ദര്‍ബന്‍: സൗത്ത് ആഫ്രിക്കയിലെ ദര്‍ബനിലെ മുസ്‌ലിം ആരാധനാലയത്തില്‍ നടന്ന ആക്രമണത്തില്‍ ഇമാം കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ തുറമുഖ നഗരമായ വെര്‍ലമിലാണ് അക്രമം നടന്നത്. ഹുസൈന്‍ മോസ്‌കിലായിരുന്നു അക്രമം നടന്നത്. അക്രമത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് അക്രമത്തിന് പിന്നിലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഭരണകൂട വക്താക്കള്‍ അറിയിച്ചു. ഉച്ചയ്ക്കുള്ള പ്രാര്‍ത്ഥന നടക്കവെ ആയുധധാരികള്‍ ആരാധനാലയത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം വെടിയുതിര്‍ത്തു. ഇവരുടെ പക്കല്‍ കത്തിയും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാജ്യത്തെ 55 മില്യണ്‍ ജനസംഖ്യയില്‍ 1.5 ശതമാനം മാത്രമാണ് മുസ് ലിംകള്‍. കഴുത്തറുത്താണ് ഇമാമിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സൂക്ഷിപ്പുകാരനും വിശ്വാസിയ്ക്കുമാണ് പരിക്കേറ്റത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു.