തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ കുത്തിയിരിപ്പുസമരവുമായി പൊലീസ് അസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സമരം നടത്തിയ എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ.എസ്.ശബരിനാഥന്‍ എന്നിവരെ അറസ്റ്റു ചെയ്തു നീക്കി. എംഎല്‍എമാര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ പൊലീസ് വാഹനം ചേര്‍ത്തുനിര്‍ത്തി ഹോണ്‍ മുഴുക്കുകയും ചെയ്തിരുന്നു. പൊലീസ് വാഹനത്തിന് പോകാന്‍ സ്ഥലമുണ്ടായിട്ടും എംഎല്‍എമാര്‍ക്ക് നേരെ പൊലീസ് വാഹനം തിരിയുകയായിരുന്നു. നിരന്തരം ഹോണ്‍ മുഴക്കിയതോടെ വണ്ടി നെഞ്ചത്ത് കൂടി കയറ്റി കൊണ്ടുപോകാന്‍ ഷാഫി പറമ്പില്‍ എംഎല്‍എ പറയുകയായിരുന്നു.

ഉച്ചയ്ക്കുശേഷമാണ് എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള 11 അംഗസംഘം പൊലീസ് ആസ്ഥാനത്തേക്കെത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇവര്‍ പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ കുത്തിയിരുന്നു.വര്‍ഗീയത പറഞ്ഞും രക്തത്തില്‍ കുളിപ്പിച്ചും പ്രതിഷേധം അവസാനിപ്പിക്കാനാകില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ വി.ടി.ബല്‍റാം എംഎല്‍എ അടക്കമുള്ളവരുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.