സിനിമാ താരങ്ങളായ സാന്ദ്രതോമസും വിജയ്ബാബുവും വഞ്ചിച്ചുവെന്ന് അടി കപ്യാരേ കൂട്ടമണിയുടെ സംവിധായകന്‍ ജോണ്‍ വര്‍ഗ്ഗീസ്. അടി കപ്യാരേ കൂട്ടമണി എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് ജോണിനെ കോടതി വരെ എത്തിച്ചിരിക്കുന്നത്.

ഈ ചിത്രം തമിഴില്‍ എടുക്കാനിരുന്നതായിരുന്നു. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെട്ട സാന്ദ്രയുടേയും വിജയിന്റേയും ഫ്രൈഡേ ഹൗസ് ചിത്രം മലയാളത്തിലെടുക്കാമെന്നും നിര്‍മ്മിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. കരാറില്‍ ഇക്കാര്യമില്ലാത്തതിനെ തുടര്‍ന്ന് അവരോട് ചോദിച്ചപ്പോള്‍ കരാറില്‍ ചേര്‍ക്കാന്‍ വിട്ടുപോയതാണെന്നായിരുന്നു മറുപടി പറഞ്ഞത്.

ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ അത്യാവശ്യമായി മറ്റൊരു കരാറില്‍ ഒപ്പിടുവിക്കുകയും ചെയ്തു. ഷൂട്ടിങ് ടെന്‍ഷന്‍ കാരണം കരാര്‍ ശ്രദ്ധിക്കാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒപ്പിടുവിച്ച കരാര്‍ പ്രകാരം ചിത്രത്തിന്റെ പൂര്‍ണ്ണാവകാശം ഫ്രൈഡേയുടെ കയ്യിലാക്കുകയായിരുന്നു. തമിഴിലെടുക്കാന്‍ മറ്റൊരു നിര്‍മ്മാതാവ് എത്തിയപ്പോഴാണ് ഇവരുടെ ചതി മനസ്സിലാകുന്നത്. പിന്നീടാണ് ജോണ്‍ കോടതിയെ സമീപിക്കുന്നത്.