ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി. ജെ.പി തുടക്കമിട്ട പ്രതിമ തകര്‍ക്കല്‍ രാഷ്ട്രീയം രാജ്യവ്യാപകമാകുന്നു. തമിഴ്‌നാട്ടില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി രാമസ്വാമി (പെരിയാര്‍) യുടെയും ഉത്തര്‍പ്രദേശില്‍ ദളിത് നേതാവും ഭരണഘടനാ ശില്‍പിയുമായ ബി.ആര്‍ അംബേദ്കറുടേയും പ്രതിമകള്‍ തകര്‍ത്തു. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടിലും യു.പിയിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പശ്ചിമബംഗാളില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമക്കു നേരെയും ആക്രമണമുണ്ടായി. ത്രിപുരയില്‍ തന്നെ മറ്റൊരു ലെനിന്‍ പ്രതിമ കൂടി തകര്‍ക്കപ്പെട്ടിട്ടുണ്ട്.സബ്‌റൂമിലാണ് സംഭവം.

മീററ്റിലെ മവാനയിലാണ് അജ്ഞാതര്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ ദളിത് വിഭാഗക്കാര്‍ റോഡ് ഉപരോധിച്ചു. ജില്ലാ ഭരണകൂടം ഇടപെട്ട് പുതിയ പ്രതിമ സ്ഥാപിക്കാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഇന്നലെ പുലര്‍ച്ചെയാണ് പെരിയാറുടെ പ്രതിമക്കു നേരെ ആക്രമണമുണ്ടായത്. ത്രിപുര മാതൃകയില്‍ ജാതിഭ്രാന്തനായ പെരിയാറുടെയും പ്രതിമ തകര്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എച്ച് രാജ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു. പരാമര്‍ശത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ഖേദപ്രകടനവുമായി എച്ച് രാജ രംഗത്തെത്തി.

വെല്ലൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ ഇന്നലെ തമിഴ്‌നാട്ടിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. കോയമ്പത്തൂരിലെ ബി.ജെ.പി ഓഫീസിനു നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായി. സംഭവത്തില്‍ താന്തൈ പെരിയാര്‍ ദ്രാവിഡാര്‍ കഴകം (ടി.ഡി. പി.കെ) പ്രവര്‍ത്തകരായ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ആറ് വിദ്യാര്‍ത്ഥികളാണ് ആര്‍.എസ്.എസ് ആചാര്യനും ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘത്തിന്റെ സ്ഥാപകനുമായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതിക്ക് വിളിപ്പാടകലെയായിരുന്നു സംഭവം. അക്രമം തടഞ്ഞ തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രതികളെ പൊലീസീന് കൈമാറി.