ഉദ്ധാരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ വല്ലപ്പോഴും നേരിടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കുന്നത് ഒട്ടും നല്ല സൂചനയല്ല. ഏതെങ്കിലും രോഗങ്ങളുടെ ലക്ഷണമായാകാം ഒരുപക്ഷേ ലൈംഗിക പ്രശ്‌നം ഉടലെടുക്കുന്നത്. അതല്ലെങ്കില്‍ നിയന്ത്രണാതീതമായ അളവില്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രതിസന്ധികള്‍ നേരിടുന്നത് മൂലമാകാം.

കാരണം ശാരീരികമോ മാനസികമോ ആകട്ടെ, അത് ശാസ്ത്രീയമായി തന്നെ കണ്ടെത്തേണ്ടതുണ്ട്. ഇന്ന്, മിക്കവരും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നത് ഇന്റര്‍നെറ്റിലൂടെയാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. അതല്ലെങ്കില്‍ അംഗീകാരമില്ലാത്ത ഏജന്‍സികളെ സമീപിക്കും.

ഈ പ്രവണതകളെല്ലാം പ്രശ്‌നത്തെ കൂടുതല്‍ മോശമാക്കുകയേ ഉള്ളൂ. ഉദ്ധാരണപ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചുകണ്ടാല്‍, അതോര്‍ത്ത് ഉത്കണ്ഠപ്പെടാതെ പെട്ടെന്ന് തന്നെ ഒരു ആന്‍ഡ്രോളജിസ്റ്റിനെയോ യൂറോളജിസ്റ്റിനെയോ കാണാം. അതല്ലെങ്കില്‍ അംഗീകൃത സെക്‌സോളജിസ്റ്റിനെ കാണാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അവര്‍ കണ്ടെത്തട്ടെ. തുടര്‍ ചികിത്സകളും ജീവിതരീതികളുമെല്ലാം അവര്‍ നിര്‍ദേശിക്കുന്ന പ്രകാരം തന്നെ ചെയ്യാം.

ഇതിനിടെ പ്രത്യേകം കരുതേണ്ട മറ്റൊരു കാര്യം, പങ്കാളിയുമായുള്ള ബന്ധമാണ്. അത് വിള്ളല്‍ വീഴാതെ കൊണ്ടുപോകാന്‍ കഴിയണം. മറ്റേത് വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പോലെ ലൈംഗിക പ്രശ്‌നങ്ങളെ കുറിച്ചും ധൈര്യപൂര്‍വ്വം പങ്കാളിയോട് തുറന്നുപറയണം. സ്ത്രീകള്‍ ഇത്തരം ഘട്ടങ്ങളില്‍ പങ്കാളിയോടൊപ്പം നില്‍ക്കുന്നത് പ്രശ്‌നങ്ങളെ എളുപ്പത്തില്‍ പരിഹരിക്കുന്നതിന് ഏറെ സഹായകമാകും. മാനസികമായ പിന്തുണ ഇത്തരം സാഹചര്യങ്ങളില്‍ വലിയ ഗുണം ചെയ്യുമെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നിത്യജീവിതത്തില്‍ ശരീരമോ മനസോ നേരിടുന്ന മറ്റേത് പ്രശ്‌നത്തേയും പോലെ തന്നെ ഇക്കാര്യങ്ങളേയും സമീപിച്ച് ശീലിക്കുക. പരിഹാരമോ ചികിത്സയോ ഒക്കെ ലഭ്യമായിരിക്കുമ്പോഴും നമ്മുടെ സമീപനം മാത്രമാണ് തിരിച്ചടിയാകുന്നതെന്ന് മനസിലാക്കുക.