തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 8,10,14 തിയ്യതികളില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍.

നിയമസഭയ്ക്ക് മുമ്പുള്ള അഗ്നി പരീക്ഷ

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നത്. അതു കൊണ്ടു ഇടതു വലതു രാഷ്ട്രീയ സഖ്യങ്ങള്‍ക്കും ബിജെപിക്കും തദ്ദേശം അതിനിര്‍ണായകമാകുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചാല്‍ അത് പാര്‍ട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് തീര്‍ച്ചയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെ പ്രാദേശിക വിഷയങ്ങളാണ് സ്വാധീനിക്കുക. നിയമസഭകളില്‍ അത്തരം പ്രതിഫലനങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ വിജയം സമ്മാനിക്കുന്ന ഊര്‍ജത്തോടെ നിയമസഭയെ നേരിടാനാണ് പാര്‍ട്ടികള്‍ ശ്രമിക്കുക. അതു കൊണ്ടു തന്നെ ആവനാഴിയിലെ സകല ആയുധങ്ങളും ഇത്തവണ പാര്‍ട്ടികള്‍ പുറത്തെടുക്കുമെന്ന് ഉറപ്പ്.

മുന്നൊരുക്കങ്ങളില്‍ യുഡിഎഫ്

ജോസ് കെ മാണിയുടെ ഇടതുപക്ഷ പ്രവേശനത്തിന് ശേഷം യുഡിഎഫില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും മുസ്‌ലിം ലീഗും മികച്ച രീതിയില്‍ തന്നെ ധാരണയുമായി മുമ്പോട്ടു പോകുന്നു. ചര്‍ച്ചകള്‍ക്കായി യുഡിഎഫ് നേതാക്കള്‍ പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ജോസ് കെ മാണി ക്യാമ്പ് വിട്ടതോടെ മധ്യ തിരുവിതാംകൂറിലെ കേരള കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴുമെന്നത് തീര്‍ച്ചയാണ്. മലയോര മേഖലയിലെ പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകള്‍ എത്രമാത്രം ജോസ് കെ മാണിക്കു ലഭിക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. വിശേഷിച്ചും ബാര്‍കോഴ ആരോപണത്തില്‍ കെഎം മാണിയെ കടന്നാക്രമിച്ച പക്ഷത്തേക്കുള്ള ജോസിന്റെ പോക്ക് ഉണ്ടാക്കിയ അതൃപ്തി ചെറുതല്ല.

പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവര്‍

മലബാറില്‍ മുസ്‌ലിംലീഗ് ഒരു മുഴംമുമ്പു തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഏതാനും സ്ഥലങ്ങളില്‍ ഒഴിച്ചാല്‍ മിക്കയിടത്തും പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളായി. പ്രചാരണവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തദ്ദേശത്തില്‍ ആവര്‍ത്തിച്ച മികച്ച ജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് മുസ്‌ലിം ലീഗ്.

മലബാര്‍ മേഖലയില്‍ ജമാഅത്തെ ഇസ്‌ലാമി ഇത്തവണ ഇടതുപക്ഷത്തിന് ഒപ്പമില്ല എന്നതും എടുത്തു പറയേണ്ടതാണ്. മുന്നാക്ക സംവരണ വിഷയത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗവും ഇടതിന് എതിരാണ്. മലബാര്‍ മേഖലയില്‍ ഇവ രണ്ടും പ്രാദേശിക ഫലങ്ങളില്‍ സ്വാധീനം ചെലുത്തും.

പ്രതിസന്ധിയൊഴിയാതെ എല്‍ഡിഎഫ്

സ്വര്‍ണക്കടത്തില്‍ ആരംഭിച്ച ശനിദശ എല്‍ഡിഎഫ് സര്‍ക്കാറിനെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍
വരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം എത്തി എന്നതിലുണ്ട് സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ ആഴം.

കോവിഡ് മഹാമാരിയുടെ ആദ്യകാലത്തെ പിആര്‍ ജോലികള്‍ കൊണ്ട് ഭരണത്തുടര്‍ച്ച സ്വപ്‌നം കണ്ട സിപിഎമ്മിന് ഇടിത്തീ പോലെയാണ് സ്വര്‍ണക്കടത്ത് കേസ് തലയില്‍ വീണത്. മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കേസില്‍ വഴുതി വീണതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സംശയത്തിന്റെ നിഴലിലായി. വികസന പദ്ധതികളായ ലൈഫ് മിഷന്‍, കെ ഫോണ്‍, സ്മാര്‍ട് സിറ്റി പദ്ധതികള്‍ പോലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഈ കേസുകളുടെ ആദ്യഘട്ടത്തില്‍ ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിലപാടില്‍ മലക്കം മറിയുകയുണ്ടായി. സംസ്ഥാനത്ത് സിബിഐക്ക് കേസെടുക്കാനുള്ള പൊതു സമ്മത പത്രം പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സ്വര്‍ണക്കടത്ത്-ലഹരിക്കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കേന്ദ്രഏജന്‍സികളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത് എന്നതാണ് ശ്രദ്ധേയം.

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും

ഐടി വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ പ്രബലനായ സിഎം രവീന്ദ്രനെ കൂടി ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതോടെ സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനത്തില്‍ ശിവശങ്കറിനേക്കാള്‍ ഏറെ മുമ്പിലാണ് പാര്‍ട്ടി നോമിനിയായ രവീന്ദ്രന്‍. രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാം വിക്കറ്റാണ് എന്ന നേരത്തെ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇഡിയുടെ നീക്കങ്ങള്‍.

ബിനീഷിനെ ഇഡി തേടിയെത്തിയതോടെ പ്രതിസന്ധിയിലായത് കോടിയേരി ബാലകൃഷ്ണനാണ്. മകനെ തള്ളിയിട്ടുണ്ട് എങ്കിലും അതിന്റെ രാഷ്ട്രീയ ആഘാതം കോടിയേരിയെ തേടിയെത്തുമെന്ന് തീര്‍ച്ചയാണ്.

പ്രതിസന്ധികളില്‍ സിപിഎമ്മിന് കൂടെ നിന്ന സിപിഐ വയനാട്ടിലെ മാവോയിസ്റ്റ് കൊലപാതകത്തില്‍ സര്‍ക്കാറിനെതിരെ സംസാരിച്ചത് മുന്നണിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. താഴേത്തട്ടില്‍ ഇതിന്റെ ആഘാതങ്ങള്‍ വേണ്ടത്രയുണ്ടാകില്ല എങ്കിലും പൊരുത്തക്കേടുകള്‍ മുഴച്ചു തന്നെയിരിക്കും.

ഗ്രൂപ്പില്‍ ഉലഞ്ഞ് ബിജെപി

ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ 24 നേതാക്കള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചതാണ് ബിജെപിയിലെ ഏറ്റവും പുതിയ സംഭവവികാസം. കേന്ദ്രമന്ത്രി വി മുരളീധരന്‍ നേതൃത്വം നല്‍കുന്ന പക്ഷവും സുരേന്ദ്രന്‍ പക്ഷവും തമ്മിലാണ് ഉള്‍പ്പോര്. ശോഭ സുരേന്ദ്രനു പിന്നാലെ പിഎം വേലായുധനും കെപി ശ്രീശനും സുരേന്ദ്രനെതിരെ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തു വന്നു.

കെ സുരേന്ദ്രന്‍

അസംതൃപ്തരായി കഴിയുന്ന ജെആര്‍ പത്മകുമാര്‍, ബി രാധാകൃഷ്ണ മേനോന്‍, എന്‍ ശിവരാജന്‍ തുടങ്ങിയവര്‍ നേതൃത്വത്തിനെതിരെ രംഗത്തു വന്നേക്കും എന്ന സൂചനകളാണ് ബിജെപി ക്യാമ്പില്‍ നിന്നുള്ളത്. കൃഷ്ണദാസ് പക്ഷവും ആര്‍എസ്എസിലെ ഒരു വിഭാഗവും തദ്ദേശ തെരഞ്ഞെടുപ്പില്‍ നിസ്സഹരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.