കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ശുഹൈബ് സുഹൃത്തുക്കള്‍ക്കയച്ച വധഭീഷണി സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ചിലര്‍ പിന്തുടരുന്നതായി ശുഹൈബ് പറയുന്നുണ്ട്.

ശുഹൈബിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പിതാവ് പറഞ്ഞു. ജയിലില്‍ വെച്ച് സി.പി.എം തടവുകാര്‍ ഷുഹൈബിനെ ആക്രമിച്ചിരുന്നു. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും ശുഹൈബിന്റെ പിതാവ് പറഞ്ഞു.

ശുഹൈബിനോട് സിപിഎമ്മിന് രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് എടയന്നൂര്‍ സ്‌കൂളിലെ പ്രശ്‌നത്തില്‍ കെ.എസ്.യുവിനുവേണ്ടി ഇടപെട്ടതാണ് ശത്രുതയ്ക്ക് കാരണം. പിന്നീട് സി.ഐ.ടിയുക്കാരെ ആക്രമിച്ചെന്നു പറഞ്ഞ് കള്ളക്കേസില്‍ കുടുക്കി. പലതവണ വധഭീഷണിയുണ്ടായി. ജയിലില്‍വെച്ചും കൊല്ലാന്‍ ശ്രമമുണ്ടായിരുന്നെന്നും മുഹമ്മദ് പറഞ്ഞു. പൊലീസ് നടപടിയില്‍ തൃപ്തനല്ലെന്നും മുഹമ്മദ് പറഞ്ഞു.

അതേസമയം, സി.പി.എം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലാണ് ശുഹൈബ് വധമെന്നാണ് എഫ്.ഐ.ആര്‍. കേസന്വേഷണത്തിന്റെ ഭാഗമായി മൂപ്പത് പേരെ മട്ടന്നൂര്‍ പൊലീസ് ചോദ്യം ചെയ്തു.