ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന തീരുമാനിച്ചു. ഇന്നു രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ലോക്‌സഭയിലെ ഇന്ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമോ എന്നതു സംബന്ധിച്ച് ഇന്നു തീരുമാനിക്കുമെന്ന് നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.

നേരത്തെ അവിശ്വാസപ്രമേയത്തെ എതിര്‍ക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ശിവസേന നേതൃത്വ്ം നല്‍കിയിരുന്നെങ്കിലും പിന്നീട് നിലപാടില്‍ നിന്ന് പിന്മാറുകയായിരുന്നു. ശിവസേനക്കു ലോക്‌സഭയില്‍ 18 സീറ്റുകളാണ് ഉള്ളത്. ശിവസേന വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്നതോടെ എന്‍ഡിഎയുടെ പിന്തുണ 295 ആയി ചുരുങ്ങി.

സഭയില്‍ 20 അംഗങ്ങളുള്ള ബിജു ജനതാദള്‍ (ബി.ജെ.ഡി) നേരത്തെ തന്നെ പ്രതിപക്ഷത്തെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. തങ്ങള്‍ ബി.ജെ.പി സര്‍ക്കാറിന് എതിരാണെന്നും അതിനാല്‍ പ്രതിപക്ഷത്തെ പിന്തുണക്കുമെന്നും പാര്‍ട്ടി നേതാവ് ഭര്‍ത്തൃുഹരി മഹാബാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി)യാണ് അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി ഇന്നത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. കര്‍ഷക പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, വിദേശനയം, ആള്‍ക്കൂട്ടക്കൊല, ദളിത് പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും. ഇതിനു പിന്നാലെയാണ് വോട്ടെടുപ്പ് നടക്കുക.