ബൊംബാലിം (ഗോവ): സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ആദ്യ മത്സരത്തില്‍ കേരളത്തിന് ജയം. റെയില്‍വേസിനെതിരെ രണ്ടിനെതിരെ നാലു ഗോളിന് വീഴ്ത്തിയാണ് കേരളം വിജയത്തോടെ തുടങ്ങിയത്. ഒരു ഗോളില്‍ പിറകില്‍ നിന്ന ശേഷം ജോബി ജസ്റ്റിന്റെ ഹാട്രിക് കരുത്തിലായിരുന്നു കേരള വിജയം.

17-ാം മിനുട്ടില്‍ മലയാളി താരം രാജേഷിന്റെ ഗോളില്‍ റെയില്‍വേസ് മുന്നിലെത്തിയിരുന്നു. എന്നാല്‍ നാലു മിനുട്ട് മാത്രമേ ആ ലീഡ് നിലനിന്നുള്ളൂ. 21-ാം മിനുട്ടില്‍ ജോബി ജസ്റ്റിന്‍ കേരളത്തെ ഒപ്പമെത്തിച്ചു. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ജോബി ലീഡുയര്‍ത്തി. 63-ാം മിനുട്ടിലും തിരുവനന്തപുരത്തുകാരന്‍ വലയില്‍ പന്തെത്തിച്ചു. ക്യാപ്ടന്‍ ഉസ്മാന്റെ ഹെഡ്ഡറില്‍ നിന്നായിരുന്നു കേരളത്തിന്റെ നാലാം ഗോള്‍.

ആദ്യജയത്തോടെ തന്നെ കേരളം ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തി.