ഇസ്തംബൂള്‍: തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പൊതുതെരഞ്ഞെടുപ്പില്‍ ജനവിധിയെഴുതി. പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ആവേശത്തോടെയാണ് ജനം വോട്ട് രേഖപ്പെടുത്താനെത്തിയത്. കനത്ത സുരക്ഷയോടെയായിരുന്നു പോളിങിന്റെ തുടക്കം. ഇസ്തംബൂളില്‍ മാത്രം നാല്‍പതിനായിരത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നു.
തുര്‍ക്കിയുടെ ഏറ്റവും ശക്തനായ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അധികാരം നിലനിര്‍ത്താന്‍ പോരാടുമ്പോള്‍, അദ്ദേഹത്തെ താഴെ ഇറക്കുകയെന്ന ലക്ഷ്യം മാത്രമാണ് എതിരാളികള്‍ക്കുള്ളത്. തുര്‍ക്കിയെ ഇസ്‌ലാമിസ്റ്റ് പാതയിലേക്ക് കൊണ്ടുവന്ന ഉര്‍ദുഗാന് രാജ്യത്തിന്റെ അകത്തും പുറത്തും ശത്രുക്കളുണ്ട്.
പട്ടാള ജനറല്‍മാരുടെയും പാശ്ചാത്യ ലോകത്തിന്റെ സ്വന്തക്കാരുടെയും കുതന്ത്രങ്ങളില്‍നിന്ന് കുതറി മാറി ഭരണത്തില്‍ തുടരുന്ന ഉര്‍ദുഗാന്‍ വിജയിച്ചാല്‍ ജനാധിപത്യം ദുര്‍ബലമാകുമെന്നാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം. 2016 ജൂലൈയില്‍ പരാജയപ്പെട്ട പട്ടാള അട്ടിമറിക്കുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഫലം ആരുടെ കൂടെയാകുമെന്ന് തീര്‍ത്തുപറയാന്‍ ആരും ഒരുക്കമല്ല. 2019 നവംബര്‍ വരെ കാലാവധി ഉണ്ടായിട്ടും പാര്‍ലമെന്റില്‍ പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടെ ഉര്‍ദുഗാന്‍ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. കുര്‍ദുകളും മറ്റും ശക്തമായി രംഗത്തുള്ളതുകൊണ്ട് ഉര്‍ദുഗാന്റെ പാര്‍ലമെന്റ് മോഹങ്ങള്‍ തകരുമെന്ന് പറയുന്നവരും നിരവധിയാണ്. പാശ്ചാത്യ അനുകൂല റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി(സി.എച്ച്.പി))യുടെ മുഹറം ഐന്‍സില്‍നിന്നാണ് അദ്ദേഹത്തിന് പ്രധാന വെല്ലുവിളി. ഉര്‍ദുഗാന്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ തുര്‍ക്കി ഏകാധിപത്യ ഭരണത്തില്‍ അമരുമെന്നാണ് ഐന്‍സ് പ്രധാനമായും വോട്ടര്‍മാരോട് പറഞ്ഞിരുന്നത്. പരാജയപ്പെട്ട പട്ടാള അട്ടിമറിക്കുശേഷം തുര്‍ക്കി അടിയന്തരാവസ്ഥയിലാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 48 മണിക്കൂറിനകം അത് പിന്‍വലിക്കുമെന്നാണ് ഐന്‍സിന്റെ വാഗ്ദാനം. 2014ല്‍ പ്രസിഡന്റാകുന്നതിന് മുമ്പ് 11 വര്‍ഷത്തോളം പ്രധാനമന്ത്രി പദം അലങ്കരിച്ച ഉര്‍ദുഗാന്‍ വന്‍ പ്രതീക്ഷയിലാണ്. ഭരണനേട്ടങ്ങളും ഐന്‍സിന്റെ പരിചയക്കുറവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആയുധങ്ങള്‍. അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെ സമ്പദ്ഘടനക്ക് ഉത്തേജനം പകരുന്നതിന് പദ്ധതി തയാറാക്കിയതായും ഉര്‍ദുഗാന്‍ പറയുന്നു. ആറ് സ്ഥാനാര്‍ത്ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 50 ശതാമാനം വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമേ വിജയിക്കൂ. അത്രയും വോട്ടുകള്‍ ആര്‍ക്കും ലഭിച്ചില്ലെങ്കില്‍ ജൂലൈ എട്ടിന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ആദ്യത്തേയും രണ്ടാമത്തെയും സ്ഥാനാര്‍ത്ഥികള്‍ തമ്മിലായിരിക്കും രണ്ടാം ഘട്ടത്തില്‍ മത്സരിക്കുക.