പദ്മാവതി വിഷയത്തില്‍ ബി.ജെ.പിക്കും ഹിന്ദുത്വ ശക്തികള്‍ക്കുമെതിരെ കലാ രംഗത്തു നിന്നുള്ള പ്രതിഷേധം ശക്തമാവുന്നു. ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന വനിതാ താരങ്ങളിലൊരാളായ സോനം കപൂര്‍ ആണ് ഏറ്റവുമൊടുവില്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലിയുടെയും നടി ദീപിക പദുക്കോണിന്റെയും തലവെട്ടുന്നവര്‍ക്ക് പത്ത് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് സുരാജ് പല്‍ അമുവിനെതിരെയാണ് സോനം രംഗത്തെത്തിയിരിക്കുന്നത്.

ഹരിയാന ബി.ജെ.പി മീഡിയാ കോഡിനേറ്ററായ സുരാജ് പല്‍ അമുവിന്റെ ഭീഷണി ഉള്‍പ്പെടുന്ന വാര്‍ത്ത പരാമര്‍ശിച്ച് സോനം കപൂര്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ: ‘ചുരുളഴിയുന്ന ഈ നാടകം എന്നെ ഭയപ്പെടുത്തുന്നു. ഇത് അസംബന്ധമാണ്. ഇത്തരത്തിലുള്ള ചില ഇന്ത്യക്കാരുടെ കാര്യത്തില്‍ ഞാന്‍ ലജ്ജിക്കുന്നു.’

പതിവു പോലെ സോനം കപൂറിനെതിരെ അസഭ്യ വര്‍ഷവുമായി സംഘ് പരിവാര്‍ അണികള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, അവരെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.