തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. സഹോദരന്റെ മരണത്തില്‍ നീതി തേടിയാണ് ശ്രീജിത്ത് സമരം നടത്തിയിരുന്നത്. സി.ബി. െഎ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയ ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചതായി അറിയിച്ചത്. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ മൊഴി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി സമരം നീട്ടികൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്രീജിത്ത് പറഞ്ഞു. രണ്ടുമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പാണ് നടന്നത്. ശ്രീജിത്തും അമ്മയും സിബിെഎ ആസ്ഥാനത്തെത്തിയാണ് മൊഴി നല്‍കിയത്.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുത്തത്. അന്വേഷണ നടപടി തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കു എന്ന് ശ്രീജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ എണ്ണൂറോളം ദിവസങ്ങളായി ശ്രീജിത്ത് സമരത്തിലാണ്. ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സമരം.