദുരന്തസമയത്ത് ഇത്തരം പ്ലാനുകള്‍ വലിയ സഹായകമാവും. വയനാട്ടില്‍ കലക്ടറായിരിക്കേ ഇത് നല്ല രീതിയില്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും ഇത് ആധികാരിക രേഖയായി ആവശ്യപ്പെട്ടിരുന്നു.

അഭിരുചികള്‍

ഉമ്മയും വല്യുമ്മയും നന്നായി പാടുമായിരുന്നു. കല്യാണത്തിനടക്കം പാട്ടുപാടിയുള്ള ആഘോഷങ്ങളൊക്കെ മലബാറിന്റെ സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണ്. ഇത്തരം പരിപാടികളിലൊക്കെ ഞാനും പാടിയിരുന്നു. ആ സ്വാധീനമാണ് ചെറുപ്പം തൊട്ടേ പാട്ടുകളെ ഇഷ്ടപ്പെടാന്‍ കാരണമായത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗ മത്സരത്തില്‍ പങ്കെടുത്ത് വിജയം നേടാന്‍ കഴിഞ്ഞിരുന്നു. ആഴ്ചപതിപ്പുകളും മാസികകളും അമര്‍ ചിത്രകഥകളും പുരാണ കഥകളുമാണ് തുടക്കത്തില്‍ വായിച്ചിരുന്നത്. ജീവചരിത്രം വായിക്കുന്നതാണ് കൂടുതല്‍ ഇഷ്ടം.

ഐ.എ.എസിനു ശേഷം സ്‌റ്റെതസ്‌കോപ്പുമായുള്ള ബന്ധം

ബന്ധം വിടാതിരിക്കാന്‍ വീട്ടിലെ കുട്ടികളെയും ബന്ധുക്കളെയും ചികില്‍സിക്കാറുണ്ട്. കോവിഡ് സമയം പല ഘട്ടങ്ങളില്‍ ഡോക്ടറുടെ റോളും കൈകാര്യം ചെയ്തിട്ടുണ്ട്. ഭര്‍ത്താവും ഡോക്ടറായതിനാല്‍ മെഡിക്കല്‍ രംഗവുമായി ബന്ധപെട്ടു ചര്‍ച്ചകള്‍ നടത്താറുള്ളതിനാലും മെഡിക്കല്‍ ജേര്‍ണലുകള്‍ വായിക്കുന്നതിനാലും പുതിയ മാറ്റങ്ങള്‍ അറിയാന്‍ സാധിക്കാറുണ്ട്. അവസരം ഒത്തു വന്നാല്‍ വീണ്ടും സ്റ്റതെസ്‌കോപ്പ് കയ്യിലെടുക്കണമെന്നാണ് മോഹം.

മക്കളാണ് കരുത്ത്

മാതാവ്, ഭാര്യ, ഡോക്ടര്‍ എന്നിങ്ങനെ മൂന്ന് റോളിനൊപ്പമാണ് ഞാന്‍ സിവില്‍ സര്‍വീസ് തയ്യാറെടുപ്പ് നടത്തി കൊണ്ടിരുന്നത്. ഈ റോളുകളാണ് സിവില്‍ സര്‍വീസിന്റെ മുഖമുദ്രയായ ത്യാഗത്തോടും കഠിനാധ്വാനത്തോടും പാകപ്പെടാനുള്ള കരുത്തു പ്രദാനം ചെയ്തത്. ഇന്റര്‍വ്യൂവിനെ നേരിടുമ്പോള്‍ ഞാന്‍ മൂന്ന് മാസം ഗര്‍ഭിണി ആയിരുന്നു. രണ്ടാമത്തെ മകളെ ഗര്‍ഭം ധരിച്ചു കൊണ്ടായിരുന്നു ട്രയിനിംഗിനു ചേരുന്നത്. കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നത് സമ്മര്‍ദ്ദങ്ങളെ മറികടക്കാനുള്ള ഒറ്റമൂലി കൂടിയാണ്.

മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം

മലബാറില്‍ വിദ്യാഭ്യാസ വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ പഠനത്തിലും കാഴ്ചപ്പാടിലും ചിന്തയിലും പ്രകടമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ വലിയ മുന്നേറ്റം തന്നെ ഈ മേഖലയില്‍ നടക്കുന്നുണ്ട്. വിവാഹത്തിന് ശേഷവും പഠനം തുടരുകയും ജോലിക്കായുള്ള പരിശ്രമങ്ങള്‍ നടത്തുകയും സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പുതിയ തലമുറ നല്ല പ്രതീക്ഷയാണ്. കുട്ടികള്‍ ഇനിയും പഠിക്കും. വലിയ ഉയരങ്ങള്‍ കീഴടക്കും. ഐ.എ.എസ് ഇനി അവരെ സംബന്ധിച്ച് സ്വപ്‌നമല്ല.

 

*****

ഡോ. അദീല അബ്ദുല്ല

കോവിഡ് മഹാമാരിയിലും പ്രളയത്തിലും മുറിവേറ്റവര്‍ക്ക് ആശ്വാസത്തിന്റെ ലേപനം പുരട്ടി, രാജ്യത്തിന് പ്രതിരോധത്തിന്റെ മാതൃക തീര്‍ത്ത 2012 കേരള കേഡര്‍ സിവില്‍ സര്‍വന്റ്. 2020 ഇംക്ലൂസീവ് ഡെവലപ്‌മെന്റ് ത്രൂ ക്രെഡിറ്റ് ഫ്‌ളോ ടു ദി പ്രൈമര്‍ വിഭാഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്‍ഡിനുള്ള രാജ്യത്തെ കലക്ടര്‍മാരുടെ പട്ടികയില്‍ അവസാന നാലിലെത്തിയ മികവ്. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തിരൂര്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍, ലൈഫ് മിഷന്‍ സി.ഇ.ഒ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ പദവികള്‍. ആലപ്പുഴയിലും വയനാട്ടിലും ജില്ലാ കലക്ടര്‍. നിലവില്‍ ഫിഷറീസ് ഡയറക്ടര്‍, വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍, മൈനോരിറ്റി ഡയറക്ടര്‍ തുടങ്ങിയ സുപ്രധാന തസ്തികകള്‍ വഹിക്കുന്നു.

Continue Reading

kerala

ബസില്‍ ഛര്‍ദിച്ചതിനാല്‍ ജീവനക്കാര്‍ സ്റ്റോപ്പില്‍ ഇറക്കിവിട്ടു; വയോധികന്‍ മരിച്ച നിലയില്‍, കേസ്‌

Published

on

ഏരൂരിൽ സ്വകാര്യ ബസ് ജീവനക്കാർ കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിച്ച് പോയ വയോധികൻ മരിച്ചു. ഇടുക്കി സ്വദേശി സിദ്ദിഖാണ് മരിച്ചത്. ബസിൽ വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടായ വയോധികനെ ആശുപത്രിയിൽ കൊണ്ടു പോകാതെ ബസ് ജീവനക്കാർ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

മുഴുതാങ്ങ് ക്ഷേത്രത്തിനടുത്ത് വച്ചാണ് സംഭവം. ബസിനുള്ളിൽ വെച്ച് സിദ്ദീഖിന് ശാരീരിക അസ്വസ്ഥതയുവുകയും ഛര്‍ദിക്കുകയും ചെയ്തു. എന്നാൽ സിദ്ദീഖിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ജീവനക്കാർ തയ്യാറായില്ല. ഇവര്‍ കാത്തിരിപ്പ് കേന്ദ്രത്തിൽ സിദ്ദീഖിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു എന്നാണ് നാട്ടുകാരുടെ പരാതി.

ബോധരഹിതനായി കിടന്ന സിദ്ദീഖിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെ ബസ് ജീവനക്കാരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സഹയാത്രക്കാരന്റെ ശരീരത്തിൽ ഛർദ്ദിച്ചതിനാലാണ് ബസിൽ നിന്ന് സിദ്ദിഖിനെ പുറത്താക്കിയതെന്നാണ് ജീവനക്കാരുടെ മൊഴി. അസ്വാഭാവിക മരണത്തിന് ഏരൂർ പൊലീസ് കേസെടുത്തു. ഇടുക്കി സ്വദേശിയായ സിദ്ദിഖ് കുറച്ചു മാസങ്ങളായി ഏരുരിൽ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു.

അതേസമയം, കണ്ണൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന സെപറ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോഡ്രൈവര്‍ പി സി ബഷീറിന്റെ മകൻ തമീന്‍ ബഷീര്‍ ആണ് മരിച്ചത്. കുഴിയിൽ വീണ അഹമ്മദ് ഫാരിസ് (3) എന്ന മറ്റൊരു കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. കളിക്കുന്നതിനിടയില്‍ കുട്ടികള്‍ അബദ്ധത്തില്‍ ഈ കുഴിയിലേക്ക് കുട്ടികൾ വീണതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്.

Continue Reading

Trending