ലണ്ടന്‍: ആതിഥേയരുടെ പ്രതീക്ഷകളത്രയും ചുമലിലേറ്റി പൊരുതി കളിച്ചു ആന്‍ഡി മുറെ. പക്ഷേ ശരീരം അദ്ദേഹത്തിന്റെ വഴിക്കായിരുന്നില്ല. പരുക്കില്‍ തളര്‍ന്ന അദ്ദേഹത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കന്‍ താരം സാം ക്വറി വിജയിച്ചു. സ്‌ക്കോര്‍ 3-6, 6-4, 6-7 (4-7)6-1,6-1. 2009 ല്‍ ആന്‍ഡി റോഡിക്ക് വിംബിള്‍ഡണ്‍ സെമി ഫൈനല്‍ കളിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ താരം ഒരു ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ സെമി ബെര്‍ത്ത് സ്വന്തമാക്കുന്നത്. തോല്‍വി കാരണം മുറെക്ക് ലോക ഒന്നാം നമ്പര്‍ സ്ഥാനവും നഷ്ടമാവും. അക്രമാസക്തനായിരുന്നു മല്‍സരത്തിന്റെ തുടക്കം മുതല്‍ യു.എസ് താരം. അദ്ദേഹം പായിച്ച 70 വിന്നറുകളില്‍ 30 ഉം നെറ്റിനടുത്തെത്തിയുള്ള മിന്നും ഷോട്ടുകളായിരുന്നു. 27 എയ്‌സുകളും അദ്ദേഹം പായിച്ചപ്പോള്‍ ആദ്യ സെറ്റിലെ ആവേശം നിലനിര്‍ത്താന്‍ നാട്ടുകാരുടെ പിന്തുണയിലും മുറെക്കായില്ല.