തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിന് 48 മണിക്കൂറിനുള്ളില്‍ ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു.

48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിക്കണ്ടത്. രോഗം ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നല്‍കണം. ഇതിനൊപ്പം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലും തീര്‍ഥാടകര്‍ ബുക്ക് ചെയ്യണം. തീര്‍ഥാടനത്തിനുള്ള ഓരോ പ്രവേശന കവാടങ്ങളിലും കോവിഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണം.

നിലയ്ക്കലില്‍ എത്തുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും. ഇതിന്റെ ചെലവ് തീര്‍ഥാടകര്‍ തന്നെ വഹിക്കണം. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ 1000 തീര്‍ഥാടകരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളു. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേരെ വരെ അനുവദിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.