ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന പരാമനര്‍ശവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജിയുടെ പരാമര്‍ശങ്ങള്‍.

മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തനിക്കും സംശയങ്ങളുണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ആശ്പത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അവര്‍ക്ക് ശരിയായ ഭക്ഷണക്രമമല്ല നല്‍കിയിരുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ അവരുടെ മരണത്തിന് ശേഷമെങ്കിലും സത്യം പുറത്തുവരണമെന്നും വൈദ്യലിംഗം പറയുന്നു. എന്തുകൊണ്ടാണ് മൃതദേഹം ദഹിപ്പിക്കാതിരുന്നതെന്നും കോടതി ചോദിച്ചു.

75ദിവസത്തോളമാണ് ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ജയലളിത ചികിത്സയില്‍ കഴിഞ്ഞത്. പനിയും നിര്‍ജ്ജലീകരണവും മൂലമാണ് ആസ്പ്ത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും അസുഖം ഭേദമായി സാധാരണ നിലയിലേക്ക് അവര്‍ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരണത്തിന് ശേഷം സംശയങ്ങളുമായി പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയില്‍ നിന്നുതന്നെ ഇത്തരത്തിലുള്ളൊരു സംശയം ഉയരുന്നത്.