ചെന്നൈ: കൂവത്തൂരിലെ റിസോര്‍ട്ടിലുള്ള എം.എല്‍.എമാരുടെ പിന്തുണക്ക് വേണ്ടി ശശികലയുടെ അവസാന വട്ട ശ്രമം. കൂവത്തൂരിലെത്തി ജയലളിതയുടെ അവസാനവാക്കുകള്‍ പറഞ്ഞ് വികാരാധീനയാവുകയായിരുന്നു അവര്‍. അണ്ണാഡി.എം.കെ എം.എല്‍.എമാര്‍ കൂറുമാറിത്തുടങ്ങിയ സാഹചര്യത്തില്‍ അവരെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ് ശശികല.

ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ എത്തി എം.എല്‍.എമാരെ സന്ദര്‍ശിക്കുകയായിരുന്നു അവര്‍. പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരേയും അനുവദിക്കരുതെന്ന് ജയലളിത അവസാനമായി തന്നോട് പറഞ്ഞെന്ന് ശശികല പറഞ്ഞു. ജീവന്‍ കൊടുത്തും പാര്‍ട്ടിയെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്ത ശശികല ഇടക്ക് വികാരാധീനയായി. ജയലളിതയുടെ ചിത്രത്തിന് മുന്നില്‍ പാര്‍ട്ടിയുടെ നിയന്ത്രണം മറ്റാര്‍ക്കും നല്‍കില്ലെന്ന് ശശികലയും എം.എല്‍.എമാരും പ്രതിജ്ഞയെടുത്തു.

എല്ലാ എം.എല്‍.എമാരും അധികമൊന്നും വിദ്യാഭ്യാസമില്ലാത്തവരാണ്. എന്നാല്‍ അമ്മ അങ്ങനെയായിരുന്നില്ല. അവര്‍ നല്‍കിയ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് എല്ലാവരും എം.എല്‍.എമാരായത്. സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്ന് അമ്മ നമ്മെ വളര്‍ത്തിയ കാര്യം ആരും മറന്നുകൂടായെന്നും ശശികല പറഞ്ഞു. മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിന് മുന്നിലും എം.എല്‍.എമാര്‍ പ്രതിജ്ഞ എടുക്കേണ്ടിവരുമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

അതേസമയം, തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഗവര്‍ണര്‍ സി.വിദ്യാറാവുവിന്റെ തീരുമാനം ഇന്നുണ്ടായേക്കും. രാവിലെ 11.30നായിരുന്നു പനീര്‍സെല്‍വം ഗവര്‍ണറെ സന്ദര്‍ശിക്കാനിരുന്നത്. ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിക്കുമെന്നും ശശികല അറിയിച്ചു.