തിരുവനന്തപുരം: ഡിവൈഎഫ്‌ഐയെ പേടിച്ച് യൂത്ത് കോണ്‍ഗ്രസ് പൊതുപ്രവര്‍ത്തനം നിര്‍ത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുന്ന ഗുണ്ടാ സംഘങ്ങള്‍ ഞങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ വരേണ്ട. യുവാക്കള്‍ക്ക് വേണ്ടി എഐഎസ്എഫ് പറഞ്ഞതുപോലെ പറയാനുള്ള ത്രാണിപോലും ഡിവൈഎഫ്‌ഐക്ക് ഇല്ലെന്നും ഷാഫി പറഞ്ഞു. പിഎസ്‌സി ആസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് സമരപന്തലിലേക്ക് ഡിവൈഎഫ്‌ഐ അക്രമണം നടത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഷാഫി.

സര്‍ക്കാര്‍ വഞ്ചിച്ച ചെറുപ്പക്കാര്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നത്. ഇതിനെതിരെയാണ് മുഖ്യമന്ത്രിയില്‍ നിന്ന് അസഹിഷ്ണുത കണ്ടുപഠിച്ച ഡിവൈഎഫ്‌ഐക്കാര്‍ അക്രമം നടത്തുന്നത്. ചെറുപ്പക്കാര്‍ക്ക് വേണ്ടി സമരം വേണ്ടെന്നാണ് ഡിവൈഎഫ്‌ഐ അക്രമം കൊണ്ട് അര്‍ത്ഥമാക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സമരം പ്രകോപനപരമായിരുന്നില്ല. അതിന് മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികളാണ്.

കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല. വെഞ്ഞാറമൂട് സംഭവത്തിന് പിന്നില്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കൊലപാതകം ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇല്ല. വെഞ്ഞാറംമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിപരമായ വൈരാഗ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷാഫി പറഞ്ഞു.