Connect with us

More

കശ്മീരില്‍ നടപ്പാക്കിയത് സംഘ്പരിവാര്‍ മുദ്രാവാക്യം

Published

on

ഇയാസ് മുഹമ്മദ്

ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നു. മാത്രമല്ല ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഈ രണ്ട് നടപടികള്‍ക്കും രാഷ്ട്രപതി അംഗീകാരവും നല്‍കി. വളരെ വേഗത്തിലാണ് ബില്ലവതരിപ്പിച്ച് നിയമമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. രാജ്യസഭയില്‍ അമിത്ഷായുടെ പ്രഖ്യാപനംവന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. രാഷ്ട്രപതിയുടെ ഉത്തരവ് അനുസരിച്ച് ജമ്മുകശ്മീര്‍ ഇന്ത്യയുടെ വെറുമൊരു സംസ്ഥാനമാണ്. പ്രത്യേകമായി ജമ്മുകശ്മീര്‍ ജനത അനുഭവിച്ചുവന്നിരുന്ന എല്ലാ അവകാശങ്ങളും റദ്ദാക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന ഭരണഘടനാ അസംബ്ലിയായിരുന്ന ജമ്മുകശ്മീര്‍ നിയമസഭ ഇനി വെറും സംസ്ഥാന നിയമസഭ മാത്രം. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്ക് ലക്ഷദ്വീപ് പോലെ ഒരു കേന്ദ്ര ഭരണ പ്രദേശമായും മാറി.

ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമാണ് ജമ്മുകശ്മീരും ലഡാക്കും. ഒരു വശത്ത് ചൈനയും മറുവശത്ത് പാക്കിസ്താനും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പതിറ്റാണ്ടുകളായി പരിശ്രമിക്കുകയാണിവിടെ. ഇന്ത്യയും ചൈനയും പങ്കുവെക്കുന്ന തടാകമാണ് ലഡാക്കിലെ പാന്‍ഗോങ്. ഈ തടാകത്തിന്റെ വടക്കേ തീരം കേന്ദ്രീകരിച്ച് ചൈന നിരന്തരം കടന്നുകയറ്റ ശ്രമം നടത്തുന്നുണ്ട്. കശ്മീരില്‍ പാക് അധിനിവേശ കശ്മീരില്‍നിന്നും ഭീകരര്‍ നുഴഞ്ഞുകയറുന്നത് നിത്യസംഭവമാണ്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും രാജ്യത്തിന്റെ അതിര്‍ത്തി രക്ഷയും തമ്മില്‍ ബന്ധമെന്താണെന്ന ചോദ്യം അപ്രസക്തമാണ്. കാരണം ആര്‍ട്ടിക്കിള്‍ 370 കശ്മീരിനു കൂടുതല്‍ സ്വയംഭരണം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയുടെ അഖണ്ഡതക്ക് എതിരായി കശ്മീരിന് മുന്നോട്ടു പോകാനാകുമായിരുന്നില്ല. കാരണം കശ്മീര്‍ നിയമനിര്‍മാണസഭക്ക് ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകള്‍ കൊണ്ട്‌വരാനുള്ള അധികാരമില്ല.

ഇന്ത്യയുടെ അവിഭാജ്യഭാഗം തന്നെയാണ് കശ്മീര്‍. ഇന്ത്യന്‍ യൂണിയനില്‍നിന്നും കശ്മീര്‍ ഉള്‍പ്പെടെ ഒരു സംസ്ഥാനത്തിനും വിട്ട്‌പോകാനാവില്ല. മാത്രമല്ല, പര്‍ലമെന്റിന് യൂണിയന്‍ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളില്‍ നിയമം ഉണ്ടാക്കാം. പക്ഷേ കശ്മീര്‍ നിയമസഭയുടെ അനുവാദത്തോടെയേ നടപ്പിലാക്കാനാകൂ എന്നതായിരുന്നു പ്രത്യേക പദവിയിലെ ഒരു വിവക്ഷ. എന്നാല്‍ തീവ്രവാദം സംബന്ധിച്ച നിയമങ്ങള്‍, പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം, ഇന്ത്യന്‍ പതാകയോടും, ഭരണ ഘടനയോടും ദേശീയഗാനത്തോടുമുള്ള ബഹുമാനം തുടങ്ങിയ കാര്യത്തിലൊന്നും കശ്മീരിന് സ്വന്തം നിലക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ ദേശസുരക്ഷയെ ബാധിക്കുന്ന ഒരു തീരുമാനവും കശ്മീരികള്‍ക്ക് എടുക്കാന്‍ സാധിക്കില്ല. മാത്രമല്ല, പ്രത്യേക പദവിയിലൂടെ കശ്മീരിനുണ്ടായിരുന്ന ചില പ്രത്യേക അധികാരങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കുമുണ്ട്. ഇതര സംസ്ഥാനക്കാര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാന്‍ കഴിയുമായിരുന്നില്ല. സമാന നിയമം നാഗാലാന്റിലും മിസ്സോറാമിലും ഉണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും കണക്കിലെടുത്ത് വിവിധ ജനവിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 371 പ്രകാരം ഗുജറാത്തിനും മഹാരാഷ്ട്രക്കും ഗോവക്കും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്കും പ്രത്യേക അധികാരങ്ങളുണ്ട്. ഇതില്‍ മിക്കതും ബി.ജെ.പി ഭരിച്ചിട്ടുള്ളതോ, ഭരിക്കുന്നതോ ആയ സംസ്ഥാനങ്ങളാണ്. ഈസംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അധികാരം നീക്കം ചെയ്യണമെന്ന് ബി.ജെ.പി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
കശ്മീരിന് പ്രത്യേക പദവി ലഭിച്ച സാഹചര്യം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തികച്ചും വിഭിന്നമായിരുന്നു. ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം കശ്മീര്‍ രാജാവായിരുന്ന ഹരിസിംഗ്, കശ്മീരിനെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താനാണ് തീരുമാനിച്ചത്. പിന്നീട് പാക്-ആര്‍മിയുടെ പിന്തുണയോടെ ഗോത്ര വര്‍ഗക്കാര്‍ കശ്മീര്‍ ആക്രമിക്കുകയും തുടര്‍ന്നുണ്ടായ അസാധാരണമായ രാഷ്ട്രീയ കാലാവസ്ഥയില്‍ കശ്മീര്‍ ഇന്ത്യയോട് ചേരാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. കശ്മീര്‍ രാജാവ് ഹരിസിങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കശ്മീര്‍ മൂന്നു വിഷയങ്ങളില്‍ ഇന്ത്യക്ക് കീഴടങ്ങുകയായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയായിരുന്നു അത്.

ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്‌റു കശ്മീരി ജനതക്ക് കൊടുത്ത വാക്ക് ‘കാശ്മീരിനു സ്വന്തന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ ആന്തരിക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു’. അതിന്റെ ഫലമായുണ്ടായതാണ് ആര്‍ടിക്കിള്‍ 370. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ കശ്മീരികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 35 എ വകുപ്പും ഇല്ലാതാകും. ഇതുവരെ കശ്മീരികളുടെ മാത്രമായിരുന്ന ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ ജോലിയും ഇതര സംസ്ഥാനക്കാര്‍ക്കും ലഭ്യമാകും. ആര്‍ക്കും ഇനി ജമ്മുകശ്മീരില്‍ പോയി പഠനം നടത്താം. ഇതുവരെ ആറ് വര്‍ഷമായിരുന്ന ജമ്മു കശ്മീര്‍ നിയമസഭയുടെ കാലാവധി ഇനി അഞ്ച് വര്‍ഷമാകും.

ഇന്ത്യയില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണ് ജമ്മു കശ്മീര്‍. ആകെ ജനങ്ങള്‍ ഒന്നേകാല്‍ കോടിയില്‍ താഴെയാണ്. കശ്മീരില്‍ 69.1 ലക്ഷവും ജമ്മുവില്‍ 53.50 ലക്ഷവും ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഡിവിഷനായിരുന്നു ലഡാക്കില്‍ 2.74 ലക്ഷവുമാണ് ജനസംഖ്യ. ജനസംഖ്യയില്‍ ഭൂരിപക്ഷം മുസ്‌ലിംകളുള്ള ഏക സംസ്ഥാനവും ജമ്മു കശ്മിരായിരുന്നു. കശ്്മീരികളില്‍ 69 ശതമാനം പേരും മുസ്‌ലിംകളാണ്. ഹിന്ദുക്കള്‍ 29 ശതമാനം. 2011 ലെ സെന്‍സസ് അുസരിച്ചാണ് ഈ കണക്ക്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നതോടെ ഈ കണക്കില്‍ ഏറെ വ്യത്യാസമുണ്ടാകും. പ്രത്യേക പദവി എടുത്തുമാറ്റുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത് സംസ്ഥാനത്തിന്റെ വികസനമോ, ദേശസുരക്ഷയോ മാത്രമാണെന്ന് കരുതാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതും ഇതാണ്. ജമ്മു കശ്മീരില്‍ ഇതര സംസ്ഥാനക്കാര്‍ക്കും ഭൂമി വാങ്ങി സ്ഥിര താമസക്കാരാകാം എന്ന നില ജമ്മു കശ്മീരിന്റെ സാമൂഹ്യ ഘടനയിലുണ്ടാക്കുന്ന മാറ്റം പ്രവചനാതീതമാണ്.

വ്യക്തമായ മുന്നൊരുക്കത്തോടെയാണ് ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് രണ്ട് മൂന്ന് ദിവസമായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ യുദ്ധസാഹചര്യത്തില്‍ പോലും ഇല്ലാത്തവിധമാണ് ശക്തിപ്പെടുത്തിയത്. പതിനായിരത്തോളം അര്‍ധസൈനികരെ വിന്യസിക്കുമെന്നാണ് കേന്ദ്രം വെളിപ്പെടുത്തിയതെങ്കിലും 40,000 ത്തോളം അര്‍ധസൈനികരെയാണ് ജമ്മുകശ്മീരിലേക്ക് അയച്ചത്. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി.

വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രികരോടും കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സാജിദ് ലോണ്‍ തുടങ്ങിയ നേതാക്കള്‍ വീട്ടുതടങ്കലിലാണ്. ബന്ദിന്റെ പ്രതീതിയിലാണ് ജമ്മുകശ്മീര്‍. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ. അടിയന്തര ഘട്ടങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ വൈമുഖ്യം കാണിക്കുകയാണ്. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും സ്‌ഫോടനാത്മകമാണെന്ന വിലയിരുത്തല്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ജമ്മു കശ്മീര്‍ നിയമസഭയുടെ അംഗീകാരത്തോടെ മാത്രമേ പ്രത്യേക പദവി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുള്ളൂ. കശ്മീരികള്‍ വികാരപരമായി വിഷയത്തെ സമീപിക്കുന്നതിന്പകരം നിയമപരമായി മുന്നോട്ടു പോകുകയാണെങ്കില്‍ നീണ്ട നിയമയുദ്ധത്തിനാണ് സാധ്യത.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുകയെന്നത് സംഘ്പരിവാറിന്റെ ആറു പതിറ്റാണ്ടിലേറെയായുള്ള മുദ്രാവാക്യമായിരുന്നു. ബി.ജെ. പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി ഈ ഭരണഘടന വകുപ്പിനെതിരെ ഇത് ഉണ്ടാക്കിയ കാലത്ത് തന്നെ രംഗത്ത് എത്തിയിരുന്നു. ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രവാക്യം ഉയര്‍ത്തിയായിരുന്നു എതിര്‍പ്പ്. പിന്നീട് ജനസംഘത്തിന്റെയും, ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയ മുദ്രാവാക്യങ്ങളില്‍ പ്രധാനപ്പെട്ട ഇനമായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയും എന്നത്.

രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ്, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുക എന്നീ മൂന്ന് മുദ്രാവാക്യങ്ങളാണ് ബി.ജെ.പി രൂപീകരണ ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ മുന്നോട്ടു വെച്ചത്. ഈ മുദ്രാവാക്യങ്ങളിലൊന്ന് അസാധാരണ സാഹചര്യം സൃഷ്ടിച്ച് ബി.ജെ.പി പ്രാബല്യത്തിലെത്തിച്ചിരിക്കുന്നു. ഇനി രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ് എന്നിവയും അപ്രതീക്ഷിത നീക്കങ്ങളിലൂടെ നിര്‍മിക്കുമെന്ന സൂചനയാണ് ബി.ജെ.പി നല്‍കുന്നത്.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending