സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസീസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ഓസീസ് നിരയില്‍ പരിക്കേറ്റ മാര്‍ക്കസ് സ്റ്റോയ്‌നിസിന് പകരം മോയിസ് ഹെന്റിക്വസ് ഇടംനേടി.

ആദ്യ മത്സരം നടന്ന സിഡ്‌നിയില്‍ തന്നെയാണ് ഇന്നത്തെ മത്സരവും. ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ കൂറ്റന്‍ സ്‌കോര്‍ നേടിയതിന്റെയും 66 റണ്‍സ് ജയത്തിന്റെയും ആത്മവിശ്വാസത്തിലാണ് ഓസീസ്.

പരമ്പരയില്‍ 1-0ന് മുന്നിലുള്ള കംഗാരുക്കള്‍ ഇന്നത്തെ മത്സരം ജയിച്ച് പരമ്പര പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ആദ്യ മത്സരത്തിലെ പിഴവുകള്‍ തിരുത്തി പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യയും ലക്ഷ്യമിടുന്നു.

ആദ്യ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും ഇന്നും ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും. ഗ്ലെന്‍ മാക്‌സ്‌വെല്ലും ഫോമിലെത്തിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടിപ്പത് പണിയാകും.ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങ് അമ്പേ പരാജയപ്പെട്ടിരുന്നു. ഷമി ഒഴികെ മറ്റാര്‍ക്കും തന്നെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല.