കൊല്ലം: പത്തനാപുരത്തെ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള മൗണ്ട് താബോര്‍ ദയ്‌റ കോണ്‍വന്റിലെ കന്യാസ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജിലെ അധ്യാപിക സിസ്റ്റര്‍ സൂസനാണ് മരിച്ചത്. കിണറിനു സമീപത്ത് രക്തത്തുള്ളികളും കണ്ടെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. കിണറിനു സമീപത്ത് വലിച്ചിഴച്ചതിന്റെ പാടുകളുമുള്ളതായി പൊലീസ് പറയുന്നു.
കോണ്‍വെന്റിലെ ജീവനക്കാരാണ് മൃതദേഹം ആദ്യമായി കണ്ടത്. കിണറ്റിനു സമീപത്ത് രക്തത്തുള്ളികള്‍ കണ്ടപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ കിണര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സുമെത്തി കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. സഭാവസ്ത്രം ധരിച്ച് കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
മരിച്ച കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയിലായിരുന്നു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് മുടി ലഭിച്ചിട്ടുണ്ട്. മുറിയില്‍ രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.