ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പിനാണ് ബിഹാര്‍ സാക്ഷ്യം വഹിക്കുന്നത്. കേവലം ഒരു സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നതിലുപരി, രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടമായി ഇത് മാറിയിരിക്കുന്നു. മഹാസഖ്യത്തിന്റെ മത്സരചിത്രം വ്യക്തമാവുകയും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) അധ്യക്ഷന്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും വികഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) കണ്‍വീനര്‍ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിക്കുകയും ചെയ്തതോടെ, എന്‍.ഡി.എയ്ക്കെതിരെ വ്യക്തമായ ഒരു ബദല്‍ രൂപപ്പെട്ടിരിക്കുകയാണ്. ഈ നീക്കം രാജ്യത്തെ മതേതര ശക്തികള്‍ക്ക് പകരുന്നത് വലിയ പ്രതീക്ഷയാണ്. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട എന്‍.ഡി.എ ഭരണത്തിന് കീഴില്‍ ബിഹാര്‍ ദരിദ്ര സംസ്ഥാനമായി തുടരുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണ്ണായകമായ ചര്‍ച്ചാവിഷയം. തൊഴിലില്ലായ്മ, സാമ്പത്തിക പിന്നാക്കാവസ്ഥ, തകര്‍ന്ന ആരോഗ്യ-വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍ ബി.ജെ.പി-ജെ. ഡി.യു സഖ്യത്തിന് ഉത്തരമില്ല. കാര്യമായ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനില്ലാതെ എന്‍.ഡി.എ സഖ്യം വിയര്‍ക്കുമ്പോള്‍, വ്യക്തമായ വികസന രൂപരേഖ മുന്നോട്ടുവെച്ചാണ് മഹാസഖ്യം ജനങ്ങളെ സമീപിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ സംസ്ഥാനത്ത് സഖ്യത്തിന് പകര്‍ന്ന ഊര്‍ജ്ജം ചെറുതല്ല. ഇത് കോണ്‍ഗ്രസ് വോട്ടുകള്‍ക്കപ്പുറം, ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള വലിയ വിഭാഗം ജനങ്ങളെ സഖ്യത്തോട് അടുപ്പിച്ചിട്ടുണ്ട്.
243 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള ഈ പോരാട്ടത്തില്‍ മഹാസഖ്യം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ തിരഞ്ഞെടുപ്പ് ഫലം നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഭാവിക്കും കനത്ത പ്രഹരമേല്‍പ്പിക്കാന്‍ പോന്നതായിരിക്കും. 2015-ല്‍ മഹാസഖ്യത്തിനൊപ്പം നിന്ന് ബി.ജെ.പിക്കെതിരെ ജനവിധി തേടുകയും പിന്നീട് അതേ ജനവിധിയെ വഞ്ചിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുകയും ചെയ്ത നിതീഷ് കുമാറിന്റെ ‘വിശ്വാസ വഞ്ചന’ ജനങ്ങള്‍ മറന്നിട്ടില്ല. ആ വഞ്ചനയ്ക്കുള്ള മറുപടി കൂടിയാകും ഈ തിരഞ്ഞെടുപ്പ്. മഹാസഖ്യത്തിന് ലഭിക്കുന്ന ഓരോ വോട്ടും അവസരവാദ രാഷ്ട്രീയത്തിനും മതേതര വിരുദ്ധ കൂട്ടുകെട്ടിനും എതിരായ താക്കീതായി മാറും.
നവംബറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം നവംബര്‍ 14-ന് പുറത്തുവരുമ്പോള്‍, അത് ബിഹാറിന്റെ മാത്രം വിധിയെഴുത്താകില്ല. ബിഹാറില്‍ മഹാസഖ്യം വിജയിച്ചാല്‍, അത് രാജ്യവ്യാപകമായി ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് ലഭിക്കുന്ന അത്തരമൊരു വിജയം, മതേതര ജനാധിപത്യ ഇന്ത്യയുടെ തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്തപ്പെടും. എങ്കിലും, ഈ പോരാട്ടം അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ കേന്ദ്ര ഭരണകൂടം സകല ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്ക ശക്തമാണ്. പണവും അധികാരവും മാധ്യമ സ്വാധീനവും ഉപയോഗിച്ച് ജനവിധി അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ അതിജീവിക്കുക എന്ന വലിയ വെല്ലുവിളി മഹാസഖ്യത്തിന് മുന്നിലുണ്ട്. ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് ജനഹിതത്തില്‍ മാത്രമല്ല, ആ ജനഹിതം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എത്രത്തോളം പ്രതിരോധിക്കാന്‍ സാധിക്കുന്നു എന്നതിലും കൂടിയായിരിക്കും. 22 വര്‍ഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്ത് നടത്തിയ പ്രത്യേക പരിഷ്‌കരണം (എസ്.ഐ.ആര്‍) പൂര്‍ത്തിയാക്കിയതിനു ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍നിന്ന് 48 ലക്ഷം ആളുകളാണ് പുറത്തായത്. എസ്.ഐ.ആറിനെ ചൊല്ലി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ ചൂടേറിയ വിവാദങ്ങളും നടന്നിരുന്നു. പൗരത്വ തെളിവ് ആവശ്യപ്പെട്ടതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പരമോന്നത കോടതി വരെ വിമര്‍ശിച്ചിട്ടുണ്ട്. ബിഹാര്‍ എസ്.ഐ.ആര്‍ ദശലക്ഷക്കണക്കിന് യഥാര്‍ഥ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു പ്രത്യേക വിഭാഗമാളുകള്‍ മാത്രമാണ് ഒഴിവാക്കപ്പെടുന്നത് എന്നതിനാലാണ് എസ്.ഐ.ആറിനെ സംശയിക്കുന്നത്. ബിഹാറിനു പിന്നാലെ രാജ്യത്താകമാനം എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതിനാല്‍ ബിഹാറിലെ ജനത തങ്ങളുടെ സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി മാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ സംരക്ഷിക്കാന്‍ കൂടിയാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.