മക്ക: കോവിഡ് മാനദണ്ഡങ്ങളില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും ഇട നല്‍കാതെ വിശുദ്ധനഗരമായ മക്ക. ഇതിന്റെ ഭാഗമായി വിശുദ്ധ ഗേഹമായ കഅബ ദിനം പ്രതി പത്തു തവണയാണ് ജീവനക്കാര്‍ സാനിറ്റൈസ് ചെയ്യുന്നത് എന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ചില്‍ കോവിഡ് ആരംഭിച്ചതു മുതല്‍ ശക്തമായ സുരക്ഷാ പ്രൊട്ടോകോളുകളാണ് സൗദി പാലിച്ചു പോരുന്നത്. ഇതോടെ അയ്യായിരം കടന്നിരുന്ന പ്രതിദിന കോവിഡ് കേസുകള്‍ ജൂണ്‍ മധ്യത്തോടെ നൂറായി ചുരുങ്ങിയിട്ടുണ്ട്.

സൗദിയുടെ നടപടികള്‍ ലോകാരോഗ്യസംഘടനയുടെയും ജി 20 ഉച്ചകോടിയുടെയും പ്രശംസയ്ക്ക് പാത്രമായിരുന്നു. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസ്മം സൗദി മാതൃകയെ ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ചത് എന്നാണ് വിശേഷിപ്പിച്ചത്.

അതിനിടെ, സൗദിയില്‍ വ്യാഴാഴ്ച 11 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 230 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. റിയാദില്‍ 78 പേര്‍ക്കും മക്കയില്‍ 42 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യ-29, മദീന-20, നജ്‌റാന്‍-6, ജസാന്‍-3 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍. സൗദിയില്‍ ഇതുവരെ 5930 പേരാണ് കോവിഡ് ബാധിച്ചത് മരിച്ചത്.