ഡല്‍ഹി: പിപിഇ കിറ്റ് ധരിച്ച് ഡല്‍ഹിയിലെ ജ്വല്ലറി ഷോറൂമില്‍ മോഷണം. 13 കോടി വിലവരുന്ന 25 കിലോ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

മുഹമ്മദ് ഷെയ്ഖ് നൂറെന്ന പ്രതി പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ കെട്ടിടത്തിന്റെ ടെറസില്‍നിന്നാണ് മോഷ്ടാവ് ജ്വല്ലറിയിലേക്കു പ്രവേശിച്ചത്. ആയുധധാരികളായ അഞ്ച് ഗാര്‍ഡുകള്‍ ഷോറൂമിന് കാവലായിട്ട് ഉണ്ടായിരുന്നു. എന്നാല്‍ മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചതോ മോഷണം നടന്നതോ ഇവര്‍ അറിഞ്ഞില്ല.

സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതിനായി ഇയാള്‍ ഡെസ്‌ക്കുകള്‍ക്കു മുകളിലൂടെ കയറിയിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. കര്‍ണാടകയിലെ ഹുബ്ലിയില്‍നിന്നുള്ള പ്രതി ഓട്ടോറിക്ഷയിലാണ് സ്വര്‍ണം കടത്തിയത്.രാത്രി 9.30ന് കടയില്‍ പ്രവേശിച്ച ഇയാള്‍ പുലര്‍ച്ചെ മൂന്നോടെയാണ് ഇവിടം വിട്ടത്.