മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐ. പിണറായി മുണ്ടുടുത്ത മുസോളിനി എന്ന പരാമര്‍ശമാണ് വീണ്ടും സിപിഐ ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് പിണറായിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. പിണറായി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നും മന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കുന്നില്ലെന്നുമായിരുന്നു വിമര്‍ശനം. എറണാകുളം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി ഇ.ചന്ദ്രശേഖരനും അടക്കമുള്ള നേതാക്കളുടെ സാനിധ്യത്തിലാണ് പ്രതിനിധികള്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ചര്‍ച്ചയില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറിയായി പി.രാജു തുടര്‍ന്നേക്കും. ജില്ലാ കൗണ്‍സിലേക്ക് തെരഞ്ഞെടുപ്പിനുള്ള സാധ്യതയുമുണ്ട്. സിപിഐഎമ്മില്‍ നിന്ന് സിപിഐയിലെത്തിയ ടി.രഘുവരനെയും എം.ഡി.ആന്റണിയെയും ജില്ലാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തുന്നതിനും സാധ്യതയുണ്ട്.

അതേസമയം, സിപിഐയ്‌ക്കെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും വിമര്‍ശമുയര്‍ന്നു. സിപിഐയെ ചുമക്കേണ്ടതില്ലെന്ന നിലപാടായിരുന്നു പ്രതിനിധികള്‍ക്ക്. സിപിഐഎമ്മിനെ വിമര്‍ശിക്കുന്നത് കൊണ്ടാണ് കാനം രാജേന്ദ്രന്‍ വാര്‍ത്താ താരമായത്. ജില്ലാ സമ്മേളനങ്ങള്‍ നടത്താന്‍ സിപിഐ കൈവശമുള്ള വകുപ്പുകളെ ഉപയോഗിച്ചെന്നും ആരോപണമുയര്‍ന്നു.