മലപ്പുറം: താനൂരില്‍ യുവാവിനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ബേപ്പൂര്‍ സ്വദേശി വൈശാഖ് (27) ന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നത്. സുഹൃത്തുക്കള്‍ തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുപത്തിയേഴുകാരനായ യുവാവിനെ താനൂരിലെ പിവിഎസ് തിയേറ്ററിന് അടുത്തുള്ള കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശാരിപ്പണിക്കായി താനൂരില്‍ എത്തിയതായിരുന്നു വൈശാഖ്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തതിനെ തുടര്‍ന്ന് ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. നേരത്തെയുള്ള പരിശോധനകളില്‍ മൃതശരീരത്തില്‍ പരിക്കുകള്‍ കണ്ടിരുന്നില്ല. അതിനാല്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാണെന്നായിരുന്നു പൊലീസ് നിരീക്ഷിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കളിലെത്തിച്ചേര്‍ന്നത്. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ വൈശാഖിനെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു.

പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ രീതിയില്‍ വേഗത്തില്‍ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്നും താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി പ്രമോദ് അറിയിച്ചു.