ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദുബൈ ജിമ്മില്‍ ഇരുവരും പ്രാക്ടീസ് ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റിയാനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

നിങ്ങളെ കാണുമ്പോഴെല്ലാം സന്തോഷം ബ്രോ.. എന്നാണ് താരം ചിത്രത്തിന് തലക്കെട്ടു നല്‍കിയിട്ടുള്ളത്. ചിത്രം ഷെയര്‍ ചെയ്ത ഹംദാന്‍ സുഹൃത്തേ എല്ലായ്‌പ്പോഴും സ്വാഗതം എന്ന് പ്രതികരിച്ചു.

ദുബൈയിലെ നാദ് അല്‍ ഷെബ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ജിമ്മിലാണ് ഇരുവരും ഒന്നിച്ചത്.

ഈ വര്‍ഷത്തെ ദുബൈ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് കോണ്‍ഫറന്‍സിലെ പ്രധാനപ്പെട്ട പ്രഭാഷകരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ. ഫുട്‌ബോള്‍ അറ്റ് ദ ടോപ് എന്ന ആശയത്തിലാണ് കോണ്‍ഫറന്‍സിന്റെ 15-ാമത് പതിപ്പ് നടക്കുന്നത്. ഫിഫ ഫുട്‌ബോള്‍ ഓഫ് ദ ഇയര്‍ റോബര്‍ട്ട് ലവന്‍ഡോവ്‌സ്‌കി, ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കാസില്ലസ് തുടങ്ങിയവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.