പതിറ്റാണ്ടുകള്‍ പഴക്കമുള്ള ശത്രുത അവസാനിപ്പിച്ച് ക്യൂബയുമായി സൗഹൃദം സ്ഥാപിച്ച മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയതന്ത്ര തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി.
ഒബാമ ഭരണകൂടം ക്യൂബക്ക് നല്‍കിയ വ്യാപാര, യാത്ര ഇളവുകള്‍ പിന്‍വലിക്കുന്നതായും ഉപരോധങ്ങള്‍ ചുമത്തുകയും ചെയ്യുമെന്ന് ഫ്‌ളോറിഡയിലെ മിയാമിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ക്യൂബയുമായി മുന്‍ ഭരണകൂടം ഉണ്ടാക്കിയ കരാര്‍ ഏകപക്ഷീയമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ തന്ത്രപ്രധാന നയതന്ത്ര, വാണിജ്യ ബന്ധങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ക്യൂബയുമായി സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വിലക്കുകള്‍ ശക്തമാക്കി യു.എസ് പ്രഖ്യാപിച്ച പുതിയ നടപടികളെ ക്യൂബ അപലപിച്ചു. പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചയും സഹകരണവും തുടരാന്‍ രാജ്യം സന്നദ്ധമാണെന്നും ക്യൂബന്‍ സ്‌റ്റേറ്റ് ടിവി പറഞ്ഞു. ക്യൂബയിലേക്കുള്ള യാത്രക്കും ഫണ്ട് അനുവദിക്കുന്നതിലുമാണ് ട്രംപ് നിയന്ത്രണം കൊണ്ടുവരുന്നത്. ക്യൂബയിലെ മനുഷ്യാവകാശ ധ്വംസനങ്ങളാണ് അദ്ദേഹം അതിന് ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങള്‍. യു.എസ്-ക്യൂബ ബന്ധത്തില്‍ ഒബാമയുടെ കാലത്ത് വലിയ പുരോഗതിണ്ടായിരുന്നു. ഹവാനയില്‍ ഒബാമ തുറന്ന യു.എസ് എംബസി തല്‍ക്കാലം അടക്കേണ്ടെന്നാണ് ട്രംപിന്റെ തീരുമാനം.
ഇരുരാജ്യങ്ങള്‍ക്കിടയില്‍ പുനരാരംഭിച്ച വാണിജ്യ വിമാന സര്‍വീസുകള്‍ തുടരും. 2009ല്‍ അന്നത്തെ പ്രസിഡന്റ് ഒബാമ യാത്രാ വിലക്കുകള്‍ നീക്കിയതോടെയാണ് ക്യൂബ-യു.എസ് സൗഹൃദം നാമ്പിട്ടത്. 2015 ജൂലൈയില്‍ രണ്ടു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളില്‍ എംബസികള്‍ തുറന്നു. 2016 മാര്‍ച്ചില്‍ ഒബാമ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ക്യൂബയില്‍ എത്തുകയും പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
യു.എസ് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചാല്‍ ഉപരോധം പിന്‍വലിക്കുമെന്ന് അദ്ദേഹം ക്യൂബക്ക് ഉറപ്പുനല്‍കിയിരുന്നു. അതേ വര്‍ഷം ഓഗസ്റ്റില്‍, അരനൂറ്റാണ്ടിനുശേഷം ആദ്യമായി യു.എസ് വിമാനം ക്യൂബയില്‍ എത്തി.