തൃശൂര്‍: ബി.ജെ.പി പ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശിയായ ജയകുമാറിനെ(44) ബി.ജെ.പി സംഘം ചവിട്ടിക്കൊന്നു. പൂങ്കുന്നം ഹരിനഗര്‍ കോലോത്തുംപറമ്പില്‍ മൂര്‍ത്തിയുടെ മകനാണ് ജയകുമാര്‍. മദ്യപിക്കുന്നതിനിടെയിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയകുമാറിനെ കൊലപ്പെടുത്തിയത്. തയ്യല്‍ത്തൊഴിലാളിയായ ജയകുമാര്‍ അവിവാഹിതനാണ്.

കഴിഞ്ഞ ഞായറാഴ്ച്ച പകലായിരുന്നു സംഭവം. ജയകുമാറുള്‍പ്പെടെയുള്ള സംഘം ഒരു പറമ്പില്‍ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരായ പ്രസാദ്, സഞ്ജു, സജി, കാര്‍ത്തിക് എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് ജയകുമാര്‍ മരിക്കുന്നതിന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വൈകുന്നേരം നാലുമണിയോടെ നാട്ടുകാര്‍ ജയകുമാറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി പത്തോടെ മരിക്കുകയായിരുന്നു. വയറിന് ചവിട്ടേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതായി പോലീസ് പറയുന്നു.