Connect with us

Views

ലോക്കപ്പിലെ ഉരുട്ടിക്കൊല സി.പി.എമ്മിന് ഭൂഷണമോ

Published

on

വരാപ്പുഴ ദേവസ്വംപാടത്ത് ഏപ്രില്‍ ആറിന് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഇരുപത്താറുകാരനായ ശ്രീജിത് രാമകൃഷ്ണനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസിന്റെയും പൊലീസ് സര്‍ജന്റെയും ഭാഗത്തുനിന്നുതന്നെ പൊന്തിവന്ന സാഹചര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. റാപിഡ് ഡിപ്ലോയ്‌മെന്റ് ഫോഴ്‌സ് പിടികൂടി മുനമ്പം പൊലീസ് ഏറ്റെടുത്ത് വരാപ്പുഴ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശ്രീജിത് നേരത്തെയുണ്ടായിരുന്ന മുറിവുകള്‍ കാരണമാണ് മരിച്ചതെന്നായിരുന്നു പൊലീസ്-ഭരണ ഭാഷ്യം. എന്നാല്‍ പോസ്റ്റ്-ആന്റി മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനത്തില്‍തന്നെയാണെന്നതിന് ശക്തമായ തെളിവുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് രാജന്‍ എന്ന എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് പൊലീസിന്റെ ഉരുട്ടിക്കൊല മൂലമാണെന്ന ആരോപണം ഉന്നയിച്ചതില്‍ പ്രധാനയാളുകള്‍ അന്നത്തെ സി.പി.എമ്മുകാരായിരുന്നു. അവരുടെ പാര്‍ട്ടി പൊലീസ്-ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ് കേരളത്തെ ഞെട്ടിച്ച് വീണ്ടുമൊരു ഉരുട്ടിക്കൊല ലോക്കപ്പില്‍ നടന്നിരിക്കുന്നത്. നക്‌സലൈറ്റ് രാജന്റെ മരണത്തിനുത്തരവാദിത്തമേറ്റെടുത്ത് കെ. കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച മാതൃക പിന്തുടരാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നാണ് കേരളത്തിന്റെ മന:സാക്ഷി നാലു പതിറ്റാണ്ടിനുശേഷം ഉന്നയിക്കുന്ന ഗൗരമാര്‍ന്ന ചോദ്യം.

എറണാകുളം റേഞ്ച് ഐ.ജി എസ്. ശ്രീജിത് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീജിത്തിന്റെ മരണ കാരണം പൊലീസ് മര്‍ദനമാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ നേരത്തെ തയ്യാറാക്കിയ തിരക്കഥ എഴുതിക്കൊടുക്കുക മാത്രമാണ് ഐ.ജി ചെയ്തത്. എന്നാല്‍ ഇനിയും മറയ്ക്കാനാവാത്ത വിധം സുതാര്യവും അതിനികൃഷ്ടവുമായ മര്‍ദന മുറകളാണ് യുവാവിന്റെ ശരീരത്തില്‍ പൊലീസ് പ്രയോഗിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്. വരാപ്പുഴ എസ്.ഐ ജി.എസ് ദീപക് ശ്രീജിത്തിനെ മര്‍ദിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികളായ പ്രതികള്‍ ഇന്നലെ വെളിപ്പെടുത്തിയത് പൊലീസിന്റെയും സര്‍ക്കാരിന്റെയും വാദങ്ങളെ കൂടുതല്‍ പരിതാപകരമാക്കിയിരിക്കുകയാണ്. പതിനെട്ട് മുറിവുകളാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ ഏറ്റിരിക്കുന്നത്. പലതും അതീവ മാരകമായതും. മരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഏതോ മുന്‍ പക വെച്ചാണ് യുവാവിനെതിരെ മനുഷ്യ മന:സാക്ഷി മരവിക്കുന്ന ക്രൂരത ചെയ്തതെന്നാണ് മനസ്സിലാക്കേണ്ടത്.

ഇടതു നെഞ്ചിലെ പതിനേഴ് സെന്റിമീറ്റര്‍ ആഴമുള്ള ചതവും ജനനേന്ദ്രിയത്തിലെ ചതവുകളും അടിവയറ്റിലെ മുറിവുകളും ഉരുട്ടിക്കൊല നടന്നിരിക്കാമെന്നതിനുള്ള വ്യക്തമായ തെളിവാണ്. പുറമെ മുറിവ് കാണാതിരിക്കാനാണ് ഇരുമ്പു ദണ്ഡില്‍ തുണി ചുറ്റിയുള്ള ഉരുട്ടല്‍ നടത്തിയിരിക്കുന്നത്. കൈകളിലും തുടയിലും മൂക്കിലും മറ്റുമുള്ള മുറിവുകള്‍ യുവാവിന്റെ ബാഹ്യ-ആന്തരികാവയവങ്ങളെ തീര്‍ത്തും നിര്‍ജീവമാക്കിക്കളഞ്ഞു. ജനനേന്ദ്രിയത്തില്‍ രക്തം കട്ട പിടിച്ചുകിടക്കുന്നത് മരണം ഉറപ്പാക്കിയെന്നതിന്റെ തെളിവാണ്. ക്രൂരമായ പീഡനം നടന്നുവെന്ന് മൃതശരീരം പരിശോധിച്ച ഫോറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ വെച്ചും കൊണ്ടുപോകുന്നതിനുമുമ്പും മകനെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ടതായി ശ്രീജിത്തിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനില്‍ വെച്ച് യുവാവ് വെള്ളം ചോദിച്ചപ്പോള്‍ പോലും അത് നല്‍കിയില്ല. പൊലീസിന്റെ അനാസ്ഥയും അഹന്തയും മൂലം ഒരേ സംഭവത്തില്‍ രണ്ടു പേരുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. വീടുകയറി ആക്രമിച്ചതുമായി ബന്ധപ്പെട്ട് മല്‍സ്യത്തൊഴിലാളി വാസുദേവന്റെ ആത്മഹത്യയെ തുടര്‍ന്നാണ് പത്തോളം യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതില്‍ ശ്രീജിത്തിനെ മാത്രം ഇത്ര കിരാതമായി മര്‍ദിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്താണ്? തങ്ങളല്ല കൊലക്കുത്തരവാദികളെന്ന ്സ്ഥാപിക്കാന്‍ പൊലീസ് ആദ്യം ഉന്നയിച്ച വാദം പ്രത്യേകാന്വേഷണ സംഘം തന്നെ നിസ്സാരപ്പെടുത്തിയിട്ടുണ്ട്. കാരണമില്ലാതെ അറസ്റ്റ്‌ചെയ്തതിനെ ശ്രീജിത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമെന്നാണ് അനുമാനിക്കേണ്ടത്.

സംഭവത്തില്‍ സി.ഐയും എസ്.ഐയും എ.എസ്.ഐയും സി.പി.ഒയും സസ്‌പെന്‍ഷന്‍ സ്വീകരിച്ചെങ്കിലും നാടിനെ നടുക്കിയ കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തുകയും വേണം. എന്നാല്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ടവരുടെയും മൗനം ഇക്കാര്യത്തില്‍ സംശയങ്ങള്‍ ജനിപ്പിച്ചിരിക്കുന്നു. ട്രാഫിക് പരിശോധനക്കിടെ കേരളത്തിന്റെ പല ഭാഗങ്ങളിലായി രണ്ടു പേര്‍ മരിക്കുകയും നിരവധി പേരെ പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ നാട് രോഷം കൊള്ളുന്നതിനിടെയാണ് ഊര്‍ജസ്വലനും ആരോഗ്യവാനുമായ യുവാവിനെ പൈശാചികമായ രീതിയില്‍ പിണറായിയുടെ പൊലീസ് കൊലക്ക് കൊടുത്തിരിക്കുന്നത്. പൊലീസ് സേനാംഗങ്ങള്‍ക്ക് ദിവസവും പ്രത്യേക വ്യായാമമുറ നടത്താന്‍ ഉത്തരവിറക്കി ദിവസങ്ങള്‍ക്കുള്ളിലാണ് യുവാവിനെ കൊലപ്പെടുത്തിയ പിണറായി-ബെഹ്്‌റ പൊലീസിന്റെ മനോവീര്യം കേരളം കണ്ടത്. മുമ്പ് നിലമ്പൂര്‍ കാട്ടില്‍ കണ്ട മാവോയിസ്റ്റുകളെ രായ്ക്കുരാമാനം വെടിവെച്ചുകൊന്ന പൊലീസിനെ കമ്യൂണിസ്റ്റുകാരനായ പിണറായി വിജയന്‍ ന്യായീകരിച്ചത് പൊലീസിന്റെ മനോവീര്യം തകരുമെന്നതിനാല്‍ അവരെ കുറ്റപ്പെടുത്തുന്നില്ലെന്ന് പറഞ്ഞായിരുന്നു. അമ്പോ, ഇങ്ങനെയാണ് പൊലീസിന്റെ മനോവീര്യം പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെങ്കില്‍ കേരളത്തിലെ യുവാക്കളുടെ ജീവനുകള്‍ ബാങ്കില്‍ പണയപ്പെടുത്തേണ്ടിവരും.

പൊതുജനത്തിന്റെ മുതുകത്ത് കയറി മേയാനുള്ളതല്ല കാക്കിയുടെ തോളില്‍ രാഷ്ട്രം വെച്ചുനീട്ടിത്തന്ന നക്ഷത്രങ്ങളെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആയിരത്തിലധികം ക്രിമിനലുകള്‍ വാഴുന്ന സേനയാണ് സാക്ഷര കേരളത്തിലേത്. കേരള പൊലീസിനെക്കുറിച്ച് അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. പൊലീസിനെ പ്രത്യേകിച്ചും അതിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പലരും വിചാരിച്ചുവശായിരിക്കുന്നത്. മോദിക്കുവേണ്ടി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥ പ്രമുഖനില്‍ നിന്ന് കേരളത്തിന്റെ സേനാതലപ്പത്തെത്തിയ ഐ.പി.എസ്സുകാരന് കേരളത്തെ സംഘ്പരിവാറിന്റെ തട്ടകത്തിലേക്ക് ആവാഹിച്ചുകൊടുക്കലാണ് ലക്ഷ്യമെന്ന പ്രചാരണം ശക്തമായിരിക്കുമ്പോഴും, സേനയുടെ മനോവീര്യം ചൂണ്ടിക്കാട്ടി കൊലകളെയും കൊല്ലാക്കൊലകളെയും ന്യായീകരിക്കുന്ന പിണറായിക്കും കൂട്ടര്‍ക്കും വിഷപ്പാമ്പിനെയാണല്ലോ പാലുകൊടുത്ത് വളര്‍ത്തിയതെന്ന് തിരിച്ചറിയാന്‍ അധിക നാളുകള്‍ ഇനിയില്ല. ഏറെക്കാലം താങ്ങിനടന്ന മറ്റൊരു ഐ.പി.എസ് ധാരിയെക്കൊണ്ട് പൊറുതിമുട്ടിയാണല്ലോ പറഞ്ഞതെല്ലാം വിഴുങ്ങി ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സസ്‌പെന്‍ഷനുകളുടെ വാറോലകള്‍ വീശിക്കൊണ്ടിരിക്കുന്നത്. യുവാക്കളുടെയും പൊതുജനങ്ങളുടെയും രക്തക്കറ കൊണ്ട് പങ്കിലമായ കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കാമെന്ന് ഇനിയും ധരിക്കുന്നെങ്കില്‍ അതൊരു മിഥ്യാസ്വപ്‌നം മാത്രമാകുമെന്ന് ഓര്‍മിപ്പിക്കട്ടെ.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending