മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം കേന്ദ്ര സര്‍ക്കാറിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ചാലും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാകില്ലെന്ന് ശിവസേന. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്നും ഒരു അസംബ്ലി തെരഞ്ഞെടുപ്പിനു വേണ്ടി കേന്ദ്ര ഭരണം സ്തംഭിപ്പിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ടെന്നും ശിവസേനാ എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് ശിവസേന.
‘അസംബ്ലി തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴൊക്കെ കേന്ദ്ര സര്‍ക്കാറിന്റെ മുഴുവന്‍ സംവിധാനങ്ങളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രചരണത്തിനായി പോവുകയാണ്. ഇത് രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും ഭരണത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട് എന്നോര്‍ക്കണം.’ – പി.ടി.ഐയുമായുള്ള അഭിമുഖത്തില്‍ സഞ്ജയ് റാവത്ത് പറഞ്ഞു.
‘കര്‍ണാടകയില്‍ ഇപ്പോള്‍ ഒരു പൊടിക്കാറ്റ് ആഞ്ഞുവീശുകയാണ്. അതടങ്ങുമ്പോള്‍ കോണ്‍ഗ്രസ് നമ്പര്‍ വണ്‍ പാര്‍ട്ടിയാവും. ജനങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.’
ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റ് ആഞ്ഞുവീശുമ്പോള്‍ കര്‍ണാടകയില്‍ പ്രചരണത്തില്‍ മുഴുകിയ യോഗി ആദിത്യനാഥിന്റെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നിടത്തൊക്കെ പ്രധാനമന്ത്രി പ്രചരണം നടത്തേണ്ടി വരുന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ഭാരവാഹികളെ വിശ്വസിക്കുന്നില്ല എന്നതിനു തെളിവാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Be the first to write a comment.