മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ മോശം ഫോം തുടരുന്ന റയല്‍ മാഡ്രിഡില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്യാപ്ടന്‍ സെര്‍ജിയോ റാമോസും തമ്മില്‍ അഭിപ്രായ വ്യത്യാസം. ചില പ്രധാന കളിക്കാരെ ക്ലബ്ബ് വിടാന്‍ അനുവദിച്ചതാണ് ടീമിന്റെ ഇപ്പോഴത്തെ മോശം ഫോമിന് കാരണമെന്ന് ക്രിസ്റ്റിയാനോ അഭിപ്രായപ്പെട്ടതാണ് റാമോസിനെ ചൊടിപ്പിച്ചത്. ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നേടിയ പോര്‍ച്ചുഗീസ് താരത്തെ പരസ്യമായി വിമര്‍ശിച്ച് സ്പാനിഷ് താരം രംഗത്തു വന്നു.

പ്രതിരോധ താരം പെപ്പെ, സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ട, മിഡ്ഫീല്‍ഡര്‍ ഹാമിസ് റോഡ്രിഗ്വസ് തുടങ്ങി നിരവധി കളിക്കാരെ ട്രാന്‍സ്ഫര്‍ ഇടവളയില്‍ റയല്‍ ക്ലബ്ബ് വിടാന്‍ അനുവദിച്ചിരുന്നു. ടീമിന്റെ പ്രകടനത്തെ ഇത് ബാധിച്ചുവെന്നാണ് റൊണാള്‍ഡോ അഭിപ്രായപ്പെട്ടത്.

എന്നാല്‍, ക്രിസ്റ്റ്യാനോയുടേത് അവസരവാദപരമായ അഭിപ്രായമാണെന്നും റയല്‍ ടീം ഇപ്പോഴും ശക്തമാണെന്നും റാമോസ് പറഞ്ഞു: ‘ഞാന്‍ ക്രിസ്റ്റ്യാനോയോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായം അവസരവാദമാണ്. നമ്മള്‍ രണ്ട് സൂപ്പര്‍ കപ്പുകള്‍ (യുവേഫ സൂപ്പര്‍ കപ്പ്, സ്പാനിഷ് ലൂപ്പര്‍ കോപ്പ) നേടിയപ്പോള്‍ ആര്‍ക്കും ഒരു ശക്തിക്കുറവും തോന്നിയില്ല. ചില പരിക്കുകളാണ് പ്രശ്‌നമായത്. എല്ലാവരും ഒന്നിച്ചുണ്ടാകുമ്പോള്‍ ടീം ശക്തമാണ്. ടീം മാറി എന്നത് ശരിയാണ്. എന്നാല്‍ എല്ലാവര്‍ക്കും തങ്ങളുടേതായ ഉത്തരവാദിത്തങ്ങളുണ്ട്.’ സ്‌പെയിനിലെ കഡേന റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ റാമോസ് പറഞ്ഞു.