കൊച്ചി: രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ലോകകപ്പിന്റെ ട്രോഫി പ്രദര്‍ശനം ഈ മാസം 17 മുതല്‍. ഡല്‍ഹിയില്‍ നിന്ന് തുടങ്ങുന്ന പര്യടനം സെപ്തംബര്‍ 26ന് കൊച്ചിയില്‍ സമാപിക്കും. ഫിഫ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയാണ് പര്യടന തീയതികള്‍ പ്രഖ്യാപിച്ചത്. സെപ്തംബര്‍ വരെ നീളുന്ന 40 ദിവസത്തെ 9000 കി.മീ നീളുന്ന പര്യടനത്തില്‍ ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന ട്രോഫി നേരിട്ടു കാണാന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവസരമുണ്ടാവും. ലോകകപ്പിന് വേദിയാവുന്ന ആറു നഗരങ്ങളിലാണ് പ്രദര്‍ശനമുണ്ടാവുക.
ഈ മാസം 17 മുതല്‍ 22 വരെയാണ് ഡല്‍ഹി പര്യടനം. ആഗസ്ത് 24 മുതല്‍ 29 വരെ ഗുവാഹത്തിയിലും 31 മുതല്‍ സെപ്തംബര്‍ അഞ്ചു വരെ കൊല്‍ക്കത്തയിലും 6 മുതല്‍ 10 വരെ മുംബൈയിലുമാണ് പ്രദര്‍ശനം. സെപ്തംബര്‍ 14 മുതല്‍ 19 വരെ ഗോവയില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും. 21ന് കേരളത്തിലെത്തുന്ന ട്രോഫി 26 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ലോകകപ്പ് പ്രചാരണ പരിപാടികളുടെ സമാപനമെന്ന നിലക്കാണ് ട്രോഫി പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് എല്‍.ഒ.സി ചെയര്‍മാന്‍ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
പത്തു ലക്ഷത്തിലധികം ഫുട്‌ബോള്‍ ആരാധകര്‍ ട്രോഫി നേരില്‍ കാണാനെത്തുമെന്നാ
ണ് സംഘാടകരുടെ പ്രതീക്ഷ.