ദുബൈ: ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവരുടെ ഹൃദയത്തില്‍ മറഡോണ എന്ന മാന്ത്രികന്‍ ഇടംപിടിച്ച് വര്‍ഷങ്ങള്‍ കുറേയേറെയായി. മലപ്പുറത്തുകാരുടെയും ചങ്കിടിപ്പാണ് മറഡോണ. അവിസ്മരണീയമായ ഒട്ടനേകം നിമിഷങ്ങള്‍ സമ്മാനിച്ച് ഡീഗോ നമ്മെ വിട്ട് പോകുമ്പോഴും ഡീഗോയുമായുള്ള മലപ്പുറത്തുകാരുടെ ബന്ധത്തിന് മറ്റൊരു കഥയുണ്ട്. ഒമ്പത് വര്‍ഷത്തിനിടെ മറഡോണ എപ്പോഴൊക്കെ ദുബൈയിലെത്തിയിട്ടുണ്ടോ, അപ്പോഴെല്ലാം ഡീഗോയുടെ കാറിന്റെ സാരഥിയായി താനൂര്‍ അയ്യായ നെല്ലിശേരി സുലൈമാനും കൂടെയുണ്ടാകും. 2011 ആഗസ്റ്റ് 11ന് തുടങ്ങിയ ബന്ധം മറഡോണയുടെ 60ാം പിറന്നാള്‍ വരെയും ഒരു കോട്ടവുമില്ലാതെ തുടര്‍ന്നു.

മറഡോണക്ക് വെറുമൊരു ഡ്രൈവര്‍ മാത്രമായിരുന്നില്ല സുലൈമാന്‍. വീടിനകത്തും പുറത്തും കളിക്കളത്തിലും സന്തതസഹചാരി. ഏത് പാതിരാത്രിക്കും വിളിച്ചുണര്‍ത്താന്‍ സ്വാതന്ത്ര്യമുള്ള സുഹൃത്ത്. 2011ല്‍ യു.എ.ഇയിലെ അല്‍വസല്‍ ക്ലബിന്റെ പരിശീലകനായെത്തിയപ്പോഴാണ് ഡീഗോയെ ആദ്യമായി പരിചയപ്പെടുന്നത്. ക്ലബിന്റെ ഡ്രൈവറായിരുന്ന സുലൈമാനായിരുന്നു മറഡോണയുടെ സാരഥിയാകാനുള്ള നിയോഗം. മാസങ്ങള്‍ക്കു ശേഷം മറഡോണ ക്ലബ് വിട്ടെങ്കിലും സുലൈമാനോടുള്ള ഇഷ്ടം മാത്രം കുറഞ്ഞില്ല. ദുബൈ സ്‌പോര്‍ട്‌സിന്റെ അംബാസഡറായി തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് സുലൈമാനെ ഡ്രൈവറായി നിയോഗിക്കണമെന്നായിരുന്നു. അങ്ങനെ, മറഡോണയുടെ ശമ്പളത്തില്‍ സുലൈമാന്‍ ഡ്രൈവിങ് തുടങ്ങി.

പാം ജുമൈറയില്‍ ഡീഗോക്കൊപ്പമായിരുന്നു താമസം. ടി.വിയില്‍ കളിയുള്ള ദിവസങ്ങളില്‍ എത്ര ഉറക്കത്തിലാണെങ്കിലും വിളിച്ചുണര്‍ത്തണം. സ്പാനിഷ് ഭാഷയിലാണ് സംസാരം. അറിയാവുന്ന ഭാഷയില്‍ സുലൈ മറുപടി നല്‍കും. അത്യാവശ്യഘട്ടങ്ങളില്‍ ട്രാന്‍സ്‌ലേറ്ററുടെ സഹായം തേടും. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും അടുത്തബന്ധം ഇപ്പോഴുമുണ്ട്. ഒരിക്കല്‍ സുലൈമാന്‍ പോലുമറിയാതെ മലപ്പുറത്തുള്ള കുടുംബത്തെ ദുബൈയിലെത്തിക്കാന്‍ ടിക്കറ്റെടുത്തത് അദ്ദേഹം ഇപ്പോഴും ഓര്‍മിക്കുന്നു. ഡീഗോയുടെ അഭിഭാഷകയെ വിമാനത്താവളത്തില്‍ എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ വിമാനം നഷ്ടപ്പെട്ടതും ജോലി പോകുമെന്ന് ഭയന്നതും ‘സാരമില്ല’ എന്ന് പറഞ്ഞ് മറഡോണ സമാധാനിപ്പിച്ചതും ഓര്‍മയില്‍ സൂക്ഷിക്കുന്നു.