സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും സമരം തുടങ്ങും. സെക്രട്ടേറിയറ്റിനു മുന്‍പില്‍ തന്നെയാണ് വീണ്ടും ശ്രീജിത്ത് സമരമിരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് ആരോപിച്ചു.രാവിലെ പത്തുമുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുക

കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരായതിനാല്‍ നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.നേരത്തെ, എഴുന്നൂറിലധികം ദിവസം പിന്നിട്ട സമരം സിബിഐ അന്വേഷണം തുടങ്ങിയതോടെ ബുധനാഴ്ച അവസാനിപ്പിച്ചിരുന്നു.തുടര്‍ന്നു നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം ഇന്നലെ വീട്ടിലേക്കു മടങ്ങി.

സമരത്തിന്റെ പേരില്‍ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവു നടത്തിയെന്നു ശ്രീജിത്ത് ആരോപിച്ചു. കൂട്ടായ്മയിലെ ഒരു വിഭാഗം മാനസികമായി ബുദ്ധിമുട്ടിച്ചു. ഒപ്പംനിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞു. മരണത്തില്‍ ഉത്തവാദികളായവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.