എം.സ്വരാജ് എം.എല്‍.എ അഹങ്കാരത്തിന്റെ പ്രതിരൂപമെന്ന് സിപിഐ. അഹങ്കാരത്തിന്റെ പ്രതിരൂപമെന്നാണ് തൃപ്പൂണിത്തുറ എംഎല്‍എയായ എം.സ്വരാജിനെ സിപിഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. സിപിഐയുടെ വോട്ട് വേണം. പക്ഷേ പാര്‍ട്ടിയെ അംഗീകരിക്കാന്‍ സ്വരാജിന് പ്രയാസമാണ്. നിസാരവോട്ടിന് വിജയിച്ച കൊച്ചി എം.എല്‍.എ. കെ.ജെ.മാക്‌സിക്ക് ഇപ്പോള്‍ സിപിഐയെ കണ്ട ഭാവമില്ലെന്നും ജനജാഗ്രതയാത്രയുടെ സ്വീകരണസമ്മേളനത്തില്‍ നിന്ന് വിട്ടുനിന്ന് സിപിഐയെ അധിക്ഷേപിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ജില്ലയിലെ മറ്റ് സിപിഎം എംഎല്‍എമാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും വിമര്‍ശനമുണ്ട്. സിപിഐ മന്ത്രിമാര്‍ക്കെതിരെയും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. ജില്ലയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ വൈപ്പിന്‍ എം.എല്‍.എ എസ് ശര്‍മയ്ക്കും കോതമംഗലം എംഎല്‍എ ആന്റണി ജോണിനും വിമര്‍ശനമുണ്ട്.

ജില്ലയില്‍ പതിനൊന്ന് നിയമസഭ സീറ്റില്‍ മല്‍സരിക്കാനുള്ള അര്‍ഹത സിപിഎമ്മിനില്ല. ജിഎസ്ടി വിഷയത്തില്‍ തോമസ് ഐസക് സ്വീകരിച്ച നടപടികളെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.