തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊല്ലാനുള്ള ഗൂഢാലോചന ആറു മാസത്തിന് മുമ്പേ തുടങ്ങിയതായി സൂചനകള്‍. ഷുഹൈബിന്റെ വധവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ടി.പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാനും ജയില്‍ മാറ്റാനുമുള്ള തീരുമാനവും ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാണ് സൂചന. പ്രതികളെ പരോളിലിറക്കാനും ജയില്‍ മാറ്റാനും സി.പി.എം ഒക്‌ടോബറില്‍ തന്നെ തീരുമാനിച്ചിരുന്നു. ഇത്പ്രകാരം ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചത് അനുസരിച്ച് കഴിഞ്ഞ നവംബര്‍ മൂന്നിനാണ് പരോള്‍ റിവ്യു കമ്മിറ്റി ചേര്‍ന്ന് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. കൊലപാതകം നടക്കുന്ന സമയത്തിന് തൊട്ടുമുമ്പായി ഇവര്‍ പരോളില്‍ പോകുകയായിരുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 19 പേര്‍ പരോളില്‍ പോയപ്പോള്‍ ഗൂഢാലോചനകള്‍ക്ക് ചുക്കാന്‍ പിടിക്കാനായി ഒരു സംഘത്തെ പൂജപ്പുര ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. അണ്ണന്‍ സിജിത്തിനെയും ട്രൗസര്‍ മനോജിനേയും സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെ ജയില്‍ മാറ്റിയ നടപടിയും കൂട്ടിവായിക്കുമ്പോള്‍ ആരോപണം അടിവരയിട്ടുറപ്പിക്കാം. ഒരു മാസം മുമ്പാണ് ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂരിലേക്കു മാറ്റിയത്. ഇതേ സമയത്താണ് കേസിലെ മുഖ്യപ്രതി കൊടി സുനി ഉള്‍പ്പെടെ 19 പ്രതികള്‍ പരോളില്‍ പോയത്. ജയിലില്‍ കിടന്ന് പോലും ഗൂഢാലോചന നടത്തി കൊലപാതകം നടത്താനുള്ള സി.പി.എമ്മിന്റെ കഴിവ് കുപ്രസിദ്ധിയാര്‍ജിച്ചതാണ്. ജനുവരി 23ന് പരോളില്‍ പോയ ഇവര്‍ ഫെബ്രുവരി എട്ടിന് പരോള്‍ കഴിഞ്ഞ് തിരിച്ചെത്തി.

മോഹനന്‍, ജലീല്‍, രാജന്‍, ജാംഷീര്‍, അബുബക്കര്‍, ശശിധരന്‍, അബ്ദുള്‍ ഖാദര്‍, അനില്‍ കുമാര്‍ എന്ന ശ്രീജു, രാകേഷ് എന്ന കുഞ്ഞന്‍, ഫാറൂഖ്, പ്രേം, ഷിനോജ്, പ്രവീണ്‍, സരേഷ്, പ്രേജിത്, അനൂപ്, കൊടി സുന എന്ന സുനില്‍കുമാര്‍, പി.കെ രാജേഷ്, അലി എന്നിവരാണ് പരോളില്‍ പോയത്. ഇവരുടെ പരോളും ഷുഹൈബ് വധക്കേസും തമ്മില്‍ ബന്ധമുണ്ടെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ടി.പിയെ കൊലപ്പെടുത്തിയ അതേ രീതിയില്‍ തന്നെയാണ് ഷുഹൈബിനെയും കൊന്നത്. സി.പി.എം നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ആഭ്യന്തരവകുപ്പ് പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റാന്‍ ജയില്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചത്. ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ടി.പി വധക്കേസിലെ പ്രതികളില്‍ റഫീക്ക് മാത്രമാണ് ഉള്ളത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷമാണ് മനോജിനെ കണ്ണൂര്‍ ജയിലേക്ക് മാറ്റിയത്. ചികിത്സയുടെ ആവശ്യത്തിനായി കണ്ണൂരിലേക്ക് മാറണമെന്ന് മനോജ് അപേക്ഷ നല്‍കിയിരുന്നു.

ഷുഹൈബിനെ ഏതാനും ദിവസം മുന്‍പു സ്‌പെഷ്യല്‍ സബ് ജയിലിനകത്ത് അപായപ്പെടുത്താന്‍ സി.പി.എം തടവുകാര്‍ ശ്രമിച്ചുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് പ്രതികളെ രക്ഷപ്പെടാന്‍ പൊലീസ് സൗകര്യമൊരുക്കി കൊടുത്തതും വിവാദമായിട്ടുണ്ട്. സംഭവം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൊലീസ് വാഹന പരിശോധന നടത്തിയത്.