ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍സെല്‍വത്തെ മാറ്റി ശശികല ആ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. മുതിര്‍ന്ന നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായി എം തമ്പിദുരൈയാണ് ഇപ്പോള്‍ ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി വരാനിരിക്കുന്നതുമൂലം ഇത് മാറ്റിവെക്കുകയായിരുന്നു. റവന്യൂ മന്ത്രി ഉദയകുമാറും പാര്‍ട്ടി വക്താവ് സി പൊന്നയ്യനും ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് പാര്‍ട്ടിയിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.

പാര്‍ട്ടിയെ നയിക്കുന്നത് ഒരാളും ഭരിക്കുന്നത് മറ്റൊരാളുമായാല്‍ ആശയക്കുഴപ്പങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഇടയാക്കുമെന്നാണ് തമ്പിദുരൈ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിയ്ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ ശശികലക്കേ കഴിയൂ എന്നും തമ്പിദുരൈ പറയുന്നു.