മാഡ്രിഡ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ മൂന്നു താരങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പിഎസ്ജിയുടെ ആറു താരങ്ങള്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇതുകൂടാതെ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടു താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ബ്രസീലിയന്‍ താരം മാര്‍ക്വീഞ്ഞോസ്, അര്‍ജന്റീനയുടെ സ്‌െ്രെടക്കര്‍ മൗറോ ഇകാര്‍ഡി, കോസ്റ്ററിക്കന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് എന്നിവരാണ് കോവിഡ് ബാധിച്ച പിഎസ്ജി താരങ്ങള്‍. കഴിഞ്ഞ ദിവസം നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രൊ പെരഡസ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം പത്തിന് ഫ്രഞ്ച് ലീഗ് വണ്‍ ആരംഭിക്കും. ഇതോടെ ആറു താരങ്ങള്‍ക്കും ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമാകും. ആദ്യം കോവിഡ് സ്ഥിരീകരിച്ച നെയ്മര്‍ ഉള്‍പ്പെടെയുള്ള മൂന്നു താരങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.

സ്പാനിഷ് സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റയ്ക്കും ഡിഫന്‍ഡര്‍ സാന്റിയാഗോ അരിയസിനുമാണ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ കോവിഡ് സ്ഥിരീകരിച്ചത്. പ്രീ സീസണ്‍ പരിശീലനത്തിനായി നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആയത്. ഇരുവര്‍ക്കും ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇവര്‍ ഐസൊലേഷനില്‍ പ്രവേശിച്ചുവെന്ന് ക്ലബ്ബ് വ്യക്തമാക്കുന്നു.