അമരാവതി: ആന്ധ്രാപ്രദേശിലെ എല്ലാ സ്‌കൂളുകളും നവംബര്‍ രണ്ടിന് തുറക്കുമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗ്ഗന്‍മോഹന്‍ റെഡ്ഡി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായി സംസാരിക്കുന്നതിനിടെ സ്‌കൂളുകള്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനായി കര്‍ശനമായ ചിട്ടകളോട് കൂടിയ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസവും രണ്ട്,നാല്,ആറ്,എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് അടുത്ത ദിവസവും എന്ന രീതിയില്‍ ഇടവിട്ട ദിവസങ്ങളിലാവും ക്ലാസുകള്‍ നടത്തുക. ഒരേ സമയം ഒരുപാട് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ തടിച്ചു കൂടുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണം. ഉച്ചവരെ മാത്രമേ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കൂ. ഉച്ചഭക്ഷണം കഴിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലേക്ക് പോകാം.

750-ലേറെ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ മൂന്ന് ദിവസത്തിലൊരിക്കലാവും ക്ലാസുകളുണ്ടാവുക. സ്‌കൂളിലേക്ക് വരാന്‍ കഴിയാത്തവര്‍ക്കും കോവിഡ് ഭീതി മൂലം വരാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഓണ്‍ലൈനില്‍ പഠനം തുടരാനും അവസരമുണ്ടാവും. സ്‌കൂളുകള്‍ തുറക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.