വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തു. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളും എആര്‍ ക്യാമ്പിലെ സേനാംഗങ്ങളുമായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ വൈകിട്ട് ഏഴോടെ അറസ്റ്റ് ചെയ്തത്. മൂന്ന് പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തും. വൈകിട്ട് ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീജിത്തിന്റെ മരണം സംഭവിച്ച് ഒമ്പതാം ദിവസമാണ് പ്രതികളുടെ അറസ്റ്റുണ്ടാവുന്നത്. പ്രതികളെ ഇന്ന് വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിന് ശേഷം തിരിച്ചറിയല്‍ പരേഡ് നടത്തും. കഴിഞ്ഞ ആറിന് വരാപ്പുഴ ദേവസ്വംപാടം സ്വദേശി കെ.എം വാസുദേവന്‍ (54) മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഷേണായി പറമ്പില്‍ ശ്രീജിത്തിനെ (26) മറ്റു പ്രതികള്‍ക്കൊപ്പം ആര്‍.ടി.എഫ് സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ പൊലീസുകാരുടെ ക്രൂരമര്‍ദ്ദനമേറ്റ ശ്രീജിത്ത് ഒമ്പതിന് ആസ്പത്രിയില്‍ മരിച്ചിരുന്നു.