മാഡ്രിഡ്: ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ച സമയത്ത് മെസിയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡിനുണ്ടായിരുന്ന സാധ്യതയെക്കുറിച്ച് മറുപടി നല്‍കി ജര്‍മന്‍ താരം ടോണി ക്രൂസ്. മെസിയെ റയല്‍ മാഡ്രിഡിന് ആവശ്യമുണ്ടായിരുന്നുവെന്ന് കരുതുന്നില്ലെന്നാണ് ക്രൂസ് ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. പരിശീലകനായ സിദാന്‍ റയല്‍ മാഡ്രിഡ് ടീമില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും റയലിന്റെ മുന്‍ താരമെന്ന പരിചയസമ്പത്ത് അദ്ദേഹം കോച്ചിങ്ങില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുമെല്ലാം ക്രൂസ് വെളിപ്പെടുത്തി.

‘മെസിയെ റയല്‍ മാഡ്രിഡിന് ആവശ്യമുണ്ടായിരുന്നുവെന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹം റയലിലേക്ക് വരുമെന്നും എനിക്ക് തോന്നുന്നില്ല. എന്നാല്‍ ഇത് പരസ്പബന്ധമുള്ള കാര്യങ്ങളാണ്. അദ്ദേഹത്തിന് റയല്‍ മാഡ്രിഡിലേക്ക് വരാന്‍ താല്പര്യമില്ലാത്തിടത്തോളം അങ്ങനൊരു നീക്കത്തിനു റയല്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല.’ സ്പാനിഷ് മാധ്യമം എഎസിനോട് ക്രൂസ് പറഞ്ഞു.

ജര്‍മനി വിടുമെന്ന് ഒരിക്കലും താന്‍ ചിന്തിച്ചിട്ടില്ലെന്നും 2014ലെ ലോകകപ്പിനു ശേഷം ബയേണുമായി കരാറിലെത്താന്‍ കഴിയാത്ത സമയത്ത് റയലിന്റെ ഓഫര്‍ വന്നപ്പോള്‍ അത് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ക്രൂസ് വ്യക്തമാക്കി. ഒരു ലോകകപ്പ് ജേതാവായി റയല്‍ മാഡ്രിഡിലെത്തിയത് സഹതാരങ്ങള്‍ മതിക്കാന്‍ കാരണമായെന്നും എന്നാല്‍ ആറു വര്‍ഷത്തിനിടെ മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും ക്രൂസ് പറഞ്ഞു