ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച വിധി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വിധിയിലെ 25-ാം പാരഗ്രാഫിലെ പിഴവ് തിരുത്തണം എന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ട് തയ്യാറായെന്നും റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ചെന്നും ഉള്ള വാചകങ്ങള്‍ തിരുത്തണം എന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം.

ഇല്ലാത്ത സി.എ.ജി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ലെന്നും പി.എ.സി അത് കണ്ടിട്ടില്ലെന്നും പി.എ.സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പറഞ്ഞിരുന്നു. രാഹുലിന്റെ ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം.

അതേസമയം റഫാല്‍ അഴിമതിയാരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെ കുറിച്ച് അറ്റോര്‍ണി ജനറലിനെയും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയും വിളിച്ചു വരുത്തി വിശദീകരണം ചോദിക്കുമെന്ന് പി.എ.സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.