സിറിയന്‍ സൈനിക താവളത്തില്‍ അമേരിക്കയുടെ മിസൈല്‍ വര്‍ഷം സ്വാഗതാര്‍ഹമെന്ന് വിശേഷിക്കപ്പെടുമ്പോള്‍ തന്നെ പ്രത്യാഘാതം ദൂരവ്യാപകമെന്ന് വിലയിരുത്തപ്പെടുന്നതിനാണ് മുന്‍തൂക്കം. സോവിയറ്റ് യൂണിയനോടൊപ്പം കാലയവനികക്കുള്ളില്‍ വിസ്മൃതിയിലായ ശീതയുദ്ധം തിരിച്ചുവരുമോ എന്ന ആശങ്ക ഉയര്‍ത്തുന്നതാണ്, ആക്രമണവും തുടര്‍ന്നുണ്ടായ പ്രതികരണവും. സോവിയറ്റ് യൂണിയന്റെ ‘പിന്‍ഗാമി’യായ റഷ്യയുമായി അമേരിക്ക കൊമ്പുകോര്‍ക്കുന്ന സ്ഥിതി ലോക സംഘര്‍ഷം മൂര്‍ച്ഛിക്കും.

ആറു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ പ്രസിഡന്റ് ബശാറുല്‍ അസദിനോടൊപ്പമാണ് റഷ്യയും അമേരിക്കയുടെ ശത്രുപക്ഷത്തുള്ള ഇറാനും. ബശാറിന് എതിരായ പ്രതിപക്ഷത്തെ പിന്തുണക്കുന്നത് അമേരിക്കയുടെ നേതൃത്വത്തില്‍ തുര്‍ക്കി ഉള്‍പ്പെടുന്ന സഖ്യസേനയും. യുദ്ധരംഗത്ത് ഇരുപക്ഷവും ശക്തമായി നിലയുറപ്പിക്കുന്നു. യുദ്ധവും സമാധാന നീക്കവും മാറി മാറി പരീക്ഷിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല. അതിലിടക്ക്, സിറിയയുടെ രാസായുധ പ്രയോഗവും തിരിച്ചടിച്ചുള്ള അമേരിക്കയുടെ ആക്രമണവും സംഭവഗതികള്‍ സങ്കീര്‍ണമാക്കുന്നു. അതേസമയം, ഡോണാള്‍ഡ് ട്രംപിന് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ആക്രമണം സഹായകമായി. റഷ്യന്‍ ഏജന്റ് എന്ന വിമര്‍ശനത്തിന്റെ മുനയൊടിച്ച് ട്രംപ്, മധ്യ പൗരസ്ത്യദേശത്ത് നഷ്ടപ്പെട്ട അമേരിക്കയുടെ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ ബഹുദൂരം മുന്നോട്ട് പോയി. റഷ്യയും ഇറാനും മേഖലയില്‍ പുലര്‍ത്തിവന്ന സ്വാധീനം കൂടി തകര്‍ക്കുക വഴി ട്രംപിന്റെ നയതന്ത്ര നീക്കം വിജയകരമാവുകയാണ്. സിറിയന്‍ പ്രശ്‌നത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന തുടക്കത്തിലെ നയം മാറ്റിയെഴുതുകയാണ് ട്രംപ്. ബശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
മുന്‍ സോവിയറ്റ് യൂണിയനുമായി ഉണ്ടായ ശീതയുദ്ധം അവയുടെ തകര്‍ച്ചയോടെ അവസാനിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ബോറിസ് യെല്‍സിന്റെ നിയന്ത്രണത്തില്‍ റഷ്യന്‍ ഫെഡറേഷന്‍ നിലവില്‍ വരുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളുടെ ആശ്രിത രാജ്യമായി തീര്‍ന്നു. അത്രയധികം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു റഷ്യന്‍ ഫെഡറേഷന്‍. വഌഡ്മിര്‍ പുട്ടിന്‍ റഷ്യയില്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതി മാറി. ലോക രാഷ്ട്രീയത്തില്‍ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ പുട്ടിന്‍ ശക്തമായ നടപടി സ്വീകരിച്ചു. പാശ്ചാത്യ ശക്തികള്‍ക്ക് അരോചകമായ നീക്കം നടത്തുകയും ചെയ്തു. ക്രീമിയ, സിറിയ പ്രശ്‌നത്തില്‍ അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യനാടുകള്‍ റഷ്യന്‍ നിലപാടിന് എതിരാണ്. സിറിയയില്‍ ഇറാനുമായി സഹകരിച്ച്, ബശാറുല്‍ അസദിന്റെ ഭരണകൂടത്തെ സഹായിക്കുന്നു. അതേസമയം ഐ.എസ് ഭീകരരെ തുടച്ച് നീക്കുകയും അതോടൊപ്പം തന്നെ ബശാറുല്‍ അസദ് വിരുദ്ധ പ്രതിപക്ഷ സഖ്യത്തെ സഹായിക്കുകയുമായിരുന്നു ഇതേവരെ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും. എന്നാല്‍ റഷ്യയും ഇറാനും അസദ് ഭരണകൂടത്തെ സൈനികമായി സഹായിച്ചു. ഏത് നിമിഷവും തകര്‍ച്ച കാത്തിരുന്നവരെ അസദ് ഭരണകൂടത്തെ നിലനിര്‍ത്തിയതും പ്രതിപക്ഷ സൈനികരെ അടിച്ചമര്‍ത്തിയതും റഷ്യ-ഇറാന്‍ സൈനികരാണ്.
റഷ്യന്‍ പോര്‍ വിമാനങ്ങള്‍ പ്രതിപക്ഷ ശക്തികളില്‍ ബോംബ് വര്‍ഷിച്ച് ബശാറിന്റെ സൈനികര്‍ക്ക് വഴിയൊരുക്കി. ഐ.എസ് കേന്ദ്രങ്ങള്‍ക്ക് പുറമെ, പ്രതിപക്ഷ കേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞു. ഈ ഘട്ടങ്ങളില്‍ അമേരിക്കയും സഖ്യരാഷ്ടരങ്ങളും സൈനികമായി പ്രതിപക്ഷത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. ട്രംപ് അധികാരത്തില്‍ വന്നതോടെ നിലപാട് കടുപ്പിച്ചു. ബശാറിനെ പുറത്താക്കല്‍ നയമല്ലെന്നും ഐ.എസിനെ തുരത്തുകയാണ് പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ മാറ്റം വരുത്തി. പ്രതിപക്ഷ സ്വാധീന കേന്ദ്രമായ ഇദ്‌ലിബലില്‍ സിറിയന്‍ സൈന്യം കഴിഞ്ഞ ചൊവ്വാഴ്ച രാസായുധം പ്രയോഗിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചതത്രെ. 2013-2014 കാലത്ത് സമാന സംഭവം നടന്നിരുന്നു. ഇതേ തുടര്‍ന്ന് രാസായുധം മുഴുവന്‍ നശിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുത്തു. അവ ഫലപ്രദമായി നിര്‍വഹിക്കപ്പെട്ടില്ല. ഒരിക്കല്‍ കൂടി സ്വന്തം ജനതക്ക് മേല്‍ ബശാര്‍ സൈന്യം രാസായുധം പ്രയോഗിച്ചത് ലോകത്തെ നടുക്കി. സയനൈഡിനേക്കാള്‍ 20 ഇരട്ടി മാരകമായ ‘സരിന്‍’ ആണ് ഉപയോഗിച്ചത്. നിമിഷങ്ങള്‍ കൊണ്ട് നാഡീവ്യവസ്ഥ സ്തംഭിപ്പിക്കുന്ന അതിഭീകരമായ രാസായുധമാണ് ബശാര്‍ സൈന്യം പ്രയോഗിച്ചത്. 27 കുട്ടികളടക്കം 86 പേര്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തെ അപലപിക്കാന്‍ പോലും ഐക്യരാഷ്ട്ര രക്ഷാസമിതിക്ക് കഴിഞ്ഞില്ല. അമേരിക്കയുടെ സൈനിക നടപടി ഏകപക്ഷീയമായിരുന്നിട്ടും ചോദ്യം ചെയ്യാന്‍ എതിരാളികള്‍ക്ക് കഴിയാതെ പോകുന്നതും ആദ്യ സംഭവത്തെ അപലപിക്കാന്‍ യു.എന്‍ രക്ഷാസമിതി മുന്നോട്ട് വരാത്തത് കൊണ്ടാണ്. സിറിയക്ക് എതിരായ ആക്രമണത്തെ എതിര്‍ത്ത് റഷ്യയും ഇറാനും രംഗത്തുണ്ടെങ്കിലും കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വന്നില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയുടെ ആക്രമണമെന്ന ആക്ഷേപം വസ്തുതപരമാണ്. സമാന സ്ഥിതി തന്നെയാണല്ലോ രാസായുധ പ്രയോഗത്തിലൂടെ സിറിയന്‍ സൈന്യവും നടത്തിയത്. ഇറാഖ് അധിനിവേശം പോലെ അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തെ എതിര്‍ക്കാന്‍ കഴിയാതെ പോകുന്നത് ഇനിയും ദൂരവ്യാപകമായ പ്രത്യാഘാതം ക്ഷണിച്ച് വരുത്തും. ഡോണാള്‍ഡ് ട്രംപിനെ പോലെ. ‘വികാര ജീവി’ നയിക്കുന്ന അമേരിക്കയില്‍ നിന്ന് കൂടുതല്‍ ആക്രമണം പ്രതീക്ഷിക്കണം. ഉത്തരകൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെ വാളോങ്ങി നില്‍ക്കുന്ന ട്രംപിന്റെ അടുത്ത നടപടിയില്‍ പരക്കെ ഉത്കണ്ഠയുണ്ട്.
ആറ് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടയില്‍ നാലര ലക്ഷം പേര്‍ കൊല്ലപ്പെട്ടു. 76 ലക്ഷം പേര്‍ രാജ്യത്തിനകത്ത് തന്നെ അഭയാര്‍ത്ഥികളായി. 50 ലക്ഷം മറ്റ് രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായും കഴിയുന്നുണ്ട്. ജനസംഖ്യയില്‍ പകുതിയും കുടിയൊഴിപ്പിക്കപ്പെട്ടു. ഒരു വശത്ത് റഷ്യന്‍ സൈന്യവും മറുവശത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങളും സിറിയയെ തകര്‍ത്തു തരിപ്പണമാക്കി. 100 വര്‍ഷത്തിനകം പുനരുദ്ധാരണം കഴിയാത്തവിധം തകര്‍ന്നടിഞ്ഞ രാജ്യത്തെ സ്വന്തം ജനതയോടുള്ള അസദ് ഭരണകൂടത്തിന്റെ ക്രൂരത നിര്‍ത്തുന്നില്ല. ജനാധിപത്യ പ്രക്രിയയിലേക്ക് രാജ്യത്തെ നയിക്കാന്‍ നിരവധി ചര്‍ച്ച നടന്നു. റഷ്യയും അമേരിക്കയും തമ്മിലുള്ള വടംവലിയില്‍ ചര്‍ച്ച വഴിമുട്ടുന്നു. കസാഖ് തലസ്ഥാനത്ത് അസ്താഹയില്‍ റഷ്യയും തുര്‍ക്കിയും മുന്‍കൈ എടുത്ത് ചര്‍ച്ച നടക്കുന്നു. എല്ലാവരെയും ഒന്നിച്ചിരുത്തുവാന്‍ കഴിഞ്ഞതൊഴിച്ചാല്‍ ചര്‍ച്ചയില്‍ പുരോഗതിയൊന്നുമില്ല. പ്രശ്‌നത്തിന് അടിയന്തര പരിഹാരമില്ലെങ്കില്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട് ലോക സമൂഹം ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല.
അമേരിക്കയുടെ ആക്രമണത്തിന് ശേഷം അറബ് സമൂഹ മാധ്യമങ്ങള്‍ ട്രംപിന്റെ നടപടി ആഘോഷിക്കുകയാണത്രെ. അറബ്‌ലീഗിന്റെ പിന്തുണയും നടപടിക്കുണ്ട്. ബശാറിനെ താഴെ ഇറക്കല്‍ ആത്യന്തിക ലക്ഷ്യമല്ലെന്ന് കഴിഞ്ഞാഴ്ച യു.എന്നിലെ അമേരിക്കന്‍ ജനപ്രതിനിധി നിക്കിഹാലി വ്യക്തമാക്കിയിരുന്നുവെങ്കിലും പെട്ടെന്ന് നയം മാറ്റിയതില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് റഷ്യയും ഇറാനും ആരോപിക്കുന്നതില്‍ അപകടം പതിയിരിക്കുന്നു. ബശാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതിനെ വിമര്‍ശിക്കാതിരുന്ന ഇസ്രാഈലും അമേരിക്കയുടെ ആക്രമണത്തെ സ്വാഗതം ചെയ്ത് കാണുമ്പോള്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന വ്യാപ്തി വര്‍ധിച്ചു. ഇതിനേക്കാള്‍ ഏറെ മാരകമായ ആയുധങ്ങള്‍ ഫലസ്തീന്‍കാര്‍ ക്കു നേരെ പ്രയോഗിക്കുന്ന ഇസ്രാഈല്‍ അമേരിക്കയുടെ ആക്രമണത്തെ ന്യായീകരിക്കുന്നത് ദുഷ്ടലാക്കോടെയാണ്. സിറിയയുടെ തകര്‍ച്ച ഇസ്രാഈലിന്റെ ദീര്‍ഘകാല ലക്ഷ്യമാണ്. റഷ്യയുടെയും അമേരിക്കയുടെയും ബോംബറുകള്‍ ഈ ലക്ഷ്യത്തിലേക്ക് ബഹുദൂരം മുന്നോട്ട് പോയി. വെടിനിര്‍ത്തല്‍ പാലിക്കപ്പെടുകയും സമാധാനം തിരിച്ചു കൊണ്ടുവരാനും ഫലപ്രദമായ ചര്‍ച്ച എത്രയും വേഗം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.